കൊച്ചി: ലഹരി മരുന്ന് കേസുകൾ തീർപ്പാക്കാൻ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കോടതികൾ എട്ടാഴ്ചക്കകം പ്രവർത്തന സജ്ജമാക്കണമെന്നും അല്ലാത്തപക്ഷം നിയമ സെക്രട്ടറിയെ വിളിച്ചുവരുത്തുമെന്നും ഹൈകോടതി. ഇതിന് പുറമേ തൃശൂർ, പാലക്കാട്, മലപ്പുറം (മഞ്ചേരി) ജില്ലകളിൽ പ്രത്യേക കോടതികൾ ഉടൻ സ്ഥാപിക്കണമെന്നും ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. ലഹരിമരുന്ന് കേസുകൾക്ക് മാത്രമായുള്ള കോടതികൾ എല്ലാ ജില്ലകളിലും വേണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ, കേരളത്തിൽ വടകര (കോഴിക്കോട്), തൊടുപുഴ (ഇടുക്കി) എന്നിവിടങ്ങളിൽ മാത്രമാണ് ഇത്തരം കോടതികളുള്ളത്.
വിദ്യാർഥികൾക്കിടയിലെ ലഹരി ഉപയോഗം നിയന്ത്രിക്കാൻ നടപടി ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിട്ടി (കെൽസ) അടക്കം ഫയൽ ചെയ്ത ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ തിരുവനന്തപുരം, എറണാകുളം ജില്ലകളെ മാത്രമാണ് ആദ്യ പരിഗണയിൽ ഉൾപ്പെടുത്തിയതെന്നായിരുന്നു സർക്കാറിന്റെ വിശദീകരണം. എന്നാൽ, മറുപടി തൃപ്തികരമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരി കേസുകൾ പരിഗണിക്കാൻ കൂടുതൽ കോടതികൾ സ്ഥാപിക്കണമെന്നത് സുപ്രീം കോടതി നിർദേശമാണ്. ഇതുമായി ബന്ധപ്പെട്ട നടപടികൾ തടയാനാവില്ല. അതിനാൽ കൂടുതൽ കേസുകൾ തീർപ്പാക്കാൻ തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകൾക്ക് കൂടി മുൻഗണന നൽകണമെന്ന് കോടതി നിർദേശിക്കുകയായിരുന്നു. ഫോറൻസിക് ലാബറട്ടറികളിൽ 31 സയന്റിഫിക് അസിസ്റ്റന്റുമാരെ നിയമിക്കമെന്ന പൊലീസ് മേധാവിയുടെ ശുപർശയിൽ സർക്കാർ സത്വര നടപടിയെടുക്കണമെന്നും കോടതി നിർദേശിച്ചു.
സ്കൂളുകളിലെ ജാഗ്രത സമിതി, പ്രൊട്ടക്ഷൻ ഗ്രൂപ്പ്, ആന്റി നാർക്കോട്ടിക് ക്ലബ് എന്നിവയെല്ലാം ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിനുള്ള പൊതുനടപടിക്രമത്തിന് (എസ്.ഒ.പി) മുഖ്യമന്ത്രിയുടെ അംഗീകാരം കിട്ടിയതായി സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് എസ്.ഒ.പി പ്രകാരമുള്ള നടപടികൾ എത്രയുംവേഗം പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. നടപടികൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിരീക്ഷിക്കണം. ഇക്കാര്യം നടപ്പാക്കാൻ സ്വീകരിച്ച നടപടികൾ ആറാഴ്ചക്ക് ശേഷം വിഷയം പരിഗണിക്കുമ്പോൾ കണക്ക് സഹിതം സമർപ്പിക്കണമെന്നും കോടതി നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.