‘കക്കൂസിലെ വെള്ളമാണോ പിണറായിയുടെ പൊലീസ് കുടിക്കാൻ കൊടുക്കുന്നത്’; രൂക്ഷ വിമർശനവുമായി വി.ഡി. സതീശൻ

ആലപ്പുഴ: മാല മോഷ്ടിച്ചെന്ന് ആരോപിച്ച് പേരൂർക്കട പൊലീസ് കസ്റ്റഡിയിലെടുത്ത ദലിത് യുവതിയോട് ശുചിമുറിയിലെ വെള്ളം കുടിക്കാൻ പറഞ്ഞ സംഭവത്തിൽ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പിണറായി വിജയൻ ആഭ്യന്തര മന്ത്രിയായിരിക്കുമ്പോൾ പൊലീസ് സ്റ്റേഷനിൽ ചെല്ലുന്നവർക്ക് കക്കൂസിലെ വെള്ളമാണോ കുടിക്കാൻ കൊടുക്കുന്നതെന്ന് സതീശൻ ചോദിച്ചു.

ഇടത് സർക്കാറിന്‍റെ നാലാം വാർഷികത്തിൽ തലസ്ഥാന നഗരിയിലാണ് ഈ സംഭവം നടന്നിട്ടുള്ളത്. വീട്ടുജോലി ചെയ്യുന്ന പാവപ്പെട്ട സ്ത്രീയെ 20 മണിക്കൂർ പീഡിപ്പിക്കുകയും അപമാനിക്കുകയും ചെയ്ത ശേഷം സ്റ്റേഷനിൽ നിന്ന് ഇറക്കിവിട്ടു. തെറ്റുകാരിയല്ലെന്ന് തെളിഞ്ഞിട്ടും പരാതിക്കാർ പരാതി പിൻവലിച്ചിട്ടും സ്ത്രീക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയും പരിസരത്ത് കണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഒരു രാത്രി മുഴുവൻ ഒരു സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ നിർത്തുന്നതാണോ സർക്കാറിന്‍റെ നടപടി. മുഖ്യമന്ത്രിയുടെ ഓഫിസിൽവെച്ചും സ്ത്രീ അപമാനിക്കപ്പെട്ടു. അപമാനകരമായ അനുഭവമാണ് മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയ ദലിത് സ്ത്രീക്കുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നീതി ഇതാണോ?. ഇതൊരു പ്രതീകം മാത്രമാണ്. നിരവധി വർഷമായി സംസ്ഥാനത്ത് നടക്കുന്ന പൊലീസ് ഭരണത്തിന്‍റെ നേർസാക്ഷ്യമാണ് സർക്കാറിന്‍റെ നാലാം വാർഷകത്തിൽ ബിന്ദുവിനുണ്ടായ സംഭവമെന്നും വി.ഡി. സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോൾ കടുത്ത ദുരനുഭവം നേരിട്ടെന്നാണ് ചുള്ളിമാനൂർ സ്വദേശിനിയായ ദലിത്‌ സ്ത്രീ ബിന്ദു പൊലീസ് ക്രൂരതയെ കുറിച്ച് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മാല മോഷ്ടിച്ചുവെന്ന് ആരോപിച്ച് തിരുവനന്തപുരം പേരൂർക്കട പൊലീസ് സ്റ്റേഷനിൽ 20 മണിക്കൂറോളം അപമാനം നേരിട്ടെന്നാണ് ബിന്ദു പറഞ്ഞത്. പൊലീസ് നടപടി സംബന്ധിച്ച് പരാതിപ്പെടാൻ മുഖ്യമന്ത്രിയുടെ ഓഫിസിൽ പോയപ്പോഴായിരുന്നു കടുത്ത അവഗണന നേരിട്ടത്. പരാതി വായിച്ചു നോക്കുക പോലും ചെയ്യാതെ അവഹേളിച്ചതായി അവർ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ ഓഫിസിൽ ഞാനും വക്കീലും കൂടിയാണ് പോയത്. പരാതി സാറിന്റെ കൈയിൽ കൊടുത്തു. സാർ അത് വായിക്കാതെ എടുത്തങ്ങോട്ട് ഇട്ടു. എന്നിട്ട് പറഞ്ഞു ‘മാല മോഷണം പോയാൽ വീട്ടുകാർ പരാതി കൊടുക്കും, അപ്പോൾ പൊലീസ് പിടിക്കും. ഇതൊക്കെ കോടതിയിലാണ് പറയേണ്ടത്’ എന്ന്. മുഖ്യമ​ന്ത്രിയുടെ ഓഫിസിലെ പി. ശശി എന്നയാളാണ് ഇതെന്ന് വക്കീൽ പറഞ്ഞു. പരാതി വായിച്ചൊന്നും നോക്കീല. കോടതിയൽ പോയി പറയാൻ പറഞ്ഞു’ -വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ ബിന്ദു പറഞ്ഞു.

ജോലി ചെയ്യുന്ന വീട്ടിലെ മാല കാണാതായതോടെ വീട്ടുകാർ ബിന്ദുവിനെതിരെ പരാതി നൽകുകയായിരുന്നു. തുടർന്ന് പേരൂർക്കട സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരാണ് ബിന്ദുവിനെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്ത് സ്റ്റേഷനിൽ തടങ്കലിൽ പാർപ്പിച്ചത്. പെണ്മക്കളെ കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോൾ ചെയ്യാത്ത കുറ്റം സമ്മതിക്കേണ്ടി വന്നു. വസ്ത്രം ഉരിഞ്ഞ് പരിശോധിക്കുകയും കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ ശുചിമുറിയിലെത്തി കുടിച്ചുകൊള്ളാൻ പറയുകയും ചെയ്തതായി ബിന്ദു പറഞ്ഞു.

ഒടുവിൽ മാല കിട്ടിയ വിവരം വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ടും ഇക്കാര്യം പൊലീസ് ബിന്ദുവിനോട് പറഞ്ഞില്ല. വീട്ടുകാർ പരാതിയി​ല്ലെന്ന് പറഞ്ഞെന്നും അതുകൊണ്ട് വിട്ടയക്കുന്നു​വെന്നുമാണ് പൊലീസ് ബിന്ദുവിനോട് പറഞ്ഞത്. ഇനി മുതൽ കവടിയാറിലും പരിസരത്തും കണ്ടുപോകരുതെന്ന് പറഞ്ഞാണ് തന്നെ പൊലീസ് ഇറക്കിവിട്ടതെന്നും ബിന്ദു പറഞ്ഞു.

Tags:    
News Summary - VD Satheesan react to dalit atrocity case in peroorkada police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.