വി.ഡി. സതീശൻ

‘ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമല്ല’; എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നതായും വി.ഡി. സതീശൻ

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കുട്ടികളെ അഭിനന്ദിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ. എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉപരിപഠനത്തിന് അര്‍ഹത നേടിയ എല്ലാ കുട്ടികള്‍ക്കും അഭിനന്ദനങ്ങള്‍. ഇക്കുറി ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ സാധിക്കാത്ത കുട്ടികള്‍ വിഷമിക്കരുത്. ജീവിതത്തിലെ അവസാന പരീക്ഷയോ അവസാന അവസരമോ അല്ലിത്. ജീവിത വിജയം എന്നത് പരീക്ഷയിലെ മാത്രം വിജയമാണെന്നും കരുതരുത്. പരീക്ഷ എഴുതിയ എല്ലാ കുട്ടികളെയും ഹൃദയത്തോട് ചേര്‍ത്ത് പിടിക്കുന്നതായും സതീശൻ പ്രസ്താവനയിൽ അറിയിച്ചു.

എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാത്ത് 99.07 ശതമാനമാണ് വിജയം. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 414290 വിദ്യാർഥികൾ റഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയതിൽ 410456 പേർ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി. 30,514 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 2025ൽ ഇത് 61449 ആയിരുന്നു. 210727 ആൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 208474 പേരും (98.93ശതമാനം) 203563 പെൺകുട്ടികൾ പരീക്ഷയെഴുതിയതിൽ 201982 പേരും (99.22ശതമാനം) ഉപരിപഠനത്തിന് അർഹരായി. ഇത്തവണ 20771 പെൺകുട്ടികളും 9743 ആൺകുട്ടികളും മുഴുവൻ എ പ്ലസ് നേടി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.

പഴയ സ്കീമിൽ (പ്രൈവറ്റ്) പരീക്ഷയെഴുതിയ 251 വിദ്യാർഥികളിൽ 189 പേർ ഉപരിപഠനത്തിന് അർഹരായി. 75.3 ശതമാനമാണ് വിജയം. ഗൾഫിലെ ഏഴ് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 631 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹരായി. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി പരീക്ഷയെഴുതിയ 386 വിദ്യാർഥികളിൽ 377 പേർ ഉപരിപഠനത്തിന് അർഹത നേടി. 97.67ശതമാനമാണ് വിജയം. കേരളത്തിൽ ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷക്കിരുത്തിയ മലപ്പുറം എടരിക്കോട് പി.കെ.എം.എം എച്ച്.എസ്.എസിൽ പരീക്ഷയെഴുതിയ 2030 വിദ്യാർഥികളിൽ 2026 പേർ ഉപരിപഠനത്തിന് അർഹരായി. 99.08ശതമാനം വിജയം. ഇവിടെ152 പേർക്ക് ഫുൾ എ പ്ലസ് ലഭിച്ചു.

Tags:    
News Summary - V.D. Satheesan also said that he holds all children close to his heart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.