വി.ഡി സതീശൻ
തിരുവനന്തപുരം: പുനർജനി പദ്ധതി കേസിൽ മുഖ്യമന്ത്രി വി.ഡി. സതീശന് ക്ലീൻ ചിറ്റ്. വിജിലൻസ് അന്വേഷണത്തിൽ ഒരു തെളിവും കണ്ടെത്താനായില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു. സതീശനെതിരായ എല്ലാ നടപടികളും അവസാനിപ്പിച്ചെന്നും തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി വിജിലൻസ് ഡയറക്ടർ റിപ്പോർട്ട് നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ സർക്കാറിന്‍റെ കാലത്താണ് അന്വേഷണം നടക്കുന്നത്. എൽ.ഡി.എഫ് സർക്കാറിന്‍റെ അവസാന കാലത്ത് കേസിലെ അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടാനും നീക്കമുണ്ടായിരുന്നു. വിജിലൻസ് അന്വേഷണത്തിൽ തെളിവൊന്നും കണ്ടെത്താനായില്ല, സി.ബി.ഐക്ക് വിടാനുള്ള ശുപാർശ രാഷ്ട്രീയ പ്രേരിതമായിരുന്നു. വിജിലൻസ് വീണ്ടും അന്വേഷണം നടത്തിയെങ്കിലും തെളിവൊന്നും കണ്ടെത്താനായില്ലെന്നും ചെന്നിത്തല പറഞ്ഞു.
2018ലെ പ്രളയദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പറവൂർ മണ്ഡലത്തിൽ അന്നത്തെ എം.എൽ.എ വി.ഡി. സതീശൻ പ്രഖ്യാപിച്ച പദ്ധതിയായിരുന്നു പുനർജനി. പ്രദേശത്ത് വീടുവെച്ച് നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളായിരുന്നു വിഭാവനം ചെയ്തിരുന്നത്. പദ്ധതിക്കു വേണ്ടി കേന്ദ്രസർക്കാറിന്റെ അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചെന്നായിരുന്നു പരാതി.
എഫ്.സി.ആർ.എ നിയമത്തിന്റെ ലംഘനം, സ്വകാര്യ സന്ദർശനത്തിനായി കേന്ദ്ര സർക്കാറിൽനിന്ന് അനുമതി നേടിയ ശേഷം വിദേശത്ത് പോയി ഫണ്ട് സ്വരൂപിച്ച് അത് കേരളത്തിലെ അക്കൗണ്ടിലേക്ക് എത്തിച്ചതിലെ നിയമലംഘനം എന്നിവയായിരുന്നു ആരോപണം. പുനർജനി എന്ന പദ്ധതി പ്രകാരം വീട് വെച്ച് നൽകുന്നതിന് വിദേശത്ത് പോയി പണപ്പിരിവ് നടത്തിയതിൽ എഫ്.സി.ആർ.ഐ നിയമം ലംഘിച്ചു എന്നാരോപിച്ച് ചാലക്കുടി കാതിക്കുടം ആക്ഷൻ കൗൺസിൽ നൽകിയ പരാതിയിലാണ് അന്വേഷണം നടന്നത്.
തിരുവനന്തപുരം വിജിലൻസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ- യൂനിറ്റ്- 2 ആണ് 2023 മുതൽ അന്വേഷണം നടത്തിയത്. സതീശനെതിരെ കേസ് നിലനിൽക്കില്ലെന്നായിരുന്നു പ്രാഥമിക അന്വേഷണത്തിലെ ആദ്യ റിപ്പോർട്ട്. വിദേശത്തുനിന്നും സമാഹരിച്ച പണം ഒരു ചാരിറ്റബിള്‍ സംഘടനവഴി കേരളത്തിലേക്ക് എത്തിയിട്ടുണ്ട്. അതുപയോഗിച്ച് വീടുനിർമാണവും നടന്നിട്ടുണ്ട്. സതീശൻ സംഘടനാ ഭാരവാഹി അല്ലാത്തിനാൽ പണം ദുരുപയോഗത്തിന്‍റെ കാര്യത്തിൽ വിജിലൻസ് അന്വേഷണം നിൽക്കില്ലെന്നായിരുന്നു ആദ്യ ശുപാർശ. എന്നാൽ വിദേശനാണ്യവിനിമയ ചട്ടത്തെ കുറിച്ച് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അന്നത്തെ വിജിലൻസ് ഡയറക്ടർ യോഗേഷ് ഗുപ്ത വീണ്ടും നിർദേശം നൽകി.
അതേ തുടർന്നാണ് സി.ബി.ഐ അന്വേഷണത്തിനുള്ള പുതിയ ശുപാർശ നൽകിയത്. കേസ് അവസാനിപ്പിച്ചതോടെ സതീശനെതിരായ എല്ലാ നടപടികളും നിർത്തിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.