യു.പി കേരളം ആകാതിരിക്കാൻ ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ചിരുന്നു.
'പ്രിയപ്പെട്ട യു.പി, കേരളം പോലെയാകാൻ വോട്ട് ചെയ്യൂ. ബഹുസ്വരതയും സൗഹാർദ്ദവും തെരഞ്ഞെടുക്കൂ. കേരളീയരും ബംഗാളികളും കശ്മീരികളും അഭിമാനമുള്ള ഇന്ത്യക്കാർ തന്നെയാണ്' -പ്രതിപക്ഷനേതാവ് ട്വീറ്റ് ചെയ്തു.
ട്വിറ്ററിലൂടെയാണ് പിണറായിയും മറുപടി നൽകിയത്. കേരളത്തിൽ മതത്തിന്റെയോ ജാതിയുടെയോ പേരിൽ ആളുകൾ കൊല്ലപ്പെടുന്നില്ലെന്നും ഇതാണ് യു.പിയിലെ ജനങ്ങളും ആഗ്രഹിക്കേണ്ടതെന്നും പിണറായി ട്വീറ്റ് ചെയ്തു. യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് മറുപടി. 'യു.പി കേരളം പോലെ ആകുന്നതിനെ യോഗി ഭയക്കുകയാണല്ലോ.
അങ്ങനെ യു.പി കേരളത്തെപ്പോലെ ആയാൽ, മികച്ച വിദ്യാഭ്യാസം,ആരോഗ്യ സംവിധാനം, സാമൂഹിക അഭിവൃദ്ധി, ജീവിത നിലവാരം, സാമൂഹിക സൗഹാർദ്ദം എന്നിവ ആസ്വദിക്കാൻ യു.പിക്ക് ആകും. കേരളത്തിൽ മതത്തിന്റെയും ജാതിയുടെയും പേരിൽ ആരും കൊല്ലപ്പെടില്ല. യു.പിയിലെ ജനങ്ങളും അതാണ് ആഗ്രഹിക്കുന്നത്. -പിണറായി ട്വീറ്റ് ചെയ്തു. യോഗിയുടെ പരാമർശത്തിനെതിരെ സീതാറാം യെച്ചൂരിയും രംഗത്തുവന്നിരുന്നു. നീതി ആയോഗിന്റെ വികസന സൂചികയിൽ കേരളം ഒന്നാമത് ആണെന്നും കേരളത്തെപ്പോലെയാകാൻ യു.പി ബി.ജെ.പിയെ തുരത്തി ഒാടിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഉത്തർ പ്രദേശുകാർ സൂക്ഷിക്കണമെന്നും ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കിൽ യു.പി കശ്മീരോ ബംഗാളോ കേരളമോ പോലെ ആകുമെന്നും യോഗി രാവിലെ പ്രസ്താവന നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.