ന്യൂഡൽഹി: എം.പിമാരെ മത്സരിപ്പിക്കുന്നത് പാർട്ടിക്ക് തിരിച്ചടിയാകുമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം കടുത്ത നിലപാട് എടുത്തതോടെ അറ്റകൈക്ക് ഈഴവ കാർഡിറക്കി എം.പിമാർ. പതിവായി യു.ഡി.എഫ് തോൽക്കുന്ന സീറ്റുകൾ തങ്ങൾ ജയിപ്പിച്ചുതരാമെന്ന എം.പിമാരുടെ വാദവും അവഗണിക്കാൻ കേരള നേതൃത്വം തീരുമാനിച്ചപ്പോഴാണ് അവസാന ശ്രമമെന്ന നിലക്ക് ഈഴവ കാർഡിറക്കിയിരിക്കുന്നത്. കേരളത്തിൽ കോൺഗ്രസിന്റെ തീരുമാനങ്ങളെടുക്കുന്നതിൽ നായർ സമുദായത്തിനുള്ള അപ്രമാദിത്വം ചൂണ്ടിക്കാട്ടിയുള്ള ഈ വിലപേശൽ കോൺഗ്രസിന് തലവേദനയായിട്ടുണ്ട്.
നായർ സമുദായത്തിനുള്ള പ്രാതിനിധ്യം കോൺഗ്രസിന്റെ നേതൃതലത്തിൽ ഈഴവ സമുദായത്തിനില്ലാത്തത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ് നൽകിയാണ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കാനും അധികാരത്തിലേറിയാൽ മന്ത്രിസ്ഥാനം നേടാനും ശ്രമിക്കുന്നത്. കണ്ണൂരും കോഴിക്കോടും പത്തനംതിട്ടയിലും യു.ഡി.എഫ് തോൽക്കുമെന്ന് കരുതുന്ന സീറ്റുകൾ പിടിച്ചുതരാമെന്ന വാദമുയർത്തിയപ്പോൾ മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ളവർ ഇക്കാര്യത്തിൽ തങ്ങൾക്കൊപ്പമാണെന്ന ആത്മവിശ്വാസം എം.പിമാർക്കുണ്ടായിരുന്നു. എന്തു വിലകൊടുത്തും ഭരണം പിടിക്കാൻ ഓരോ സീറ്റും നിർണായകമാണെന്നും തോറ്റ സീറ്റുകൾ കോൺഗ്രസ് തിരിച്ചുപിടിക്കണമെന്നുമുള്ള വാദമാണ് കുഞ്ഞാലിക്കുട്ടിക്കും എന്നാണ് പറഞ്ഞിരുന്നത്. ആ വാദഗതി അംഗീകരിക്കാതിരുന്നതോടെയാണ് സമുദായ സന്തുലനത്തിന് തങ്ങളെ സ്ഥാനാർഥികളാക്കുക എന്ന വാദം എം.പിമാർ ഉന്നയിക്കുന്നത്. നിയമസഭയിൽ എത്തുന്ന കോൺഗ്രസിലെ ഈഴവരുടെ എണ്ണം കുറഞ്ഞാൽ അത് ബി.ജെ.പിയുടെ വളർച്ചക്ക് കാരണമാകുമെന്ന് ഒരു എം.പി കോൺഗ്രസ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയിരിക്കുകയാണ്.
സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിൽ നിർണായക പങ്കു വഹിക്കുന്ന പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ നായർ സമുദായത്തിൽനിന്നുള്ളവരാണെന്ന പരാതിയും വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരെ ചൂണ്ടിക്കാട്ടി ഉന്നയിക്കുന്നുണ്ട്. രണ്ട് ഈഴവ നേതാക്കളായ മുൻ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനും യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശും ഇല്ലെങ്കിൽ നായർ നേതാക്കൾക്കൊപ്പം ഉയർത്തിക്കാണിക്കാനുള്ള തലയെടുപ്പുള്ള നേതാക്കളില്ലെന്നാണ് ഉയർത്തുന്ന വാദം. അടൂർ പ്രകാശിന് ശിവഗിരി മഠത്തിന്റെ പിന്തുണയുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.