തിരുവനന്തപുരം: കേരളം കാത്തിരുന്ന, മുഖ്യമന്ത്രി- പ്രതിപക്ഷ കസേരകൾ പരസ്പരം മാറുന്ന നേതാക്കളുടെ ഊഷ്മളമായ കൂടിക്കാഴ്ചക്ക് തിരുവനന്തപുരത്തെ പിണറായി വിജയന്റെ വസതി സാക്ഷ്യം വഹിച്ചു. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന് ഹൃദ്യമായ വരവേൽപ്പാണ് കാവൽ മുഖ്യമന്ത്രിയും കുടുംബവും നൽകിയത്. കഴിഞ്ഞ അഞ്ചുവർഷം സഭക്കകത്തും പുറത്തും പരസ്പരം പോരടിച്ച ജനനായകരുടെ കൂടിക്കാഴ്ച ഏറെ കൗതുകത്തോടെയാണ് ജനം വീക്ഷിച്ചത്. പിണറായി വിജയൻ ഭാര്യ കമല, മകൾ വീണ, മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം വീടിന് പുറത്തിറങ്ങിവന്ന് സതീശനെ സ്വീകരിച്ചു. സതീശനെ ഹസ്തദാനം ചെയ്ത് സ്വീകരിച്ച പിണറായി അദ്ദേഹത്തോടൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യാനും മറന്നില്ല. പിന്നീട് സതീശനെ കൈപിടിച്ച് വീട്ടിനകത്തേക്ക് ക്ഷണിച്ചു.
സൗഹൃദപരമായ അന്തരീക്ഷത്തിലായിരുന്നു ഇരു നേതാക്കളുടെയും കൂടിക്കാഴ്ച. ഗ്രീൻ ടീ കൊടുത്താണ് പിണറായിയും കുടുംബവും നിയുക്ത മുഖ്യമന്ത്രിയെ സ്വീകരിച്ചത്. സംഭാഷണത്തിന് ശേഷം ഇരുവരും വീടിന് പുറത്തുവന്ന് ഒരുമിച്ച് മാധ്യമങ്ങളെ കാണുകയും ചെയ്തു. എന്നാൽ പിണറായി വിജയൻ മാധ്യമങ്ങളോട് പ്രതികരിച്ചില്ല.
പരിണിത പ്രജ്ഞനായ രാഷ്ട്രീയ നേതാവാണ് പിണറായി വിജയനെന്നും കേരളത്തിന്റെ വികസനത്തിനായി ഒരുമിച്ച് നിൽക്കണമെന്നും അതിന് അദ്ദേഹത്തിന്റെ പൂർണ പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സതീശൻ പറഞ്ഞു. പിണറായി വിജയനെ സത്യപ്രതിജ്ഞക്ക് ക്ഷണിച്ചതായും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ സർക്കാരിന്റെ പദ്ധതികൾ മാറ്റില്ല, വിമർശിച്ച കാര്യങ്ങളിൽ മാറ്റം വരുത്തും. ഒരു സർക്കാരിന്റെ പദ്ധതി തുടർന്നുവരുന്ന സർക്കാർ ഉപേക്ഷിച്ചാൽ പിന്നെ കേരളം ഉണ്ടാകുമോ എന്നും അദ്ദേഹം ചോദിച്ചു.
പിണറായി വിജയനെ വീട്ടിലെത്തി കാണുമെന്ന് നേരത്തേ സതീശൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സതീശൻ സന്ദർശനം നടത്തിയത്. ശാസ്തമംഗലത്തെ അടൂർ പ്രകാശിന്റെ വീട്ടിൽ നിന്നാണ് ഇവിടേക്കെത്തിയത്. വി.കെ. പ്രശാന്ത്, കടകംപള്ളി സുരേന്ദ്രൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സി.പി.എം നേതാക്കൾ സന്ദർശനസമയത്ത് വീട്ടിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയായി സതീശനെ എ.ഐ.സി.സി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രതിപക്ഷ നേതാവായി പിണറായി വിജയനെയും സി.പി.എം തീരുമാനിച്ചിരുന്നു. സി.പി.എം സംസ്ഥാനസമിതിയിലാണ് തീരുമാനം കൈക്കൊണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.