ചിത്രപ്രിയയെ കൊന്നത് 22 കിലോയുള്ള കല്ലുകൊണ്ട് തലക്കടിച്ച്, നേരത്തേയും കൊല്ലാൻ ശ്രമിച്ചെന്ന് മൊഴി

കൊച്ചി: മലയാറ്റൂര്‍ ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പ്രതിയായ ആണ്‍സുഹൃത്തില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ ജീവനെടുത്തത് തലയില്‍ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടെന്നാണെന്ന് പൊലീസ് കണ്ടെത്തി. സംഭവസ്ഥലത്തെത്തി തെളിവെടുത്തപ്പോൾ കൊലപാതകം നടത്തിയ രീതി അലന്‍ പൊലീസിനോട് വിശദീകരിച്ചു.

കല്ലെടുത്ത് ചിത്രപ്രിയയുടെ തലക്കടിച്ച ശേഷം ബോധമറ്റ് വീണ പെണ‍കുട്ടിയുടെ തലയിൽ 22 കിലോ ഭാരമുള്ള കല്ല് എടുത്തിട്ടു. തല തകര്‍ന്നാണ് പെണ്‍കുട്ടി മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഈ കല്ല് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തിരുന്നു. കുറ്റകൃത്യത്തിന് ശേഷം അലൻ വേഷം മാറിയാണ് സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടത്. വസ്ത്രങ്ങളും ഷൂസും വണ്ടിയുമെല്ലാം മാറിയെന്നും പൊലീസ് പറഞ്ഞു. സുഹൃത്ത് എത്തിച്ച ബൈക്കിലാണ് പോയത്. സുഹൃത്തിനെക്കുറിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ചിത്രപ്രിയയെ കൊലപ്പെടുത്താന്‍ മുന്‍പും താന്‍ ശ്രമിച്ചിരുന്നതായും അലന്‍ പൊലീസിനോട് വെളിപ്പെടുത്തി. നേരത്തേ കാലടി പുഴയിലേക്ക് തള്ളിയിടാന്‍ ശ്രമിച്ചിരുന്നതായാണ് അലന്‍ പൊലീസിനോട് പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ അന്വേഷണസംഘം ബംഗളൂരുവിലേക്കും പോയിട്ടുണ്ട്.

അലനുമായി പലപ്പോഴും തര്‍ക്കങ്ങളുണ്ടായിരുന്നു. ചിത്രപ്രിയ ഫോണെടുക്കാത്തതിനെ ചൊല്ലി അലന് സംശയം ഉണ്ടായിരുന്നു. ബംഗളൂരുവില്‍ പഠിച്ചുകൊണ്ടിരിക്കുന്ന കോളജില്‍ ചിത്രപ്രിയക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിലാണ് ചിത്രപ്രിയയെ കൊലപ്പെടുത്തിയതെന്ന് അലന്‍ പൊലീസിന് നേരത്തെ നല്‍കിയ മൊഴിയിലുണ്ട്.

ബംഗളൂരുവില്‍ ഏവിയേഷന്‍ ഡിഗ്രി പഠിക്കുകയായിരുന്ന ചിത്രപ്രിയ ക്ഷേത്രത്തിലെ ഉത്സവത്തിനാണ് നാട്ടിലെത്തിയത്. വീട്ടില്‍ നിന്നും കടയിലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് ചിത്രപ്രിയ ഇറങ്ങിയതെന്ന് കുടുംബം പറഞ്ഞു.

ചിത്രപ്രിയയെ രണ്ടാഴ്ചമുന്‍പാണ് മരിച്ചനിലയില്‍ സെബിയൂര്‍ കൂരാപ്പിള്ളി കയറ്റത്തില്‍ ഗ്രൗണ്ടില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെയും ഷിനിയുടെയും മകളാണ് ചിത്രപ്രിയ. അടുത്തുള്ള കടയില്‍ സാധനം വാങ്ങാനായി വീട്ടില്‍ നിന്നിറങ്ങിയ ചിത്രപ്രിയ പിന്നീട് തിരിച്ചുവരാഞ്ഞതിനെ തുടർന്ന് കുടുംബം കാലടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ വ്യാപകമായ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ജീര്‍ണിച്ചുതുടങ്ങിയ മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

Tags:    
News Summary - Chitrapriya was killed by hitting her head with a 22 kg stone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.