തിരുവനന്തപുരം: ബന്ദിനെയും ഹര്‍ത്താലിനെയും എതിര്‍ക്കുന്ന നിലപാടാണ് നേരത്തെ തന്നെ സ്വീകരിച്ചിട്ടുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസത്തെ പണിമുടക്ക് കേരളത്തില്‍ ബന്ദിനും ഹര്‍ത്താലിനും സമാനമായി. മനുഷ്യന്റെ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്ന ഒരു സമരപരിപാടികള്‍ക്കും എതിരായ നിലപാടാണ് പ്രതിപക്ഷത്തിന്റേത്.
പണിമുടക്കില്‍ ഇഷ്ടമുള്ളവര്‍ക്ക് പണിമുടക്കാം. ആരെയെങ്കിലും നിര്‍ബന്ധിച്ചോ ഭീഷണിപ്പെടുത്തിയോ പണിമുടക്കിപ്പിക്കുന്ന നിലപാടിനോട് യോജിപ്പില്ല. ബന്ധപ്പെട്ടവര്‍ക്ക് അതുസംബന്ധിച്ച നിർദേശം നല്‍കും. മാധ്യമ സ്ഥാപനത്തിലേക്ക് മാര്‍ച്ച നടത്തുന്നത് അസഹിഷ്ണുതയുടെ ഭാഗമായാണ്.
മാധ്യമങ്ങള്‍ എല്ലാവരെയും വിമര്‍ശിക്കുന്നുണ്ട്. എതിരായി വര്‍ത്ത വന്നാല്‍ മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലേക്ക് സമരം നടത്തുന്നതിനോട് യോജിക്കാനാകില്ല. ഐ.എന്‍.ടി.യു.സി നേതാക്കളുമായി ഇക്കാര്യം സംസാരിക്കും. നിലപാടില്‍ വെള്ളം ചേര്‍ക്കില്ല. ആശുപത്രിയില്‍ പോകേണ്ടെന്നും സ്‌കൂളില്‍ പേകേണ്ടെന്നും സംഘടിതരായി ആരും വന്ന് പറയുന്നതും ശരിയല്ല.
റോഡിലിറങ്ങുന്നവന്റെ കരണത്തടിക്കാനും തലയില്‍ തുപ്പാനും ആര്‍ക്കും സ്വാതന്ത്ര്യമില്ല. ഇതാണോ മുഖ്യമന്ത്രി പറയുന്ന നവകേരളം എന്ന് അദ്ദേഹം വ്യക്തമാക്കണം. ഇനി ഇത്തരം പണിമുടക്കുകള്‍ വന്നാല്‍ ഐ.എന്‍.ടിയുസിക്ക് കൃത്യമായ നിർദേശം നല്‍കും. ദേശീയ തലത്തിലുള്ള സമരമായതുകൊണ്ടാണ് ഇക്കാര്യത്തില്‍ നിർദേശം നല്‍കാതിരുന്നത്. ഇത്തരം സമരങ്ങള്‍ സാധാരണമാണ്.
എന്നാല്‍, സമരത്തിന്റെ പേരില്‍ തെരുവില്‍ ഇറങ്ങി ജനങ്ങളെ വെല്ലുവിളിച്ചാല്‍ അത് ഏത് ട്രേഡ് യൂനിയന്‍ ആയാലും അംഗീകരിക്കാനാകില്ല. പണിമുടക്ക് സമരം നടത്തിയത് കോണ്‍ഗ്രസല്ല. പണിമുടക്കിന് ഒരു പ്രശ്‌നവുമില്ല. അത് ബന്ദിലേക്കും ഹര്‍ത്താലിലേക്കും മാറുന്നതാണ് പ്രശ്‌നം. കോണ്‍ഗ്രസുകാരായ ആരെങ്കിലും ജനങ്ങള്‍ക്കു മേല്‍ കുതിര കയറിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകും.
കെ-റെയില്‍ ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പണി സി.പി.എമ്മുകാരും മന്ത്രിമാരും ചെയ്യേണ്ട കാര്യമില്ല. ആര് കല്ലിട്ടാലും അത് പിഴുതെറിയും. സുപ്രീം കോടതിയുടെയും ഹൈകോടതിയുടെയും വിധി വെറും സാങ്കേതികം മാത്രമാണ്. സര്‍വേസ് ആന്‍ഡ് ബൗണ്ടറീസ് ആക്ട് ആറാം വകുപ്പനുസരിച്ച് കല്ലിടണോ വേണ്ടയോ എന്ന പ്രശ്‌നം മാത്രമാണ് കോടതികള്‍ പരിശോധിച്ചത്.
ഞങ്ങളാരും കോടതിയില്‍ പോയിട്ടില്ല. എന്തായാലും പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ല. സമരം ശക്തമാക്കും. കല്ല് പിഴുത സ്ഥലങ്ങളില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കല്ലിടാന്‍ ശ്രമിച്ചാല്‍ അത് പിഴുതെറിയും. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട.
സാമൂഹിക ആഘാത പഠനത്തെ സംബന്ധിച്ച ഒരു സാങ്കേതിക വിഷയം മാത്രമാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടക്കലുമായി ബന്ധപ്പെട്ട സാമൂഹിക ആഘാത പഠനമാണ് സര്‍ക്കാര്‍ നടത്തുന്നത്. അത് എന്തിനാണ് മറച്ചുവെയ്ക്കുന്നത്. സാമൂഹിക ആഘാത പഠനത്തിന് വേണ്ടി കല്ലിടേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി തന്നെ പറഞ്ഞിട്ടുണ്ട്.
കെ-റെയില്‍ എന്ന പേരില്‍ കല്ലിടേണ്ട ആവശ്യമില്ല. എത്രയും വേഗത്തില്‍ സ്ഥലം ഏറ്റെടുത്ത് കേരളത്തെ പണയപ്പെടുത്തി ജൈയ്ക്കയില്‍ നിന്നും ലോണ്‍ എടുക്കാനും അതിലൂടെ അഴിമതിയുടെ വാതില്‍ തുറക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കേരളത്തെ പണയപ്പെടുത്താനാണ് ഈ ധൃതി. എല്ലാ സാമഗ്രികളും ജപ്പാനില്‍നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്.
പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നത്. പാരിസ്ഥിതിക ആഘാതമോ സമൂഹിക ആഘാതമോ പഠിക്കാതെ, എസ്റ്റിമേറ്റ് തയാറാക്കാതെയുള്ള തട്ടിക്കൂട്ട് ഡി.പി.ആറുമായാണ് സ്ഥലം ഏറ്റെടുക്കാനൊരുങ്ങുന്നത്. ഇവര്‍ക്ക് പദ്ധതിയെ കുറിച്ച് ഒരു ആശങ്കയുമില്ല. ലോണ്‍ ആണ് ഇവരുടെ പ്രശ്‌നം. ലോണുമായി ബന്ധപ്പെട്ടാണ് കോടികളുടെ അഴിമതി നടക്കാന്‍ പോകുന്നത്. ഇതിനു പിന്നാലെ കണ്‍സള്‍ട്ടന്‍സികളെ നിയമിച്ച് കൊണ്ടുള്ള തട്ടിപ്പും നടത്തും. ഒരു കാരണവശാലും കേരളത്തില്‍ ഇത് അനുവദിക്കില്ല.
എന്തു തടസ്സമുണ്ടായാലും പദ്ധതി നടപ്പാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. പിന്നെ എന്തിനാണ് സാമൂഹിക ആഘാത പഠനം നടത്തുന്നത്? റൈറ്റ് ടു ഫെയര്‍ കോമ്പന്‍സേഷന്‍ ആക്ടിന്റെ വകുപ്പുകള്‍ പ്രകാരമാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. സാമൂഹികാഘാതം താങ്ങാന്‍ പറ്റുന്നതിന് അപ്പുറമാണെങ്കില്‍ ഈ പദ്ധതി തന്നെ സര്‍ക്കാറിന് തള്ളിക്കളയാം. എന്നാല്‍, പഠനം നടത്തുന്നതിന് മുമ്പാണ് പദ്ധതി എന്തുവന്നാലും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ ഇപ്പോള്‍ നടക്കുന്ന സാമൂഹികാഘാത പഠനം പ്രഹസനവും ജനങ്ങളെ കബളിപ്പിക്കലുമാണ്. സര്‍വ സന്നാഹങ്ങളുമായി വന്നാലും ജനങ്ങളെ ചേര്‍ത്ത് നിര്‍ത്തി, ഈ സംസ്ഥാനത്തെ മുഴുവന്‍ ഇരകളാക്കി മാറ്റുന്ന ഈ പദ്ധതിയെ ചെറുത്ത് തോല്‍പ്പിക്കും. പദ്ധതിക്ക് വേണ്ടി ചെറുവിരല്‍ അനക്കാന്‍ സര്‍ക്കാറിനെ അനുവദിക്കില്ല. പദ്ധതി എന്താണെന്ന ധാരണ മന്ത്രിമാര്‍ക്കു പോലുമില്ല. സജി ചെറിയാന്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. അതിന്റെ നാണക്കേട് മറയ്ക്കാനാണ് ഇപ്പോള്‍ കല്ലിടാന്‍ നടക്കുന്നത്.
ലോകായുക്ത ഓര്‍ഡിനന്‍സില്‍ സി.പി.ഐയുടെ എതിര്‍പ്പില്‍ ആത്മാര്‍ത്ഥതയില്ല. സര്‍ക്കാറില്‍നിന്നും കിട്ടുന്ന എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റും. സര്‍ക്കാറിന് എതിരായ കാര്യങ്ങളെ പ്രതിപക്ഷത്തിനൊപ്പം നിന്ന് വിമര്‍ശിക്കും. എന്നാല്‍, കാര്യത്തോട് അടുക്കുമ്പോള്‍ രണ്ടുപേരും ഒന്നാകും. അവരുടെ വിശ്വാസ്യതയെ കുറിച്ച് സി.പി.ഐ തന്നെയാണ് ആലോചിക്കേണ്ടത്. ലോകായുക്ത ഓര്‍ഡിനന്‍സിനെ എതിര്‍ത്തിട്ട് മന്ത്രിസഭയില്‍ ഒന്നിച്ച് തീരുമാനം എടുത്താല്‍ അത് അവരുടെ വിശ്വാസ്യതയെയാണ് ബാധിക്കുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.