വി.ഡി. സതീശൻ

ഐ.എൻ.എല്ലിനെ കക്ഷത്തുവെച്ച് ഗോവിന്ദൻ മതേതരത്വം പഠിപ്പിക്കേണ്ട -വി.ഡി. സതീശൻ; ‘ലീഗി​നെ ഒപ്പം കൂട്ടാൻ സി.പി.എം പലതവണ ശ്രമിച്ചിട്ടും നടക്കാതെ പോയിട്ട് ഇപ്പോൾ കുറ്റം പറയുന്നു’

കണ്ണൂർ: മുസ്‍ലിം ലീഗിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ ഐ.എൻ.എല്ലിനെ കക്ഷത്തുവെച്ചാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ യു.ഡി.എഫിനെ മതേതരത്വം പഠിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുസ്‍ലിം ലീഗി​നെ ഒപ്പം കൂട്ടാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതെ പോയിട്ട് ഇപ്പോൾ ലീഗിനെ കുറ്റം പറയുകയാണെന്നും വേറെ പണി നോക്കുന്നതാണ് അവർക്ക് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു. വർഗീയത പറയുന്നവർ ഭൂരിപക്ഷ സമുദായക്കാരനാണോ ന്യൂനപക്ഷ സമുദായക്കാരനാണോ എന്ന് നോക്കാതെ കൃത്യമായ നിലപാട് എടുക്കുന്നവരാണ് യു.ഡി.എഫ് എന്നും വി.ഡി. സതീശൻ കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് കൃത്യമായ നിലപാടാണ് മുസ്‍ലിം ലീഗ് കൈക്കൊണ്ടത്. മതേതര നിലപാട് ആണത്. അതിനെ തള്ളിപ്പറഞ്ഞ് ലീഗിന് തീവ്രതയില്ലെന്ന് പറഞ്ഞ് ​പുറത്തുപോയവരാണ് ഐ.എൻ.എൽ. എന്നിട്ടാണ് ലീഗിനെ മതേതരത്വം പഠിപ്പിക്കാൻ വരുന്നത്. യു.ഡി.എഫ് എല്ലാ സമുദായ സംഘടനകളുമായും നല്ല ബന്ധത്തിലാണ്. എൻ.എസ്.എസ് എല്ലാ കാലത്തും സമദൂര നിലപാടാണ് സ്വീകരിക്കുന്നത്. അവർ ഇപ്പോൾ സർക്കാരുമായി ബന്ധപ്പെട്ട ഒരു വിഷയത്തിൽ അഭിപ്രായം പറഞ്ഞു. അതിൽ യു.ഡി.എഫിന് ഒരു അസ്വസ്ഥതയുമില്ല. അതിന്റെ ആവശ്യവുമില്ല.

വർഗീയതയെ എതിർക്കുകയാണ് യു.ഡി.എഫ് നിലപാട്. വർഗീയതക്ക് എതിരാണ് തങ്ങളുടെ നിലപാട് എന്ന് സുകുമാര പണിക്കർ പലതവണ വിശദീകരിച്ചതാണ്. സർക്കാർ ഭക്തരെ കബളിപ്പിക്കുമ്പോൾ ആ പൊയ്മുഖം പുറത്തുകാണിക്കുകയാണ് തങ്ങൾ ചെയ്തത്. താൽക്കാലിക ലാഭത്തിന് വേണ്ടി ആ നിലപാട് മാറ്റില്ല. ആര് വർഗീയത പറഞ്ഞാലും മുഖം നോക്കാതെ നിലപാട് പറയുമെന്നും വി.ഡി. സതീശൻ പറഞ്ഞു.

Tags:    
News Summary - vd satheesan against inl and cpm

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.