വിജിലൻസ് അന്വേഷണം വിരോധം തീർക്കാനെങ്കിൽ രാഷ്ട്രീയമായി നേരിടും -വി.ഡി. സതീശൻ

കൊച്ചി: മുൻ ഡ്രൈവർ പ്രശാന്ത് ബാബുവിന്‍റെ പരാതിയിൽ വിശദമായ അന്വേഷണത്തിന് വിജിലൻസ് ശിപാർശ ചെയ്ത സംഭവത്തിൽ കെ. സുധാകരന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജിലൻസ് അന്വേഷണം വിരോധം തീർക്കാനെങ്കിൽ രാഷ്ട്രീയമായി നേരിടുമെന്ന് സതീശൻ പറഞ്ഞു.

അന്വേഷണത്തിനെതിരായ നിലപാട് സുധാകരൻ ഇതുവരെ സ്വീകരിച്ചിട്ടില്ല. അന്വേഷണത്തോട് പൂർണമായി സഹകരിക്കും. കോൺഗ്രസും യു.ഡി.എഫും ശക്തിയാർജിക്കുമ്പോൾ അതിനെ തളർത്താൻ വേണ്ടി നടത്തുന്ന ശ്രമാണ് നടക്കുന്നത്. അതിനെ നേരിട്ട് കോൺഗ്രസ് മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു.

പുരാവസ്തു തട്ടിപ്പിനെ കുറിച്ച് അന്വേഷണം നടത്തുന്നതിന് പകരം കോൺഗ്രസ് നേതാക്കളെ അവഹേളിക്കുകയാണ് ചെയ്യുന്നത്. തട്ടിപ്പ് കേസിൽ ശക്തമായ നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. തട്ടിപ്പുകാരനുമായി ബന്ധപ്പെട്ട മന്ത്രിമാരുടെ ചിത്രങ്ങളുണ്ട്. എന്നാൽ, മന്ത്രിമാർക്കെതിരെ പ്രതിപക്ഷം ആരോപണം ഉന്നയിക്കുകയോ അന്വേഷണം ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

ആരോപണം ഉന്നയിച്ച വ്യക്തിയുടെ പശ്ചാത്തലം എന്താണെന്ന് മാധ്യമങ്ങൾ അന്വേഷിക്കണം. ആർക്കെതിരെയും എന്തും പറയാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ പോവുകയാണ്. അങ്ങനെയാണെങ്കിൽ കേരള രാഷ്ട്രീയം മലീമസമാകും. ഒരു തെളിവും ഇല്ലാതെ ആർക്കെതിരെയും ആരോപണം ഉന്നയിക്കാമെന്ന സ്ഥിതി ഉണ്ടാകാൻ പാടില്ലെന്ന നിലപാടുള്ളതെന്നും വി.ഡി. സതീശൻ വ്യക്തമാക്കി. 

Tags:    
News Summary - VD Satheesan React to Vigilance inquiry against K Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.