തിരുവനന്തപുരം: യു.ഡി.എഫിന് ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വിജയത്തിന്റെ ക്രെഡിറ്റ് ടീം യു.ഡി.എഫിനാണ്. ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സി.പി.എം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനത്തിന്‍റെ ഗുണഭോക്താവായത് ബി.ജെ.പി. തദ്ദേശ വിജയത്തിലൂടെ ജനങ്ങള്‍ യു.ഡി.എഫിന് നല്‍കിയത് നിയമസഭ തെരഞ്ഞെടുപ്പില്‍ ജയിക്കാനുള്ള ശക്തിയാണ്. കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുന്ന ബദല്‍ പദ്ധതിയുമായി യു.ഡി.എഫ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും വാര്‍ത്താസമ്മേളനത്തിൽ വി.ഡി. സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്ത് പഞ്ചായത്ത് രാജ് നഗരപാലിക സംവിധാനം നിലവില്‍ വന്ന 1995 മുതല്‍ 2025 വരെ നടന്ന ഏഴ് തവണ തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളില്‍ ഏറ്റവും ഉജ്വലമായ വിജയം നേടി യു.ഡി.എഫ് കുതിക്കുകയാണ്. ഈ വലിയ വിജയം യു.ഡി.എഫിന് സമ്മാനിച്ച കേരളത്തിലെ ജനങ്ങളോട് ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും പ്രകാശിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം മുന്നോട്ടു വച്ച അജണ്ടയാണ് പ്രചരണത്തില്‍ ചര്‍ച്ചയായത്. സംസ്ഥാന സര്‍ക്കാരിനെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ഞങ്ങള്‍ അധികാരത്തില്‍ വന്നാല്‍ എന്ത് ചെയ്യുമെന്നതില്‍ കൃത്യമായ നിലപാട് സ്വീകരിക്കുകയും ചെയ്തു. കുറ്റപത്രവും മാനിഫെസ്റ്റോയും ഗൗരവത്തോടെ ജനങ്ങള്‍ ചര്‍ച്ച ചെയ്തു. അതേക്കുറിച്ച് ഞങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു.
എല്‍.ഡി.എഫിന് കനത്ത പരാജയമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായത്. 2020 ലെ തിരഞ്ഞെടുപ്പില്‍ 580 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന എല്‍.ഡി.എഫിന് അത് 345 ആയി കുറഞ്ഞു. യു.ഡി.എഫ് 340ല്‍ നിന്നും 500ലേക്ക് ഉയര്‍ത്തി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 111ല്‍ നിന്നും എല്‍.ഡി.എഫ് 68 ലേക്ക് കൂപ്പ് കുത്തിയപ്പോള്‍ യു.ഡി.എഫ് 40ല്‍ നിന്നും 77ലേക്ക് കുതിച്ചു. ജില്ലാ പഞ്ചായത്തുകളില്‍ എല്‍.ഡി.എഫ് 11 ല്‍ നിന്നും ഏഴിലേക്ക് പോയപ്പോള്‍ യു.ഡി.എഫ് മൂന്നില്‍ നിന്നും ഏഴിലേക്ക് വര്‍ധിച്ചു. നഗരസഭകളില്‍ എല്‍.ഡി.എഫ് 42-ല്‍ നിന്നും 28 ലേക്ക് താഴ്ന്നപ്പോള്‍ യു.ഡി.എഫ് 42-ല്‍ നിന്നും 54 ലേക്ക് കുതിച്ചു. അഞ്ച് കോര്‍പറേഷനുകള്‍ ഉണ്ടായിരുന്ന എല്‍.ഡി.എഫ് ഒന്നിലേക്ക് ചുരുങ്ങിയപ്പോള്‍ യു.ഡി.എഫ് ഒന്നില്‍ നിന്നും നാലിലേക്ക് ഉജ്വല വിജയം നേടുകയും രണ്ടു കോര്‍പറേഷനുകളില്‍ നിര്‍ണായകമായ നേട്ടങ്ങള്‍ കൈവരിച്ചു.
ഈ വലിയ വിജയത്തിന് കാരണം ടീം യു.ഡി.എഫാണ്. അതിന് നേതൃത്വം നല്‍കുന്ന കെ.പി.സി.സി കൃത്യമായി പാര്‍ട്ടിയെ ചലിപ്പിച്ചു. എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെ ഭാഗത്ത് നിന്നും നേതൃപരമായ സംഭാവനയുണ്ടായി. യു.ഡി.എഫിലെ എല്ലാ ഘടകകക്ഷികളും ഒറ്റപ്പാര്‍ട്ടിയെ പോലെയാണ് പ്രവര്‍ത്തിച്ചത്. യു.ഡി.എഫ് കുറെ പാര്‍ട്ടികളുടെ കൂട്ടായ്മ മാത്രമല്ല, അത് നിരവധി സാമൂഹിക ഘടകങ്ങള്‍ കൂടി ഉള്‍പ്പെടുന്ന പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായിരുന്നു. അത് തെളിയിക്കുന്നതാണ് ജനവിധി. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പുകളിലെയും തദ്ദേശ തെരഞ്ഞെടുപ്പുകളിലെയും വിജയത്തിന് കാരണം യു.ഡി.എഫ് പൊളിറ്റിക്കല്‍ പ്ലാറ്റ്‌ഫോമായി മാറി എന്നതാണ്.
സര്‍ക്കാരിനെ ജനങ്ങള്‍ വെറുത്തതാണ് എല്‍.ഡി.എഫ് പരാജയത്തിന്റെ പ്രധാന കാരണം. എല്ലാ സര്‍ക്കാരുകളോടും ജനങ്ങള്‍ക്ക് എതിര്‍പ്പുണ്ടായിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരായി പിണറായി സര്‍ക്കാര്‍ മാറി. സി.പി.എമ്മിന്റെ വര്‍ഗീയ നിലപാടുകളും അവരുടെ തോല്‍വിക്ക് കാരണമായി. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കാലത്ത് ന്യൂനപക്ഷ വര്‍ഗീയതയും അത് കഴിഞ്ഞപ്പോള്‍ ഭൂരിപക്ഷ വര്‍ഗീയതയുമായിരുന്നു എല്‍.ഡി.എഫിന്. പിണറായി വിജയന്‍ കൊണ്ടു നടന്ന പലരും വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിച്ചു. ബി.ജെ.പിയുടെ അതേ അജണ്ടയാണ് സി.പി.എം ചെയ്തത്. ബി.ജെ.പി ജനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിച്ച അതേ പാതയില്‍ സി.പി.എമ്മും സഞ്ചരിച്ചു. ഇന്ന് ബി.ജെ.പിക്ക് തിരുവനന്തപുരം ഉള്‍പ്പെടെ നേട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന് കാരണം സി.പി.എം കളിച്ച ഭൂരിപക്ഷ വര്‍ഗീയ പ്രീണനമാണ്. അതിന്റെ ഗുണഭോക്താവ് സി.പി.എമ്മല്ല, ബി.ജെ.പിയായിരുന്നു. ഇതേക്കുറിച്ച് യു.ഡി.എഫ് മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. 1987ല്‍ ഇ.എം.എസ് എടുത്ത് തന്ത്രം 2025ലും 26ലും വിലപ്പോകില്ല. 87ലെ തന്ത്രത്തിന് ഗുണമുണ്ടായെങ്കില്‍ ഇന്ന് അതിന്റെ ഗുണഭോക്താക്കളായി മാറുന്നത് വര്‍ഗീയ ശക്തികളായിരിക്കുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് അടിവരയിടുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.
സി.പി.എമ്മിന്റെ മുതിര്‍ന്ന നേതാവ് എം.എം മണി ജനങ്ങളെ ആക്ഷേപിക്കുകയാണ്. ക്ഷേമ പെന്‍ഷനൊക്കെ വാങ്ങി നന്നായി ശാപ്പാട് കഴിച്ച് നൈമിഷികമായ വികാരത്തില്‍ വോട്ട് ചെയ്‌തെന്നും ശാപ്പാട് കഴിച്ചവര്‍ ഞങ്ങള്‍ക്കിട്ട് വച്ചെന്നുമാണ് എം.എം മണി പറഞ്ഞത്. ആരെങ്കിലും ചായ വാങ്ങിത്തന്നാല്‍ മര്യാദ കാണിക്കണമെന്നുമാണ് എം.എം മണി കേരളത്തിലെ ജനങ്ങളെ അപമാനിച്ചിരിക്കുന്നത്. ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കളുടെ മനസിലിരുപ്പാണ്. ഒരു സി.പി.എമ്മുകാരന്റെയും വീട്ടില്‍ നിന്നല്ല ജനങ്ങള്‍ക്ക് ഔദാര്യം നല്‍കുന്നത്. സംസ്ഥാനത്തെ എല്ലാ വിഭാഗങ്ങളും നല്‍കുന്ന നികുതി പണത്തില്‍ നിന്നാണ് സര്‍ക്കാര്‍ ക്ഷേമപരിപാടികള്‍ നടത്തുന്നത്. ക്ഷേമപരിപാടികള്‍ നടത്തിയ ആദ്യ സര്‍ക്കാരല്ല ഇത്, ക്ഷേമ പരിപാടികളെ അട്ടിമറിച്ച സര്‍ക്കാരാണിത്. ഇവര്‍ കേരളത്തിന്റെ ഖജനാവിനെ തകര്‍ത്ത് തരിപ്പണമാക്കിയ സര്‍ക്കാരാണ്. എന്നിട്ടാണ് ഔദാര്യം കൈപ്പറ്റിയെന്നും ശാപ്പാട് കഴിച്ചെന്നും തിരിച്ച് പണിഞ്ഞെന്നും പറയുന്നത്. ഇതൊക്കെ സി.പി.എം നേതാക്കളുടെ മനസിലിരുപ്പാണ്.
തോല്‍പ്പിച്ച ജനങ്ങളോട് എത്ര അപമര്യാദയായാണ് സി.പി.എം പെരുമാറുന്നത്. ജനങ്ങള്‍ വലിയ വിജയം നല്‍കുമ്പോള്‍ കൂടുതല്‍ വിനയാന്വിതരായി അവരുടെ പ്രതീക്ഷക്കൊത്ത് ഉയരാനുള്ള ശ്രമം നടത്തുക എന്നതാണ് വിജയിക്കുന്നവരുടെ ഉത്തരവാദിത്തം. ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്തവും വിശ്വാസവും അവരുടെ പ്രതീക്ഷയ്ക്കും അപ്പുറത്തേക്ക് കേരളത്തെ വളര്‍ത്തിയെടുക്കാനും അത്തരമൊരു കേരളത്തെ സൃഷ്ടിക്കാനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും യു.ഡി.എഫ് മുന്‍പന്തിയിലുണ്ടാകും. കേരളത്തിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമായിരിക്കും ടീം യു.ഡി.എഫ്. വരാന്‍ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പെന്ന മഹായുദ്ധത്തിന് പുറപ്പെടുമ്പോള്‍ ജനങ്ങള്‍ നല്‍കിയ ഊര്‍ജ്ജമായി ഈ വിജയത്തെ കാണുന്നു. അടുത്ത മഹായുദ്ധത്തില്‍ വിജയിക്കാനുള്ള ശക്തിയാണ് ജനങ്ങള്‍ തന്നത്. അതിന് എല്ലാ വിഭാഗം ജനങ്ങളോടും തീര്‍ത്താല്‍ തീരാത്ത കടപ്പാടോട് കൂടിയ നന്ദി പ്രകാശിപ്പിക്കുന്നു.
സര്‍ക്കാരിനെതിരായ ജനവികാരത്തിനൊപ്പം യു.ഡി.എഫ് നേതാക്കളും ലക്ഷക്കണക്കിന് പ്രവര്‍ത്തകരും ആവേശത്തോടെ നടത്തിയ തയാറെടുപ്പും മുന്നൊരുക്കങ്ങളും ഈ വിജയത്തിന് കാരണമാണ്. ഈ വിജയം അവര്‍ക്ക് കൂടി സമര്‍പ്പിക്കുന്നു. കൃത്യമായ മുന്നൊരുക്കങ്ങളാണ് ഇത്തരമൊരു വിജയത്തില്‍ എത്തിച്ചത്. ഉപതിരഞ്ഞെടുപ്പുകളിലെ യു.ഡി.എഫിന്റെ വിജയത്തിന് പിന്നിലുള്ള രഹസ്യവും ഈ മുന്നൊരുക്കം തന്നെയാണ്. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തയാറെടുപ്പും യു.ഡി.എഫ് നേരത്തെ ആരംഭിച്ചു. വരാനിരിക്കുന്ന മാസങ്ങളില്‍ അത് കൂടുതല്‍ ശക്തമാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയം നേരത്തെയുണ്ടാകും. കൂട്ടായ നേതൃത്വാണ് അതൊക്കെ ചെയ്യുന്നത്.
തിരുവനന്തപുരം കോര്‍പറേഷനില്‍ യു.ഡി.എഫ് സീറ്റ് ഇരട്ടിയാക്കി. സി.പി.എം നേതാക്കളാണ് ഡീലിമിറ്റേഷനിലും വോട്ടര്‍പട്ടികയിലും ക്രമക്കേട് കാട്ടിയത്. സംസ്ഥാനത്ത് ഉടനീളെ ഇത് ചെയ്തു. തിരുവനന്തപുരത്ത് ബി.ജെ.പിക്ക് ജയിക്കാനുള്ള വഴിയൊരുക്കിക്കൊടുത്തത് സി.പി.എമ്മാണ്. തിരുവനന്തപുരം ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫും എല്‍.ഡി.എഫും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ജില്ലാ പഞ്ചായത്ത് കിട്ടാത്ത സ്ഥലങ്ങളിലെല്ലാം സീറ്റ് ഇരട്ടിയായി. കൊല്ലത്തും കോഴിക്കോടും എല്ലാ തിരഞ്ഞെടുപ്പിലും തോല്‍ക്കുന്ന സ്ഥലമാണ്. കോഴിക്കോട് കോര്‍പറേഷനില്‍ ഷനും ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കും. കൊല്ലം കോര്‍പറേഷന്‍ സി.പി.എം ഭരിക്കാന്‍ പോകുകയാണ്. അവിടെ സി.പി.എം മൂന്നാം സ്ഥാനത്താണ്. ഒരു കോര്‍പറേഷനിലും സി.പി.എമ്മിന് ഒറ്റക്ക് ഭൂരിപക്ഷമില്ല.
കേന്ദ്രമന്ത്രി തൃശൂര്‍ ക്യാമ്പ് ചെയ്തിട്ടും സി.പി.എമ്മിനും ബി.ജെ.പിക്കും കിട്ടിയതിനേക്കാള്‍ കൂടുതല്‍ സീറ്റ് യു.ഡി.എഫിനുണ്ട്. മധ്യതിരുവിതാംകൂറിലും അതി ശക്തമായ തിരിച്ചുവരവാണ് യു.ഡി.എഫ് നടത്തിയത്. തുടര്‍ച്ചയായി രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തോറ്റതിന് ശേഷമുള്ള യു.ഡി.എഫിന്റെ തിരിച്ചുവരവാണ്. മുന്നണിയില്‍ ഉണ്ടായ കക്ഷി അപ്പുറത്തേക്ക് പോയിട്ടും കോട്ടയത്ത് വന്‍മുന്നേറ്റമുണ്ടാക്കി. എറണാകുളം മലപ്പുറം ജില്ലകളില്‍ എതിരാളികളെ കാണാന്‍ പോലുമില്ല. ഒരു കക്ഷികളെയും ചെറുതായി കാണുന്നില്ല. ജയിക്കുമ്പോള്‍ ആരെയും ചെറുതായി കാണുകയോ അഹങ്കാരം പറയുകയോ ചെയ്യില്ല. തോല്‍ക്കുമ്പോള്‍ സി.പി.എമ്മിനെ പോലെ ചീത്തയും വിളിക്കില്ല. തോല്‍വി മാത്രം പഠിച്ചാല്‍ പോര, വിജയവും പഠിക്കണം. ഈ വിജയത്തെ കുറിച്ചും വിശദമായി പഠിക്കും.
യു.ഡി.എഫിന് തിളക്കമാര്‍ന്ന ജയം നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടാകില്ലെങ്കില്‍ ഞാന്‍ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞത് കേരളത്തിലെ ജനങ്ങളോട് പറഞ്ഞ വാക്കാണ്. ജീവിതത്തിലെ ഏറ്റവും അവസാനത്തെ പത്രസമ്മേളനവും നടത്തിയട്ടെ പോകും. എന്റെ കോണ്‍ഫഡന്‍സ് ടീം യു.ഡി.എഫാണ്. യു.ഡി.എഫിനെ അധികാരത്തില്‍ എത്തിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. ജനങ്ങളുടെ പ്രതീക്ഷകള്‍ സാക്ഷാത്ക്കരിക്കാനുള്ള ഹോം വര്‍ക്കിലാണ് യു.ഡി.എഫ്. എവിടെയെല്ലാം എല്‍.ഡി.എഫ് പരാജയപ്പെട്ടോ അവിടെയൊക്കെ യു.ഡി.എഫ് വിജയിക്കുമെന്ന കോണ്‍ഫിഡന്‍സുണ്ട്. തകര്‍ന്ന സമ്പദ് വ്യവസ്ഥ നന്നാക്കാനുള്ള ബദല്‍ പദ്ധതി യു.ഡി.എഫിനുണ്ട്. ഒരു കൊല്ലത്തിനകം കേരളം കുതിച്ചുയരും. കാര്‍ഷക രംഗത്തും ആരോഗ്യരംഗത്തും വിദ്യാഭ്യാസ രംഗത്തും പട്ടികജാതി വര്‍ഗ രംഗത്തും കാര്‍ഷിക പ്രശ്‌നങ്ങളിലും തീരദേശത്തെ സങ്കടങ്ങള്‍ക്കും കൃത്യമായ ബദല്‍ പദ്ധതികള്‍ യു.ഡി.എഫിനുണ്ട്. കേരളത്തില്‍ വലിയൊരു മാറ്റമുണ്ടാക്കുകയും എല്ലാ വികസന പ്രവര്‍ത്തനങ്ങളിലും ക്ഷേമ പ്രവര്‍ത്തനങ്ങളിലും അക്കൗണ്ടബിലിറ്റിയും അടിസ്ഥനപരമായ മാറ്റവും ഉണ്ടാക്കുന്ന പദ്ധതി ജനങ്ങള്‍ക്ക് മുന്‍പാകെ ജനുവരിയില്‍ അവതരിപ്പിക്കും.
ശബരിമലയിലെ സ്വര്‍ണക്കൊള്ള ഭക്തരെ മാത്രമല്ല ജനങ്ങളെ അമ്പരിപ്പിച്ചു. മുഖ്യമന്ത്രിയുമായി ബന്ധമുള്ള രണ്ട് സി.പി.എം നേതാക്കള്‍ ജയിലിലായിട്ടും അവര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലും സി.പി.എമ്മിന് ഭയമാണ്. അതൊക്കെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. അവിഹിത ബന്ധമുള്ളതു കൊണ്ട് ബി.ജെ.പി ശബരിമല വിഷയത്തില്‍ നിന്നും ഒളിച്ചോടി. അതൊരു വിഷയമെ അല്ലെന്നാണ് ബി.ജെ.പി നേതാക്കള്‍ പറഞ്ഞത്. തിരഞ്ഞെടുപ്പ് വരെ ചിലരെ ചോദ്യം ചെയ്യുന്നത് ഒഴിവാക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് എസ്.ഐ.ടിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. അത് കോടതി ശ്രദ്ധിക്കും.
2021-ല്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ 2500 ആക്കുമെന്ന് എല്‍.ഡി.എഫ് പറഞ്ഞു. എന്നിട്ടും നാലരക്കൊല്ലം ജനങ്ങളെ കബളിപ്പിച്ചു. എന്നിട്ട് തിരഞ്ഞെടുപ്പിന്റെ തലേദിവസം 400 രൂപ കൂട്ടി ജനങ്ങളുടെ സാമാന്യയുക്തിയെ വെല്ലുവിളിക്കുകയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.