ന്യൂഡൽഹി: വി.എസ് ജീവനോടെ ഉണ്ടായിരുന്നെങ്കില്‍ പത്മപുരസ്‌കാരം നിരസിക്കുമായിരുന്നുവെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി. ഇ.എം.എസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പുരസ്‌കാരം നല്‍കാമെന്നറിയിച്ചപ്പോള്‍ സ്വയം വിസമ്മതിച്ചതാണെന്നും ഇനി തീരുമാനം വി.എസിന്റെ എടുക്കേണ്ടത് കുടുംബമാണെന്നും എം.എ.ബേബി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ സോണിയ ഗാന്ധിയെ ചോദ്യം ചെയ്യണമെന്ന മന്ത്രി വി.ശിവൻകുട്ടിയുടെ പരാമർശത്തെ സി.പി.എം ജനറൽ സെക്രട്ടറി തള്ളുകയും ചെയ്തു.
സോണിയ ഗാന്ധിക്ക് ഇങ്ങനെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് താന്‍ കരുതുന്നില്ലെന്നും അവരുടെ അടുത്തേക്ക് പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും എം.എ.ബേബി പറഞ്ഞു. സോണിയ ഗാന്ധിക്ക് ഇത്തരം ആളുകളുമായി ബന്ധമുണ്ടെന്ന് ശിവന്‍കുട്ടി പറയുമെന്ന് താന്‍ കരുതുന്നില്ലെന്നും തങ്ങളാരും സോണിയ ഗാന്ധിക്കെതിരെ വിരൽ ചൂണ്ടില്ലെന്നും ബേബി പറഞ്ഞു.
'സോണിയ ഗാന്ധിക്ക് ഇങ്ങനെയുള്ള ആളുകളുമായി ബന്ധം സ്ഥാപിക്കണമെന്ന ആഗ്രഹം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അങ്ങനെ തെറ്റായ ധാരണ അവര്‍ക്കുണ്ടെന്ന് ശിവന്‍കുട്ടി പറയുമെന്നും ഞാന്‍ കരുതുന്നില്ല. എന്നാല്‍, സോണിയ ഗാന്ധിയെപ്പോലെ ഉയര്‍ന്ന സെക്യൂരിറ്റിയുള്ള ആളുടെ അടുക്കലേക്ക് പോറ്റിയെ എത്തിച്ചത് ആരാണെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണം. യു.ഡി.എഫ് കണ്‍വീനറാണോ അതോ മറ്റാരെങ്കിലുമാണോയെന്ന കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ അവര്‍ തയാറാകണം'.- എം.എ. ബേബി പറഞ്ഞു.
വെള്ളാപ്പള്ളിക്കും വി.എസിനും ഒരേ പന്തിയിൽ പത്മപുരസ്കാരം വിളമ്പുന്ന കാഴ്ച്ചപോലെ അശ്ലീലമായി മറ്റൊന്നില്ലെന്ന് എഴുത്തുകാരനും സാമൂഹിക നിരീക്ഷകനുമായ ഡോ.ആസാദ്.
വി.എസ്. അച്യുതാനന്ദൻ ജീവിച്ചിരിക്കുമ്പോൾ ഇങ്ങനെ പുരസ്കാരത്തിലിരുത്താൻ ഒരു കേന്ദ്രാധികാരിയും ധൈര്യപ്പെട്ടിട്ടില്ല. വി.എസ് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ ഏതൊരു കമ്യൂണിസ്റ്റ് നേതാവിനെയും പോലെ ഈ പുരസ്കാരത്തിന്റെ പ്രേരണകളെ തുറന്നുകാട്ടുമായിരുന്നുവെന്നും ആരൊക്കെയാണ് രണ്ടാം വി.എസിന് ജീവൻ നൽകുന്നതെന്നും ആസാദ് ഫേസ്ബുക്ക് പോസ്റ്റിൽ ചോദിക്കുന്നു.
ഇ.എം.എസും ബുദ്ധദേവുമൊക്കെ തിരസ്കരിച്ച പുരസ്കാരമാണ്. ഈ പുരസ്കാരം എന്നിൽ നിന്ന് എടുത്തുമാറ്റണേയെന്ന് വി.എസ് ഒച്ചയുയർത്തുന്നതുപോലെ എനിക്കു തോന്നുന്നുവെന്ന് ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.