പാലക്കാട്: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത നടപടിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കോൺഗ്രസ് നടപടി സ്വീകരിച്ചതുപോലെ മറ്റേതെങ്കിലും പാർട്ടി നടപടിയെടുത്തിട്ടുണ്ടോയെന്നും വി.ഡി. സതീശൻ ചോദിച്ചു. പരാതി കിട്ടുന്നതിനെ മുമ്പേ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. പിന്നീട് കെ.പി.സി.സി പ്രസിഡന്റിന് പരാതി കിട്ടിയപ്പോൾ പാർട്ടിയിൽ നിന്ന് പുറത്താക്കി. രാഹുൽ എം.എൽ.എ സ്ഥാനം രാജിവെക്കാൻ ആവശ്യപ്പെടാനുള്ള അധികാരമില്ലന്നും വി.ഡി. സതീശൻ പറഞ്ഞു.
കാരണം അദ്ദേഹമിപ്പോൾ കോൺഗ്രസിലല്ല ഉള്ളത്. പാർട്ടിക്ക് പുറത്താണ്. ആ സാഹചര്യത്തിൽ രാജി ആവശ്യപ്പെടാൻ പാർട്ടിക്ക് കഴിയില്ല. നിയമം നിയമത്തിന്റെ വഴിക്കു പോകും. രാഹുലിനെ അയോഗ്യനാക്കാൻ പ്രമേയം കൊണ്ടുവന്നാൽ അപ്പോൾ ആലോചിക്കാമെന്നും വി.ഡി. സതീശൻ പറഞ്ഞു. പ്രാദേശിക പൊലീസിന് പോലും വിവരം നൽകാതെ അതീവ രഹസ്യമായാണ് മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുലിനെതിരെ അന്വേഷണസംഘം നീക്കം നടത്തിയത്.
എല്ലാ പഴുതുകളും അടച്ചാണ് അന്വേഷണ സംഘം ഇക്കുറി രാഹുലിനെ കുടുക്കിയത്. കാരണം ആദ്യ ബലാത്സംഗക്കേസിൽ രാഹുലിനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ വിചാരണ കോടതി ജാമ്യവും അനുവദിച്ചു. എസ്.ഐ.ടി മേധാവി പൂങ്കുഴലിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പാലക്കാട് എത്തിയതു മുതൽ പൊലീസ് രാഹുലിനെ രഹസ്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. രാഹുൽ പാലക്കാട്ടെ കെ.പി.എം ഹോട്ടലിൽ ഉണ്ടെന്ന് സ്ഥിരീകരിച്ചതോടെ കസ്റ്റഡിയിൽ എടുക്കാനുള്ള ഒരുക്കങ്ങളും തുടങ്ങി. ഷൊർണൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം ഹോട്ടലിലെത്തി. റിസപ്ഷനിലുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്തു. രാഹുലിന്റെ ഡ്രൈവറും സഹായിയും അടക്കം പുറത്തുപോയി എന്നുറപ്പാക്കിയതിനു ശേഷം അർധരാത്രി 12.15 ഓടെ രാഹുൽ താമസിച്ചിരുന്ന മുറിയിലെത്തി. ഡ്യൂപ്ലിക്കേറ്റ് കീ ഉപയോഗിച്ച് രാഹുലിന്റെ മുറിയിൽ കയറുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.