വടകരയിൽ കാഫിർ സ്ക്രീൻഷോട്ട്, പേരാമ്പ്രയിൽ വർഗീയ അനൗൺസ്മെന്‍റ്; മറ്റാരുണ്ട് സി.പി.എം അല്ലാതെ,- രൂ‍‍ക്ഷവിമർശനവുമായി വി.ഡി. സതീശൻ

തിരുവനന്തപുരം: വടകര ലോക്സഭാ തിരഞ്ഞെടുപ്പിൽ സി.പി.എം നേതാക്കളുടെ അറിവോടെ പ്രചരിപ്പിച്ച 'കാഫിർ' സ്ക്രീൻഷോട്ടിന് സമാനമായ വർഗീയ അജണ്ടയാണ് പേരാമ്പ്രയിലും എൽഡിഎഫ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. ഫാത്തിമ തഹിലിയക്കെതിരെ എൽ.ഡി.എഫ് നടത്തിയ വർഗീയ അനൗൺസ്മെന്റ് ഇതിന്റെ തെളിവാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.

കാഫിർ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ച സിപിഎം-ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്ന് പറഞ്ഞ് പിണറായിയുടെ പോലീസ് കേസ് അവസാനിപ്പിച്ചു. തോൽവി ഉറപ്പായതോടെ അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുക എന്ന തന്ത്രമാണ് മുഖ്യമന്ത്രിയും സിപിഎമ്മും പയറ്റുന്നതെന്ന് സതീശൻ പറഞ്ഞു.

ജനവിരുദ്ധ സർക്കാരിന്റെ ഇരുണ്ട കാലത്തിനെതിരായ ജനവികാരത്തിൽനിന്ന് രക്ഷപ്പെടാൻ മതസ്പർധയും വർഗീയ ധ്രുവീകരണവും ഉണ്ടാക്കാമെന്നത് സിപിഎമ്മിന്റെ വ്യാമോഹം മാത്രമാണ്. സർക്കാരിനെ ഭരണത്തിൽനിന്ന് തൂത്തെറിയാൻ കേരളം കാത്തിരിക്കുകയാണെന്ന് എൽഡിഎഫ് മറക്കരുത്. പേരാമ്പ്രയിൽ സമൂഹത്തിൽ വർഗീയത കലർത്താൻ ശ്രമിച്ചവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മിഷൻ അടിയന്തരമായി കർശന നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂർണരൂപം

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തരവാദിത്തപ്പെട്ട സി.പി.എം നേതാക്കളുടെ അറിവോടെ നിര്‍മ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിര്‍ സ്‌ക്രീന്‍ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലിയക്കെതിരെ എല്‍.ഡി.എഫ് വര്‍ഗീയ അനൗണ്‍സ്മെന്റ് നടത്തിയത്. കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് പ്രചരിപ്പിച്ച സി.പി.എം ഡി.വൈ.എഫ്.ഐ നേതാക്കള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പോലീസ് കേസ് അവസാനിപ്പിച്ചു.

തോല്‍വി ഉറപ്പായതോടെ അധികാരം നിലനിര്‍ത്താന്‍ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സി.പി.എമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വര്‍ഗീയ പ്രചരണം. മതസ്പര്‍ധ വളര്‍ത്തിയും വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തില്‍ നിന്നും രക്ഷപ്പെടാമെന്നത് സി.പി.എം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സര്‍ക്കാരിനെ ഭരണത്തില്‍ നിന്നും തൂത്തെറിയാന്‍ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സി.പി.എമ്മും എല്‍.ഡി.എഫും മറക്കരുത്.

സമൂഹത്തില്‍ വര്‍ഗീയത കലര്‍ത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ അടിയന്തരമായി കര്‍ശന നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തയാറാകണം.

Tags:    
News Summary - VD Satheesan Slams CPM Over Perambra Communal Announcement Row; Equates it to Vadakara Kafir Screenshot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.