പിണറായി കസവുകെട്ടിയ പേടിത്തൊണ്ടന്‍; രാഹുലിനെ അധിക്ഷേപിക്കാനും മോദിയെ വിമര്‍ശിക്കാതിരിക്കാനും ശ്രമിക്കുന്നു -വി.ഡി. സതീശൻ

പറവൂര്‍: കസവുകെട്ടിയ പേടിത്തൊണ്ടനാണ് മുഖ്യമന്ത്രിയെന്നും വലിയ കൊമ്പത്തെ ആളാണെങ്കിലും മനസ് നിറയെ പേടിയാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ സി.പി.എമ്മും അവരുടെ മുഖ്യശത്രുവായി രാഹുല്‍ ഗാന്ധിയെ പ്രഖ്യാപിക്കുകയും ബി.ജെ.പി ചെയ്യുന്നതിനേക്കാള്‍ മോശമായ രീതിയില്‍ അധിക്ഷേപിക്കുകയും ചെയ്യുന്നു. 2019ലെ തെരഞ്ഞെടുപ്പിലും ഇന്നലെ മുഖ്യമന്ത്രി പറയാതെ വച്ച വാക്ക് ഉപയോഗിച്ച് ദേശാഭിമാനി എഡിറ്റോറിയല്‍ എഴുതിയിരുന്നു. വ്യവസായ മന്ത്രി പി. രാജീവായിരുന്നു ദേശാഭിമാനി എഡിറ്റര്‍. പ്രതിഷേധം ശക്തമായതോടെ മാപ്പ് പറഞ്ഞ് തടിയൂരിയ ആളാണ് ഇന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി ഇരുന്ന് പ്രസംഗം എഴുതിക്കൊടുക്കുന്നത്. ബി.ജെ.പി ഭയത്തിലാണ് മുഖ്യമന്ത്രി ജീവിക്കുന്നത്.

ബി.ജെ.പിയെ പ്രീണിപ്പിക്കുന്നതിന് വേണ്ടിയാണ് രാഹുല്‍ ഗാന്ധിക്കെതിരെ 35 ദിവസമായി ആക്രമണം നടത്തിക്കൊണ്ടിരിക്കുന്നത്. മോദിയെ വിമര്‍ശിക്കാതിരിക്കാനുള്ള വഴികളാണ് മുഖ്യമന്ത്രി ആലോചിക്കുന്നത്. 2022ലെ കണ്ണൂര്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ ദേശീയ നേതാക്കളെല്ലാം ബി.ജെ.പിയെയും മോദിയെയും രൂക്ഷമായി വിമര്‍ശിച്ചിട്ടും അതിന് തയാറാകാത്ത ഏക സി.പി.എം നേതാവായിരുന്നു പിണറായി വിജയന്‍ എന്നും സതീശൻ പറഞ്ഞു.

വടകരയില്‍ നിരവധി പേര്‍ക്കെതിരെയാണ് കേസെടുക്കുന്നത്. വടകരയിലെ ഇടതു സ്ഥാനാർഥിക്കെതിരെ എന്ത് ആക്ഷേപമാണ് ഉന്നയിച്ചതെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഒരു പോസ്റ്റും കാണാനില്ല. അതേസമയം മോദി ഇലക്ടറല്‍ ബോണ്ടില്‍ അഴിമതി കാട്ടിയെന്ന് പോസ്റ്റിട്ടയാള്‍ക്കെതിരെ കേസെടുത്തു. മോദിയുടെ സൽപേരിന് കളങ്കം ചാര്‍ത്തിയെന്നാണ് കേസ്. മോദിയെ വിമര്‍ശിച്ച കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദിനെതിരെയും കേസെടുത്തു. മോദിയെ കേരളത്തില്‍ വിമര്‍ശിക്കാന്‍ പാടില്ലെന്നതാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും ഇല്ലാത്ത നടപടിയാണ് ഇക്കാര്യത്തില്‍ കേരള സര്‍ക്കാര്‍ സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവ് നല്‍കിയ പത്ത് പരാതികളിലും ഇതുവരെ കേസെടുത്തിട്ടില്ല. മുഖ്യമന്ത്രിയുടെ പോസ്റ്റിന് താഴെ മരിച്ചു പോയ എന്റെ മാതാപിതാക്കളെ അപമാനിച്ചുള്ള കമന്റിലും ഒരു കേസും എടുത്തിട്ടില്ല. മോദിക്കെതിരെ ആരോപണം പോലും ഉന്നയിക്കാന്‍ സാധിക്കാത്ത സംസ്ഥാനമാക്കി പിണറായി വിജയന്‍ കേരളത്തെ മാറ്റിയിരിക്കുകയാണ്. ഭയന്നാണ് പിണറായി വിജയന്‍ ജീവിക്കുന്നത്.

പാവം പെണ്‍കുട്ടിയെ വേട്ടയാടുന്നു എന്ന് പറഞ്ഞതിലൂടെ മാസപ്പടി വിഷയം ഒന്നുകൂടി സജീവമാക്കി നിര്‍ത്താനായിരിക്കും ജയരാജന്‍ ശ്രമിച്ചത്. പന്ത്രണ്ടോളം സ്ഥാപനങ്ങളാണ് ഒരു സേവനവും നല്‍കാതെ മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്ക് പണം നല്‍കിയത്. പാല്‍പ്പൊടി കഴിച്ചാണോ കഞ്ഞി കുടിച്ചാണോ വളര്‍ന്നതെന്നല്ല വിഷയം. അഴിമതിയാണ് നടന്നത്. പിതാവ് വലിയ സ്ഥാനത്ത് ഇരിക്കുന്നതു കൊണ്ടാണ് പണം കൈമാറിയതെന്നാണ് പറയുന്നത്. മാസപ്പടി ജയരാജന്‍ സജീവമാക്കുന്നതില്‍ യു.ഡി.എഫിന് സന്തോഷം മാത്രമെയുള്ളൂ.

ഒരു കോടി ആളുകള്‍ക്ക് പെന്‍ഷന്‍ നല്‍കാതെയാണ് ഈ മാന്യന്‍ മുഖ്യമന്ത്രി ചമഞ്ഞ് നടക്കുന്നത്. മാവേലി സ്റ്റോറുകളില്‍ സാധാനങ്ങളും ആശുപത്രികളില്‍ മരുന്നുകളും ഇല്ല. പെന്‍ഷന്‍കാര്‍ക്കും ജീവനക്കാര്‍ക്കും 40000 കോടി കുടിശിക. 16000 കോടി കരാറുകാര്‍ക്ക് കുടിശിക. ഉച്ചക്കഞ്ഞി വിതരണത്തില്‍ പ്രധാന അധ്യാപകര്‍ക്ക് പണം നല്‍കാനുണ്ട്. ഒരു രൂപ പോലും കയ്യിലില്ല. ഭരണത്തെ കുറിച്ച് മിണ്ടാട്ടമില്ല. എങ്ങനെയൊക്കെ ആളുകളെ ബുദ്ധിമൂട്ടിക്കാമോ അതൊക്കെ ചെയ്യുന്നുമുണ്ട്. ആ ഭരണ പരാജയം മറച്ചുവക്കാനാണ് നുണപ്രചരണവുമായി രാവിലെ ഇറങ്ങുന്നത്.

യു.ഡി.എഫിനെതിരെ എറിയാനിരുന്ന ബോംബ് സി.പി.എം പ്രവര്‍ത്തകരുടെ കയ്യിലിരുന്ന് പൊട്ടിത്തെറിച്ചു. അതിനു പിന്നാലെ വടകരയിലെ സ്ഥാനാര്‍ഥി കൊണ്ടു വന്ന നുണ ബോംബ് ചീറ്റിപ്പോയി. ഇപ്പോള്‍ തെരഞ്ഞെടുപ്പ് സംവിധാനങ്ങളെ അട്ടിമറിച്ച് വീടുകളിലെ വോട്ടില്‍ ഇടപെടാന്‍ സി.പി.എം നേതാക്കള്‍ ശ്രമിക്കുകയാണ്. അതിന് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയാണ്. ഇത് സംബന്ധിച്ച് രണ്ട് തവണ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് കത്തെഴുതിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. താഴെത്തട്ടിലെ വോട്ടെടുപ്പ് സുതാര്യമായല്ല നടക്കുന്നത്. സീല്‍ഡ് ബാലറ്റ് ബോക്‌സില്‍ സൂക്ഷിക്കേണ്ട വോട്ട് സഞ്ചികളിലാണ് കൊണ്ടു പോകുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ ഇക്കാര്യങ്ങളില്‍ അടിയന്തിര നടപടിയെടുക്കണം.

ഒരു പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെ 165000 ഡബില്‍ വോട്ടുകള്‍ കണ്ടെത്തി. ഇതു പരിഹരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമീഷന്റെ പണിയാണ്. എന്നാല്‍ അതിന് തയാറാകാതെ കള്ള വോട്ട് ചെയ്യാനുള്ള അന്തരീക്ഷമുണ്ടാക്കുകയാണ്. യു.ഡി.എഫ് നല്‍കിയ പരാതികളിലൊന്നും യുക്തമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമീഷനും ചീഫ് ഇലക്ടറല്‍ ഓഫീസറും തയാറാകുന്നില്ല. എവിടെയാണ് വോട്ട് ചെയ്യേണ്ടതെന്ന് ബ്രാഞ്ച് സെക്രട്ടറി കാട്ടിക്കൊടുക്കുകയാണ്. സഞ്ചിയില്‍ കൊണ്ടു പോകുന്ന ബാലറ്റ് പേപ്പര്‍ വേണമെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് അസാധുവാക്കുകയോ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്കാക്കുകയോ ചെയ്യാം. ശ്രദ്ധയില്‍പ്പെടുത്തിയ കാര്യങ്ങളില്‍ പോലും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഒന്നും ചെയ്യുന്നില്ല.

കരുവന്നൂര്‍ കേസുമായി ബന്ധപ്പെട്ട് മുഴുവന്‍ സി.പി.എം നേതാക്കളെയും ഇ.ഡിയെ ഉപയോഗിച്ച് സി.പി.എം വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. വോട്ട് മറിക്കാനുള്ള കച്ചവടം നടത്തിക്കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ ബി.ജെ.പിയും സി.പി.എമ്മും ഒന്നല്ലെന്ന് കാണിക്കാനുള്ള നാടകം ഉണ്ടാകുമോയെന്ന് അറിയില്ല. അല്ലാതെ തെരഞ്ഞെടുപ്പിന്റെ അവസാനമല്ല അറസ്റ്റുണ്ടാകേണ്ടത്. അറസ്റ്റു ചെയ്യുമെന്ന് പ്രധാനമന്ത്രി ഇപ്പോള്‍ പറയുന്നത് ഇലക്ഷന്‍ ഗിമ്മിക്കാണ്. അന്വേഷണം തുടങ്ങിയിട്ട് എത്രയോ കാലമായി. കരുവന്നൂരില്‍ പാവങ്ങളുടെ പണമാണ് സി.പി.എം നേതാക്കള്‍ അടിച്ചെടുത്തത്. 2017 മുതല്‍ സി.പി.എം സംസ്ഥാന ജില്ലാ കമ്മിറ്റികള്‍ക്ക് ഇതേക്കുറിച്ച് വിവരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് കൊള്ളക്കാരെ സംരക്ഷിച്ചത്.

ബി.ജെ.പി കേന്ദ്രത്തില്‍ ഭരിക്കുമ്പോഴാണ് ക്രൈസ്തവര്‍ക്കെതിരെ ആക്രമണങ്ങള്‍ നടക്കുന്നത്. ഹൈദരാബാദ് രൂപതയുടെ കീഴിലുള്ള സ്‌കൂള്‍ ആക്രമിച്ച് മദര്‍ തെരേസ പ്രതിമ മറിച്ചിടുകയും വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തത് സംഘ്പരിവാറുകാരാണ്. ഇക്കാര്യത്തില്‍ തെലങ്കാന മുഖ്യമന്ത്രി ശക്തമായ നടപടി സ്വീകരിച്ചു. മണിപ്പൂരില്‍ മൂന്നൂറോളം പള്ളികള്‍ കത്തിക്കുകയും നൂറു കണക്കിന് ആളുകളെ കൊലപ്പെടുത്തുകയും ചെയ്തു. എന്നിട്ടും തൃശൂരില്‍ കല്യാണത്തിന് വന്ന മോദി മണിപ്പൂരിലേക്ക് തിരിഞ്ഞു നോക്കിയില്ല. അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിച്ചത് രാഹുല്‍ ഗാന്ധി മാത്രമാണ്. ക്രൈസ്തവര്‍ക്കെതിരെ രാജ്യവ്യാപകമായി ആക്രമണങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. തെലങ്കാന സര്‍ക്കാര്‍ നടപടി സ്വീകരിച്ചില്ലെന്ന് എഡിറ്റോറിയല്‍ എഴുതിയ ദേശാഭിമാനി തന്നെ 12 പേരെ അറസ്റ്റ് ചെയ്തുതെന്ന് പതിനൊന്നാം പേജില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവിടേക്ക് റിപ്പോര്‍ട്ടറെ വിട്ടത് എഡിറ്റോറിയല്‍ എഴുതിയ ആള്‍ അറിഞ്ഞുകാണില്ല.

ബി.ജെ.പിയും കോണ്‍ഗ്രസും ഒരു പോലെ ഇലക്ടറല്‍ ബോണ്ട് വാങ്ങിയെന്നാണ് സി.പി.എം പറയുന്നത്. പ്രതിപക്ഷത്ത് ഇരിക്കുന്ന കോണ്‍ഗ്രസ് ആരെയും ഭീഷണിപ്പെടുത്തി ബോണ്ട് വാങ്ങിയിട്ടില്ല. ഇ.ഡിയെയും സി.ബി.ഐയെയും ഉപോഗിച്ച് റെയ്ഡ് നടത്തി ഭീഷണിപ്പെടുത്തി കോടികള്‍ വാങ്ങുന്നു എന്നതാണ് ബി.ജെ.പിക്ക് എതിരായ പരാതി. ഇലക്ടറല്‍ ബോണ്ട് നല്‍കിയ കമ്പനികളെല്ലാം സി.പി.എമ്മിന് പണം നല്‍കിയിട്ടുണ്ട്. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി 2017ല്‍ തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇലക്ടറല്‍ ബോണ്ട് നല്‍കിയ കമ്പനികളായ നവയുഗ എഞ്ചിനീയറിങ്ങില്‍ നിന്നും 30 ലക്ഷവും ഹെറ്ററോ ഡ്രഗ്സില്‍ നിന്നും 5 ലക്ഷം രൂപയും സംഭാവന സ്വീകരിച്ചതായി വ്യക്തമാക്കുന്നു. 2019 ലെ റിപ്പോര്‍ട്ടില്‍ ഇലക്ടറല്‍ ബോണ്ടില്‍ ഉള്‍പ്പെട്ട നാറ്റ്കോ ഫാര്‍മ ലിമിറ്റഡില്‍ നിന്ന് 20 ലക്ഷം രൂപ സംഭാവനയായി സ്വീകരിച്ചിട്ടുണ്ട്.

2021ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ നവയുഗ എഞ്ചിനീയറിങ് കമ്പനിയില്‍ നിന്ന് 2 തവണയായി 50 ലക്ഷം രൂപ കൈപ്പറ്റി. 2022 ല്‍ മേഘ ഇന്‍ഫ്രാസ്ട്രക്ചറില്‍ നിന്നും 25 ലക്ഷം രൂപ, ഡോ. റെഡ്ഡിസ് ലബോറട്ടറിയില്‍ നിന്നും അഞ്ച് ലക്ഷം, നാറ്റ്കോ ഫാര്‍മിയില്‍ നിന്ന 25 ലക്ഷം, ഒറബിന്തോ ഫാര്‍മയില്‍ നിന്നും 15 ലക്ഷവും വാങ്ങിയിട്ടുണ്ടെന്ന് രേഖകള്‍ പറയുന്നു. അക്കൗണ്ടിലൂടെ അല്ലാതെ നേരിട്ട് വാങ്ങിയ സി.പി.എമ്മിന് ഇലക്ടറല്‍ ബോണ്ടിനെ വിമര്‍ശിക്കാന്‍ അര്‍ഹതയില്ല. ബി.ജെ.പി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതിനെയാണ് കോണ്‍ഗ്രസ് എതിര്‍ത്തത്. ബി.ജെ.പിയെ സഹായിക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസും ബി.ജെ.പിയും ഒരു പോലെയാണെന്ന് സി.പി.എം പറഞ്ഞത്. ഇലക്ടറല്‍ ബോണ്ട് നല്‍കിയ കമ്പനിയില്‍ നിന്നു തന്നെ പണം വാങ്ങിയ സി.പി.എമ്മിന് ഇലക്ടറല്‍ ബോണ്ടിനെ കുറിച്ച് പറയാന്‍ അര്‍ഹതയില്ലെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan Attack to Pinarayi Vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.