തിരുവനന്തപുരം: ജൽജീവൻ മിഷനുമായി ബന്ധപ്പെട്ട് മുമ്പ് മന്ത്രിസഭ യോഗം അംഗീകാരം നൽകിയ പദ്ധതികളിൽ കരാർ നടപടികളുമായി മുന്നോട്ടുപോകുന്നതിനും ഇതിനുള്ള തുക കേന്ദ്രം ലഭ്യമാകാത്ത പക്ഷം സംസ്ഥാന ഫണ്ടിൽ നിന്നും ചെലവഴിക്കുന്നതിനും അനുമതി നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു.നിലവിൽ 10 പദ്ധതികളുടെ ടെൻഡർ നടപടികൾ പൂർത്തിയായി ലെറ്റർ ഓഫ് ആക്സെപ്റ്റൻസ് നൽകാൻ സജ്ജമായ അവസ്ഥയിലാണ്. ഇവയുടെ ആകെ അടങ്കൽ തുക 153.37 കോടി രൂപയാണ്.
നിലവിൽ കരാർ ഒപ്പിടാൻ ഉദ്ദേശിക്കുന്ന 10 പ്രവർത്തികൾ കുടിവെള്ള പദ്ധതിയുടെ അഭിവാജ്യ ഘടകങ്ങളാണ്. അതുകൊണ്ട്, ഇവ പൂർത്തിയാക്കാതിരുന്നാൽ മറ്റ് വിതരണം ശ്യംഖലകൾ സജ്ജമായാലും ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാൻ സാധിക്കില്ല. ഈ സാഹചര്യങ്ങൾ വിശദമായി പരിശോധിച്ചാണ് മന്ത്രിസഭ കരാറുകൾ ഒപ്പിടാൻ അനുമതി നൽകിയത്.
കരാർ ഒപ്പ് വെക്കാൻ അനുമതി നൽകിയ പദ്ധതികൾ: എറണാകുളം ശ്രീമൂലനഗരം ചെങ്ങമനാട് നെടുമ്പാശ്ശേരി-പാറക്കടവ് പഞ്ചായത്ത്, എറണാകുളം വെങ്ങോല രായമംഗലം കരിപീലിപ്പാടി, എറണാകുളം രാമമംഗലം-മാറാടി-പാമ്പക്കുട, ഇടുക്കി കഞ്ഞിക്കുഴി, വാഴത്തോപ്പ്, മര്യാപുരം, കാമാക്ഷി, വാത്തിക്കുടി, വണ്ണാപുരം, മലപ്പുറം താനൂർ മുനിസിപ്പാലിറ്റിയെ നാല് പഞ്ചായത്തുകളുമായി ബന്ധപ്പെടുന്ന പൈപ്പ്ലൈൻ പദ്ധതി, പത്തനംതിട്ട ചെന്നീർക്കര ഓമല്ലൂർ പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പദ്ധതി, തിരുവനന്തപുരം ആര്യനാട്-ഉഴമലയ്ക്കൽ പഞ്ചായത്തുകൾ ബന്ധിപ്പിക്കുന്ന പൈപ്പ്ലൈൻ പദ്ധതി, തിരുവനന്തപുരം വെട്ടിച്ചാൻക്കുന്ന്-ആര്യനാട്-ഉഴമലക്കൽ കുടിവെള്ള പദ്ധതി, തിരുവനന്തപുരം പള്ളിച്ചൽ മടവൂർ നാവായിക്കുളം കുടിവെള്ള പദ്ധതി, തിരുവനന്തപുരംആനാട്-നന്നിയോട് പൈപ്പ്ലൈൻ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.