ശബരിമല സ്വർണക്കൊള്ള; സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമോയെന്ന ആശങ്കയിൽ എസ്ഐടി

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഹൈകോടതി അനുവദിച്ച സമയപരിധിക്കുള്ളിൽ കുറ്റപത്രം നൽകാൻ കഴിയുമോയെന്ന ആശങ്കയിൽ എസ്.ഐ.ടി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ സെപ്റ്റംബർ 22നകം കുറ്റപത്രം സമർപ്പിക്കണമെന്നാണ് കോടതി നിർദേശിച്ചിരുന്നത്. അക്കാര്യം എസ്.ഐ.ടി അംഗീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ കുറ്റപത്രം നൽകുന്നതിന് മുമ്പുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ലെന്നാണ് വിവരം. തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ അധികൃതരടക്കം 15 പേർ പ്രതികളായ ഈ കേസിൽ 13 പേർക്കെതിരേയും കുറ്റപത്രം നൽകാൻ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. എന്നാൽ ഇതുവരെ ഈ വിഷയത്തിൽ എസ്.ഐ.ടി പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല. ഇനി ദിവസങ്ങൾ മാത്രം ശേഷിക്കെ നടപടിക്രമങ്ങൾ എങ്ങനെ പൂർത്തീകരിക്കുമെന്ന ആശങ്കയാണുള്ളത്.

നേരത്തേ കേസ് പരിഗണിച്ചപ്പോൾ ദേവസ്വം ബോർഡ് മുൻ കമീഷണറും പ്രസിഡന്‍റുമായിരുന്ന എൻ. വാസു, ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റ് എ. പത്മകുമാർ തുടങ്ങിയവർ പ്രതികളായ കട്ടിളപ്പാളി കേസിന്‍റെ അന്വേഷണം പൂർത്തിയായെന്നാണ് എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നത്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് ഉൾപ്പെടെ പ്രതിയായ ദ്വാരപാലക കേസിൽ ശാസ്ത്രീയപരിശോധന ഫലമടക്കം ലഭിക്കാനുണ്ടെന്നും എസ്.ഐ.ടി കോടതിയെ അറിയിച്ചിരുന്നത്.

കട്ടിളപ്പാളി കേസിൽ നിലവിലെ പ്രതികളെ ചേർത്ത് എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാനുള്ള നീക്കത്തിലാണ് എസ്.ഐ.ടി. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കോടതിയുടെ വിമർശനങ്ങൾക്ക് കാരണമാകുമോയെന്നും കാത്തിരുന്ന് കാണണം. എസ്.ഐ.ടി ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും വ്യക്തമാക്കി. കോടതി നിർദ്ദേശാനുസരണമാണ് ഈ അന്വേഷണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദേവസ്വം ബോർഡ് മുൻ അംഗങ്ങളും മുൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ പ്രതികളായ കട്ടിളപ്പാളി കേസിൽ ഇവർക്കെതിരേ കുറ്റപത്രം നൽകണമെങ്കിൽ സർക്കാറിൽ നിന്ന് പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്. ആഭ്യന്തരവകുപ്പും ദേവസ്വം വകുപ്പും നിയമവകുപ്പും കുറ്റപത്രം പരിശോധിച്ചശേഷമാണ് ഇതിന് അനുമതി നൽകേണ്ടത്.

പക്ഷെ ഹൈകോടതി അനുവദിച്ച സമയപരിധിക്ക് ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നതും. ആ സാഹചര്യത്തിൽ ഹൈകോടതിയിൽ നിന്നും കൂടുതൽ സാവകാശം തേടുന്ന കാര്യവും എസ്.ഐ.ടി ആലോചിക്കുന്നതായാണ് വിവരം. സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാനായില്ലെങ്കിൽ 22ന് ഹൈകോടതി കേസ് പരിഗണിക്കുമ്പോൾ എസ്.ഐ.ടി എന്ത് വിശദീകരണം നൽകുമെന്ന ചോദ്യവും ഉയരുന്നുണ്ട്. എന്തായാലും ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം സമർപ്പിക്കുന്നത് നീണ്ടാൽ അത് യു.ഡി.എഫ് സർക്കാറിനെതിരായ വിമർശനത്തിനും കാരണമാകും.

Tags:    
News Summary - Sabarimala Gold Theft: SIT Faces Uncertainty Over Katilapali Case Charge Sheet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.