കുമളി: വനം വകുപ്പ് മുന്നോട്ട് വെച്ച നിബന്ധനകൾ അംഗീകരിച്ച് ബോട്ടിൽ മാറ്റങ്ങൾ വരുത്തിയതോടെ 12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തമിഴ്നാട് ബോട്ട് തേക്കടിയിൽ ഓടി തുടങ്ങി. മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് പോകുന്നതിനായി 2014ൽ തേക്കടി തടാകത്തിലിറക്കിയ ബോട്ടാണ് കഴിഞ്ഞ ദിവസം മുതൽ ഓടി തുടങ്ങിയത്. മുല്ലപ്പെരിയാർ അണക്കെട്ടിലേക്ക് തമിഴ്നാട് ഉദ്യോഗസ്ഥർക്ക് പോകുന്നതിന് രണ്ട് ബോട്ടുകളാണ് നിലവിലുള്ളത്.
തമിഴ്നാട് പൊതുമരാമത്ത് വകുപ്പിന്റെ ജലരത്നയും കണ്ണകിയും. ഇതിൽ 44 വർഷം പഴക്കമുള്ള ജലരത്നക്ക് പകരമായാണ് ഇനി മുതൽ തമിഴ്അന്നൈ ഓടുക. 1982ൽ ഇറക്കിയ ജലരത്ന കാലപ്പഴക്കത്താൽ നശിച്ചതോടെ പകരം ബോട്ട് എന്ന നിലയിലാണ് കൊച്ചിയിൽ നിന്നും പുതിയ ബോട്ട് 2014ൽ തമിഴ്നാട് തേക്കടിയിൽ എത്തിച്ചത്. എന്നാൽ, പഴയ ബോട്ടുകൾ മാറ്റാതെ പുതിയ ബോട്ടും ഓടിക്കാൻ ശ്രമിച്ചതാണ് തർക്കത്തിന് തുടക്കം ഇട്ടത്. പുതിയ ബോട്ട് ഓടിക്കാൻ അനുമതി തേടി മുല്ലപ്പെരിയാർ ഉന്നതാധികാര സമിതി ഉൾപ്പടെ വിവിധ തലങ്ങളിൽ തമിഴ്നാട് സമ്മർദം ചെലുത്തിയിരുന്നു. നിലവിലുണ്ടായിരുന്ന രണ്ടിനു പകരം ബോട്ടുകളുടെ എണ്ണം മൂന്നാക്കി ഉയർത്തുകയായിരുന്നു ലക്ഷ്യം. ഇതിനു പിന്നാലെ ബോട്ടിൽ ഉപയോഗിച്ച എൻജിന്റെ കുതിരശക്തി 120 ആയതും തർക്കത്തിനിടയാക്കി.
മരക്കുറ്റികൾ നിറഞ്ഞ തടാകത്തിലൂടെ ബോട്ട് അമിത വേഗതയിൽ പോകുന്നത് അപകടത്തിന് കാരണമാകുമെന്ന് അധികൃതർ കണ്ടെത്തി.ഇതിനെ തുടർന്ന് കുതിരശക്തി 120 ൽ നിന്നും 65 ആക്കി കുറയ്ക്കണമെന്ന് നിർദ്ദേശവും അധികൃതർ മുന്നോട്ട് വെച്ചിരുന്നു. ഒടുവിൽ, 12 വർഷത്തിനുശേഷം ബോട്ടിന്റെ കുതിരശക്തി 65 ആക്കി കുറക്കുകയും ജലരത്ന ബോട്ട് മാറ്റിയിടാമെന്ന് ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് തമിഴ് അന്നൈയുടെ ഓട്ടത്തിന് വനം വകുപ്പ് പച്ചക്കൊടി വീശിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.