ഇരിട്ടി: അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്ത അംഗത്തോട് ഈശ്വരനാമത്തിൽ വീണ്ടും സത്യവാചകം ചൊല്ലണമെന്ന് ആവശ്യപ്പെട്ട് വരണാധികാരി. ഇരിട്ടി നഗരസഭയിലാണ് സംഭവം. ഇതോടെ വരണാധികാരിക്കെതിരെ പ്രതിഷേധമുയർന്നു.
നരയംപാറയിലെ എസ്.ഡി.പി.ഐ കൗൺസിലർ പി. സീനത്താണ് അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞയെടുത്തത്. സത്യവാചകം കഴിഞ്ഞ ഉടൻ വരണാധികാരിയും ജില്ല എംപ്ലോയ്മെന്റ് ഓഫിസറുമായ റെക്സ് തോമസ് അടുത്തെത്തി മാറ്റി ഈശ്വരനാമത്തിൽ നടത്തണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് കൗൺസിലർ ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞയെടുത്തു. ചടങ്ങ് പൂർത്തിയായ ഉടൻ മുൻ കൗൺസിലർ പി. ഫൈസൽ പ്രതിഷേധവുമായി വരണാധികാരിയുടെ മുന്നിലെത്തി. സമീപ പഞ്ചായത്തുകളിൽ അല്ലാഹുവിന്റെ നാമത്തിൽ നിരവധി അംഗങ്ങൾ സത്യവാചകം ചൊല്ലിയിട്ടുണ്ടെന്നും ഇരിട്ടിയിൽ മാത്രം എന്താണ് പ്രശ്നമെന്നും ചോദിച്ചു.
വരണാധികാരിയുടെ ഏകപക്ഷീയ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷണർക്കും ജില്ല കലക്ടർക്കും പരാതി നൽകുമെന്ന് കൗൺസിലർ പി. സീനത്ത് അറിയിച്ചു. കൂടാതെ, മുതിർന്ന അംഗം സത്യപ്രതിജ്ഞ ചെയ്ത ശേഷം റിട്ടേണിങ് ഓഫിസർ വേദിയിലിരിക്കാതെ സദസ്സിൽ വന്നിരിക്കുകയും അംഗങ്ങൾ വരണാധികാരി മുമ്പാകെ ഒപ്പിടേണ്ടതിന് പകരം മുതിർന്ന അംഗത്തിനു മുന്നിൽ ഒപ്പിടേണ്ടിവരുകയും ചെയ്തു.
റിട്ടേണിങ് ഓഫിസർ ക്രമവിരുദ്ധമായി പ്രവർത്തിച്ചുവെന്ന് ആരോപിച്ച്, സത്യപ്രതിജ്ഞക്ക് ശേഷം ചേർന്ന ഇരിട്ടി നഗരസഭ ആദ്യ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ പ്രതിഷേധം ഉയർത്തി. പി.എ. നസീർ, വി.പി. അബ്ദുൽ റഷീദ്, കെ.കെ. ഉണ്ണികൃഷ്ണൻ എന്നിവരാണ് യോഗത്തിൽ വരണാധികാരിയോടുള്ള എതിർപ്പ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.