ദക്ഷിണ കൊറിയൻ മത്സരത്തിൽ മുഴങ്ങിയത് ഉത്തര കൊറിയൻ ദേശീയഗാനം; ഏഷ്യൻ ഗെയിംസിൽ വിവാദം
നഗോയ: 2026 ഏഷ്യൻ ഗെയിംസ് ഹോക്കി മത്സരവേദിയിൽ വൻ അബദ്ധം. പുരുഷ ഹോക്കിയിൽ ദക്ഷിണ കൊറിയയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിന് മുന്നോടിയായി ദക്ഷിണ കൊറിയക്ക് പകരം ഉത്തര കൊറിയയുടെ ദേശീയ ഗാനം കേൾപ്പിച്ചത് വിവാദമായി. വെളളിയാഴ്ച നഗോയയിൽ നിന്ന് 30 കിലോമീറ്റർ അകലെയുള്ള ഗിഫു പ്രിഫെക്ചറൽ ഗ്രീൻ സ്റ്റേഡിയത്തിലാണ് സംഭവം.
ദേശീയ ഗാനം മാറിയത് കേട്ടതോടെ ദക്ഷിണ കൊറിയൻ താരങ്ങൾ അമ്പരന്നു. അബദ്ധം മനസ്സിലാക്കിയ സംഘാടകർ പിന്നീട് തെറ്റ് തിരുത്തുകയും, ബംഗ്ലാദേശിന്റെ ദേശീയ ഗാനത്തിന് ശേഷം ദക്ഷിണ കൊറിയയുടെ യഥാർത്ഥ ദേശീയ ഗാനം കേൾപ്പിക്കുകയും ചെയ്തു. സംഭവത്തിൽ കൊറിയൻ സ്പോർട്സ് ആൻഡ് ഒളിമ്പിക് കമ്മിറ്റി സംഘാടകർക്ക് ഔദ്യോഗികമായി പരാതി നൽകി. ഇത്തരം തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും സംഘാടകർ ഔദ്യോഗികമായി മാപ്പ് പറയണമെന്നും അവർ ആവശ്യപ്പെട്ടതായി ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് ചെയ്തു. ദേശീയഗാനം അവസാനിക്കുന്നതിന് മുമ്പ് തന്നെ താരങ്ങളോട് ഹസ്തദാനം ചെയ്ത് മത്സരത്തിന് തയ്യാറെടുക്കാൻ റഫറി ആവശ്യപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതേസമയം, ദേശീയഗാന വിവാദങ്ങൾക്കിടയിലും മത്സരത്തിൽ ദക്ഷിണ കൊറിയ മികച്ച വിജയം സ്വന്തമാക്കി. ഏകപക്ഷീയമായ അഞ്ച് ഗോളുകൾക്കാണ് അവർ ബംഗ്ലാദേശിനെ തകർത്തത്. സിം ജേ-വോൺ, ലീ ഗാങ്-സാൻ, ഓ സെ-യോങ്, ബേ സ്യുങ്-മിൻ, യാങ് ജി-ഹുൻ എന്നിവരാണ് ദക്ഷിണ കൊറിയക്കായി ഗോളുകൾ നേടിയത്.
"ഇത്തരമൊരു അന്താരാഷ്ട്ര വേദിയിൽ ഇങ്ങനെ ഒരു അബദ്ധം സംഭവിച്ചത് വിശ്വസിക്കാനാകുന്നില്ല" എന്ന് ദക്ഷിണ കൊറിയൻ പരിശീലകൻ മിൻ തേ-സോക് പ്രതികരിച്ചു. ബംഗ്ലാദേശിനെ കരുതലോടെയാണ് നേരിട്ടതെന്നും, ആദ്യ ക്വാർട്ടറിൽ പ്രതിരോധത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് രണ്ടാം ക്വാർട്ടറിൽ കൂടുതൽ ആക്രമണത്തിലേക്ക് കടക്കുകയായിരുന്നു തന്ത്രമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുരുഷ ഹോക്കി പൂൾ എ-യിൽ ദക്ഷിണ കൊറിയ, ബംഗ്ലാദേശ് എന്നിവർക്ക് പുറമെ നിലവിലെ സ്വർണ്ണ മെഡൽ ജേതാക്കളായ ഇന്ത്യ, ആതിഥേയരായ ജപ്പാൻ, ശ്രീലങ്ക, ഇന്തോനേഷ്യ എന്നീ ടീമുകളാണുള്ളത്. അതേസമയം, വനിതാ വിഭാഗം പൂൾ എ-യിൽ നടന്ന ആദ്യ മത്സരത്തിൽ ദക്ഷിണ കൊറിയ 3-1 ന് ചൈനീസ് തായ്‌പേയിയെ പരാജയപ്പെടുത്തി മികച്ച തുടക്കം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.