മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ ലൈഫ് മിഷൻ കോഴയിൽ എന്തിന് സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നു -വി.ഡി സതീശൻ

തിരുവനന്തപുരം: വിവാദമായ ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ അറസ്റ്റിലായതിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒന്നാം പിണറായി സർക്കാറിനെ മൂടിവെക്കപ്പെട്ട അഴിമതികൾ ഓരോന്നായി പുറത്തുവരികയാണെന്ന് സതീശൻ പറഞ്ഞു.

സത്യം എപ്പോഴും മൂടിവെക്കാനാവില്ലെന്ന യാഥാർഥ്യമാണ് ഇപ്പോൾ തിരിച്ചറിയുന്നത്. ഒരു കോടി രൂപയുടെ കള്ളപ്പണ വെളപ്പിക്കൽ കേസ് മാത്രമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഗൾഫിലെ സ്ഥാപനത്തിൽ നിന്ന് ലഭിച്ച 20 കോടി രൂപയിൽ 9.25 കോടി രൂപയാണ് കൈക്കൂലിയായി മാറിയിട്ടുള്ളത്. 46 ശതമാനം കൈകൂലിയായി പോയതെന്നും ഇത്രയും വലിയ ശതമാന കണക്ക് രാജ്യത്ത് ആദ്യമാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

9.25 കോടി രൂപ കൈക്കൂലിയായി പേയെന്ന് പിണറായി സർക്കാറിനെതിരെ നിയമസഭയിൽ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിലൂടെ താൻ ഉന്നയിച്ചിരുന്നു. ലൈഫ് മിഷൻ കോഴക്കേസിലെ കേന്ദ്ര ബിന്ദുവാണ് ശിവശങ്കർ. ഒന്നും ഒളിക്കാനില്ലെങ്കിലും തട്ടിപ്പിൽ പങ്കില്ലെങ്കിലും പറയുന്ന സംസ്ഥാന സർക്കാറും മുഖ്യമന്ത്രി പിണറായി വിജയനും സി.ബി.ഐ അന്വേഷണത്തെ എന്തിനാണ് സുപ്രീംകോടതിയിൽ എതിർക്കുന്നത്.

സി.ബി.ഐ അന്വേഷണത്തെ എതിർക്കാൻ ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സുപ്രീംകോടതിയിൽ അഭിഭാഷകരെ വെച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ. കോഴ കേസിൽ മുഖ്യമന്ത്രി മൗനം പാലിച്ചാൽ പേരാ, മറുപടി പറയണം. മുഖ്യമന്ത്രിയുടെ സൗകര്യത്തിന് അനുസരിച്ച് കാര്യങ്ങൾ പറഞ്ഞാൽ പോരെന്നും സതീശൻ ചൂണ്ടിക്കാട്ടി.

പ്രതിപക്ഷവും ജനങ്ങളും ഉയർത്തുന്ന ചോദ്യങ്ങൾ ഉത്തരം പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. ഉത്തരം പറയാൻ സാധിക്കാത്ത ചോദ്യങ്ങൾ ഉയരുമ്പോൾ മിണ്ടാതിരിക്കുന്ന നയമാണ് മുഖ്യമന്ത്രി തുടരുന്നത്. മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധമെങ്കിൽ എന്തിന് ലൈഫ് മിഷൻ കോഴ സംബന്ധിച്ച സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നുവെന്നും സതീശൻ ചോദിച്ചു. 

Tags:    
News Summary - VD Satheesan react to Life mission scam and M Sivasankar arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.