തിരുവനന്തപുരം: സംസ്ഥാനത്തെ ആർ.എസ്.എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്.
ആർ.എസ്.എസ് അതിന്റെ നൂറാം വാർഷികം പിന്നിടുമ്പോൾ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ഡി.വെ.എഫ്.ഐ കുറ്റപ്പെടുത്തി.
"കേരളത്തിലെ ചില ആർ.എസ്.എസ് നിയന്ത്രണത്തിനുള്ള സ്കൂളുകളിൽ ക്രിസ്മസ് ആഘോഷം വിലക്കാനുള്ള നീക്കം ഭരണഘടനാ വിരുദ്ധവും പ്രതിഷേധാർഹവുമാണ്. സ്കൂളുകളിലും മറ്റും എല്ലാവരും ഒരുമിച്ച് ആഘോഷിക്കുന്ന ക്രിസ്തുമസ് രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടയാളം കൂടിയാണ്. ഇത് വിദ്യാർഥികളിൽ മതേതര കാഴ്ചപ്പാടും പരസ്പര സൗഹൃദവും സഹവർത്തിത്വവും വളർത്താനാണ് ഇത്തരം ആഘോഷങ്ങൾ സംഘടിപ്പിക്കുന്നത്. നേരത്തെ ഓണാഘോഷത്തിന് എതിരെ പോലും ആർ.എസ്.എസ് രംഗത്ത് വന്നിരുന്നു. ഓണം ക്രിസ്മസ്,വിഷു,ബക്രീദ് തുടങ്ങിയ ആഘോഷങ്ങൾ എല്ലാവരും ചേർന്ന് ആഘോഷിക്കുന്ന നാടാണ് നമ്മുടേത്.
രാജ്യത്തിൻ്റെ മതനിരപേക്ഷതക്ക് എതിരായി നിൽക്കുന്ന വർഗീയശക്തികളായ സംഘപരിവാർ സംഘടനകൾ അതുകൊണ്ടുതന്നെ സ്കൂളുകളിലെ ക്രിസ്മസ് ആഘോഷത്തെ എതിർക്കുകയാണ്. അതിൻറെ ഭാഗമായാണ് ആർ.എസ്എസിന്റെ നിയന്ത്രണത്തിലുള്ള സ്കൂളുകളിൽ നിന്ന് ക്രിസ്മസ് ആഘോഷം പിൻവലിക്കാനുള്ള തീരുമാനം ഉണ്ടായത്. ആർ.എസ്.എസ് അതിൻ്റെ നൂറാം വാർഷികം പിന്നിടുമ്പോൾ രാജ്യത്ത് വർഗീയ വിഭജന രാഷ്ട്രീയം കൂടുതൽ ശക്തമാക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇത്തരത്തിലുള്ള വർഗീയ വിഷനിപ്തമായ ആഹ്വാനങ്ങളെ കേരള ജനത തള്ളിക്കളയണമെന്നും ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടു വരുമെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.