കൃത്യമായ ബോധ്യം, ഉറച്ച നിലപാടുകൾ... കൈയടികൾക്കിടയിലൂടെ വി.ഡി. സതീശനെത്തു​​​​​േമ്പാൾ

കോൺഗ്രസിൽ തലമുറമാറ്റത്തിന്​ വഴിയൊരുങ്ങുന്നു​െവന്ന സൂചന നൽകി വി.ഡി. സതീശൻ പ്രതിപക്ഷ ​േനതാവിന്‍റെ റോളി​ലേക്കെത്തു​േമ്പാൾ പാർട്ടിയിലെയും മുന്നണിയിലെയും ബഹുഭൂരിപക്ഷം ആളുകൾക്കും അത്​ അനൽപമായ ആഹ്ലാദം നൽകുന്നുവെന്നതു തന്നെയാണ്​ ആ മികവിന്‍റെ സാക്ഷ്യപത്രം. കഴിഞ്ഞ കാലങ്ങളിൽ സംസ്​ഥാന രാഷ്​ട്രീയത്തിലെ സുപ്രധാന സംഭവങ്ങളിൽ കൃത്യമായ ബോധ്യത്തോടെ ഇടപെടുകയും ഉറച്ച നിലപാടുകൾ പ്രഖ്യാപിക്കുകയും ചെയ്​ത സതീശൻ നിയമസഭാ സാമാജികൻ എന്ന നിലയിലും ഉന്നതസ്​ഥാനീയനായിരുന്നു. എതിരാളികളെ മുട്ടുകുത്തിക്കുന്ന വാക്​ചാതുരിയും കൃത്യമായ വാദമുഖങ്ങളുമായി സഭയിലും പുറത്തും നിറഞ്ഞുനിൽക്കുന്ന സതീശൻ പ്രതിപക്ഷ നേതാവാകുന്നതോടെ കോൺഗ്രസിനും ഐക്യമുന്നണിക്കും അതു നൽകുന്ന ഉണർവ്​ ഏറെയായിരിക്കും.

കേവലനേട്ടങ്ങൾക്കുവേണ്ടി സമുദായങ്ങൾക്കിടയിൽ ധ്രുവീകരണം നടത്താൻ ആളുകൾ കൊണ്ടുപിടിച്ചു ശ്രമിക്കുന്ന കാലത്ത്, ​ കറകളഞ്ഞ മതേതരവാദിയെന്നതാണ്​ സതീശനെ വേറിട്ടുനിർത്തുന്നത്​. ഇക്കാലമത്രയും വർഗീയതക്കെതിരെ സന്ധിയില്ലാത്ത സമരമുഖങ്ങളിൽ നിലയുറപ്പിച്ച അദ്ദേഹം, അതുകൊണ്ടുതന്നെ എല്ലാവർക്കും സ്വീകാര്യനാണെന്നതും ഈ സ്​ഥാനനേട്ടത്തിലും മുന്നോട്ടുള്ള വഴികളിലും നിർണായകഘടകമാകുന്നു.


സർക്കാറുമായി നിരന്തര ഏറ്റുമുട്ടലുകൾക്കപ്പുറത്ത്​ ക്രിയാത്​മകമായിരിക്കും നിലപാടെന്ന്​ പ്രഖ്യാപിച്ചാണ്​ സതീശൻ സ്​​ഥാനമേറ്റെടുക്കുന്നത്​. പിന്തുണ നൽകേണ്ട അവസരങ്ങളിൽ സർക്കാറിനൊപ്പം പൂർണ മനസ്സോടെ നിലയുറപ്പിക്കും. അതേസമയം, തെറ്റുകൾക്കെതിരെ വിട്ടുവീഴ്​ചയില്ലാത്ത കാർക്കശ്യം കാട്ടുമെന്നും അദ്ദേഹം പറയു​േമ്പാൾ കേരളത്തിന്‍റെ രാഷ്​ട്രീയക്കളരിയിൽ കണ്ടുപരിചയമില്ലാത്ത, പക്വമുള്ള നിലപാടാണ്​ അതെന്ന കൈയടികൾക്കിടയിലൂടെയാണ്​ വടശ്ശേരി സതീശൻ പ്രതിപക്ഷത്തിന്‍റെ നായകസ്​ഥാനത്തേക്ക്​ നടന്നുകയറുന്നത്​. 


കോൺഗ്രസിന്‍റെ വിദ‍്യാർഥി പ്രസ്ഥാനമായ കെ.എസ്.യുവിലൂടെയാണ് വി.ഡി. സതീശന്‍റെ രാഷ്ട്രീയ പ്രവേശനം. തേവര സേക്രട്ട് ഹാർട്ട്​ കോളജിലെ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. 1986-87 കാലത്ത് എം.ജി സർവകലാശാല യൂണിയൻ വൈസ് ചെയർമാനായി. എൻ.എസ്.യു ദേശീയ കമ്മിറ്റി സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്.


2001ലെ തെര​ഞ്ഞെടുപ്പിൽ പറവൂരിൽ നിന്ന്​ വിജയിച്ച്​ കന്നിയംഗമായി നിയമസഭയിലെത്തി. 2006ലും 2011ലും 2016ലും വിജയം ആവർത്തിച്ചു. 2021ലെ തെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടി. പന്ത്രണ്ടാം നിയമസഭയിൽ കോൺഗ്രസ് വിപ്പായിരുന്നു. കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം, യു.ഡി.എഫ് ഉന്നതകാര്യ സമിതി അംഗം എന്നി പദവികൾ വഹിച്ചിട്ടുണ്ട്.


1964 മേയ് 31ന് എറണാകുളം നെട്ടൂരിലായിരുന്നു സതീശന്‍റെ ജനനം. പരേതരായ വടശ്ശേരി കെ. ദാമോദര മേനോന്‍ പിതാവും വിലാസിനി അമ്മ മാതാവുമാണ്. സോഷ്യോളജിയിലും നിയമത്തിലും ബിരുദധാരിയായ അദ്ദേഹം, നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിന് മുമ്പ് ഹൈകോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.


ഇരുപത്തിയഞ്ച് പ്രധാന സ്ഥാപനങ്ങളുടെ ട്രേഡ് യൂണിയന്‍ നേതാവാണ്‌. തമിഴ്‌നാടിന്‍റെ ചുമതലയുള്ള എ.ഐ.സി.സി. സെക്രട്ടറിയായിരുന്നു. നിലവിൽ എ.ഐ.സി.സി സെക്രട്ടറിയായ സതീശൻ അഞ്ചു വര്‍ഷം കെ.പി.സി.സി ഉപാധ്യക്ഷ പദവിയും വഹിച്ചു. കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മികച്ച എം.എല്‍.എക്കുള്ള രണ്ട് ഡസനിലേറെ അവാര്‍ഡുകള്‍ക്ക് അര്‍ഹനായിട്ടുണ്ട്. ലക്ഷ്മി പ്രിയയാണ് ഭാര്യ. മകള്‍ ഉണ്ണിമായ ബിരുദാനന്തര ബിരുദ വിദ്യാർഥിനിയാണ്. നാലു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്.

Tags:    
News Summary - V.D. Satheesan is an energetic and vibrant leader

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.