പി.കെ. ശ്യാമളയു​ടെ പോസ്റ്റർ പ്രത്യേകം പങ്കുവെച്ച് പി. ജയരാജൻ; കമന്റുകൾ മുഴുവൻ സ്ഥാനാർഥിക്കെതിര്

കണ്ണൂർ: തളിപ്പറമ്പിലെ എൽ.ഡി.എഫ് സ്ഥാനാർഥിയും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയുമായ പി.കെ. ശ്യാമളയുടെ തെരഞ്ഞെടുപ്പ് പോസ്റ്റർ ഫേസ്ബുക്കിൽ പ്രത്യേകം പങ്കുവെച്ച് സംസ്ഥാന കമ്മിറ്റിയംഗം പി. ജയരാജൻ. ‘തളിപ്പറമ്പിൽ പ്രിയ സഖാവ് ശ്യാമള ടീച്ചർ...’ എന്ന കുറിപ്പോടെയാണ് പോസ്റ്റർ ഷെയർ ചെയ്തത്. ഇതി​ന് താഴെ പാർട്ടി അണികളടക്കമുള്ളവർ സ്ഥാനാർഥിക്കെതിരെ രൂക്ഷമായ കമന്റുകൾ നിറയുകയാണ്.

പാർട്ടിക്കകത്തും പുറത്തും സമൂഹമാധ്യമങ്ങളിലും ഉയർന്ന എതിർപ്പുകൾ വകവെക്കാതെയാണ് ശ്യാമളയെ തളിപ്പറമ്പിൽ സി.പി.എം സ്ഥാനാർഥിയാക്കിയത്. ഈ രോഷം പ്രകടിപ്പിക്കാൻ പരോക്ഷമായ നീക്കമാണ് ഫേസ്ബുക്കിലൂടെ പി. ജയരാജൻ നടത്തിയതെന്നും വിമർശനമുയരുന്നുണ്ട്. കണ്ണൂരിലെ എട്ട് സി.പി.എം സ്ഥാനാർഥികളുടെയും ചിത്രങ്ങൾ അടങ്ങിയ ഒരു പോസ്റ്റർ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പി.കെ. ശ്യാമളയുടെ മാത്രം പോസ്റ്റർ പ്രത്യേകം പോസ്റ്റ് ചെയ്തത്. മുഖ്യമന്രതി പിണറായി വിജയന്റെയോ ശൈലജ ടീച്ചറുടെയോ സ്വന്തം മണ്ഡലമായ തലശ്ശേരിയിലെ സ്ഥാനാർഥി കാരായി രാജന്റെയോ പോസ്റ്റർ പോലും ജയരാജൻ ഇങ്ങനെ പങ്കുവെച്ചിട്ടില്ല. പിണറായി വിജയൻ (ധർമടം), കെ.കെ. ശൈലജ (പേരാവൂർ), വി.കെ. സനോജ് (മട്ടന്നൂർ), ടി.ഐ. മധുസൂദനൻ (പയ്യന്നൂർ), എം. വിജിൻ (കല്യാശ്ശേരി), കെ.വി. സുമേഷ് (അഴീക്കോട്), പി.കെ. ശ്യാമള (തളിപ്പറമ്പ്), കാരായി രാജൻ (തലശ്ശേരി) എന്നിവരാണ് കണ്ണൂരിലെ സി.പി.എം സ്ഥാനാർഥികൾ.

3100ലേറെ കമന്റുകളിൽ ഭൂരിഭാഗവും ശ്യാമളക്കെതിരാണ്. ‘തളിപ്പറമ്പ് കയ്യിൽ നിന്നും പോയിക്കിട്ടി. നാണമില്ലേ ഈ റിസർവേഷൻ സിസ്റ്റം.....??? കമ്മ്യൂണിസ്റ് പാർട്ടിയെ നാണം കെടുത്താൻ.....’, പി.കെ ശ്യാമള മോശക്കാരിയാണന്ന് എനിക്ക് അഭിപ്രായമില്ല. പക്ഷെ ഇത് ഈ സ്ഥാനാർത്ഥിത്വം പാർട്ടിയുടെ ധാർമ്മികതക്ക് നിരക്കുന്നതല്ല. സാക്ഷാൽ പി.ജെ. എം സുരേന്ദ്രൻ എൻ.സുകന്യ എന്നിവർക്ക് എന്ത് കൊണ്ട് ചാൻസ് കിട്ടിയില്ല?’, ‘സാജനെ ഓർത്തുകൊണ്ടായിരിക്കും ഓരോ വോട്ടറും അവിടെ വോട്ട് ചെയ്യുക’, ‘പാർട്ടി ജയിക്കും.. ഇവർ തോൽക്കും’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ആന്തൂരിൽ പ്രവാസി വ്യവസായി സാജൻ പാറയിൽ ആത്മഹത്യ ചെയ്യാനിടയായ സംഭവത്തിൽ അന്നത്തെ ആന്തൂർ നഗരസഭാധ്യക്ഷ പി.കെ. ശ്യാമളക്ക് വീഴ്​ചപറ്റിയെന്ന്​ പി. ജയരാജൻ പരസ്യമായി പ്രതികരിച്ചിരുന്നു. ​​ആന്തൂരിൽ പാർട്ടിയുടെ വിശദീകരണ പൊതുയോഗത്തിൽ പി.കെ. ശ്യാമളയെ വേദിയിലിരുത്തിയാണ് അദ്ദേഹം തള്ളിപ്പറഞ്ഞത്. ഈ കാര്യങ്ങൾ തന്നെ പിന്നീട് ഒരുവാരികക്ക് നൽകിയ അഭിമുഖത്തിലും ആവർത്തിച്ചിരുന്നു. ‘ഒരു നിക്ഷേപകനെ ​​ദ്രോഹിക്കുന്ന ​നടപടി സെക്രട്ടറി, എൻജിനീയർ, ഓവർസിയർമാർ എന്നിവർ സ്വീകരിച്ചതിനാലാണ്​ സർക്കാർ അവർക്കെതിരെ നടപടിയെടുത്തത്​. കെട്ടിടനിർമാണചട്ടം അനുസരിച്ച്​ അനുമതി കൊടുക്കേണ്ടതും മറ്റും ഉദ്യോഗസ്ഥരാണ്​. എന്നാൽ, സി.പി.എമ്മി​​െൻറ ജില്ല കമ്മിറ്റി അംഗം കൂടിയായ ശ്യാമളയാണ്​ അവിടത്തെ മുനിസിപ്പൽ ചെയർ​പേഴ്​സൻ. അവർക്ക്​ ഇത്തരം കാര്യങ്ങളിൽ ഇടപെടാനുള്ള ഉത്തരവാദിത്തമുണ്ട്​. ആ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ വീഴ്​ച വന്നിട്ടുണ്ട്’ -എന്നായിരുന്നു ജയരാജന്റെ വിമർശനം. 

നേര​ത്തെ ശ്യാമളയുടെ സ്ഥാനാർഥിത്വത്തിൽ എതിർസ്വരങ്ങൾ ഉയർന്നപ്പോൾ തീരുമാനം പുനഃപരിശോധിക്കുമെന്നും എം.വി. ജയരാജനെ ഇവിടേക്ക് പരിഗണിക്കുന്നുവെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ, ഇതെല്ലാം തള്ളിയാണ് ഇന്നലെ എം.വി. ഗോവിന്ദൻ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്. ഇതോടൊപ്പം ഉറച്ച സീറ്റായ മട്ടന്നൂരിൽനിന്ന് കെ.കെ. ശൈലജയെ വെട്ടി, പേരാവൂരിലേക്ക് മാറ്റുകയും ചെയ്തു. കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ശൈലജക്ക് പകരം മട്ടന്നൂരിലേക്കെത്തുന്നത് താരതമ്യേന ജൂനിയറായ വി.കെ. സനോജാണ്.

Full View

Tags:    
News Summary - kerala assembly election 2026 pk shyamala p jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.