വി.ഡി. സതീശൻ

ആശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി ഫാഷിസം; ഈഗോ ഉപേക്ഷിച്ച് മുഖ്യമന്ത്രി ചര്‍ച്ചക്ക് തയാറാകണമെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തിയ ആശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആശ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് നടപടി ഫാഷിസമെന്ന് വി.ഡി. സതീശൻ പറഞ്ഞു.

ആശ പ്രവര്‍ത്തകരുടെ ക്ലിഫ് ഹൗസ് മാര്‍ച്ചിന് നേരെ ഉണ്ടായ പൊലീസ് നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. വേതന വര്‍ധനവ് ആവശ്യപ്പെട്ടുള്ള സമരം കേരളത്തില്‍ ഇതാദ്യമല്ല. എന്നാല്‍ ആശ പ്രവര്‍ത്തകരെ ശത്രുക്കളെ പോലെയാണ് സര്‍ക്കാര്‍ നേരിടുന്നത്.

ഇന്നത്തെ മാര്‍ച്ചിന് നേരെ പൊലീസ് ആദ്യം ജലപീരങ്കി പ്രയോഗിച്ചു. പിന്നീട് സ്ത്രീകളെ ആക്രമിച്ചു. ചിലരുടെ വസ്ത്രങ്ങള്‍ വലിച്ചു കീറിയതായും പരാതിയുണ്ട്. സമര നേതാക്കളെയും സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് സ്ഥലത്തെത്തിയ യു.ഡി.എഫ് സെക്രട്ടറി സി.പി. ജോണിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത് നീതികരിക്കാനാകില്ല.

ന്യായമായ ആവശ്യത്തിനാണ് ആശമാരുടെ സമരം. ഫാഷിസ്റ്റ് രീതിയില്‍ സമരത്തെ നേരിടാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണം. അനാവശ്യ പിടിവാശിയും ഈഗോയും വെടിഞ്ഞ് ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ചക്ക് സര്‍ക്കാരും മുഖ്യമന്ത്രിയും തയാറാകണം. എട്ടര മാസമായി തുടരുന്ന ആശ പ്രവര്‍ത്തകരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വി.ഡി. സതീശൻ ആവശ്യപ്പെട്ടു.

Tags:    
News Summary - V.D. Satheesan calls police action against ASHA activists fascist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.