'രാജ്യത്ത് എല്ലാ‍യിടത്തേക്കും വന്ദേഭാരത്'; ഒമ്പത് ട്രെയിനുകൾ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കാസർകോട്: : കേരളത്തിന് ലഭിച്ച രണ്ടാം വന്ദേഭാരത് എക്സ്പ്രസിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. കാസർകോട് നിന്ന് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ഉൾപ്പെടെ രാജ്യത്തെ ഒമ്പതു വന്ദേഭാരത് ട്രെയിനുകളുടെ ഫ്ളാഗ് ഓഫ് ഓൺലൈൻ വഴിയാണ് പ്രധാമനന്ത്രി നിർവ്വഹിച്ചത്. ടൂറിസം വളര്‍ച്ചക്ക് വന്ദേഭാരത് വഴിയൊരുക്കുന്നുവെന്നും കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനുള്ളില്‍ റെയില്‍വേ വികസിച്ചുവെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മോദി വ്യക്തമാക്കി.

രാജ്യത്ത് എല്ലാ ഇടത്തേക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഇടത്തേക്കും വന്ദേ ഭാരത് സർവീസുകൾ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട് റെയിൽവേ സ്റ്റേഷനിൽ നടന്ന ചടങ്ങിൽ കേന്ദ്രസഹമന്ത്രി വി. മുരളീധരൻ, റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.

ഉദയ്‌പുർ-ജയ്‌പുർ, തിരുനെൽവേലി-മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ-ചെന്നൈ, പട്‌ന-ഹൗറ, റൂർക്കേല-ഭുവനേശ്വർ-പുരി, റാഞ്ചി-ഹൗറ, ജാംനഗർ-അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് മറ്റ് വന്ദേഭാരത് സർവ്വീസുകൾ.ചൊവ്വാഴ്ച തിരുവനന്തപുരത്തുനിന്നാണ് രണ്ടാം വന്ദേഭാരതിന്റെ ആദ്യ സർവീസ്. ആഴ്ചയിൽ ആറുദിവസം ട്രെയിൻ ഓടും. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ തിരുവനന്തപുരത്തുനിന്നും ചൊവ്വ ഒഴികെയുള്ള ദിവസങ്ങളിൽ കാസർകോട്ടുനിന്നും സർവീസ് നടത്തും.

കാസർകോട് - തിരുവനന്തപുരം വന്ദേ ഭാരത് ട്രെയിൻ രാവിലെ ഏഴ് മണിക്കാണ് യാത്ര പുറപ്പെടുക. 7.55ന് ട്രെയിൻ കണ്ണൂരെത്തും. 8.57നാണ് ട്രെയിൻ കോഴിക്കോടെത്തുക. 9.22ന് തിരൂർ, 9.58ന് ഷൊർണൂർ, 10.38ന് തൃശ്ശൂർ, എറണാകുളത്ത് 11.45, ഉച്ചക്ക് 12.32ന് ആലപ്പുഴ, 1.40ന് കൊല്ലം, 3.05ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സമയക്രമം. എട്ട് മണിക്കൂറും അഞ്ച് മിനുട്ടുമാണ് കാസർകോട് നിന്ന് തിരുവനന്തപുരത്ത് എത്താൻ എടുക്കുന്ന സമയം. തിരിച്ച് വൈകീട്ട് 4.05ന് ട്രെയിൻ കാസർകോടേക്ക് പുറപ്പെടും. എറണാകുളത്ത് 6.35നും 8.52ന് തിരൂരിലുമെത്തും. 9.23ന് കോഴിക്കോട്ടെത്തുന്ന ട്രെയിൻ 10.24ന് കണ്ണൂരിലും 11.58ന് കാസർകോടും എത്തിച്ചേരും. രണ്ടാം വന്ദേ ഭാരതത്തിന് തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

കോട്ടയം വഴി ഓടുന്ന ആദ്യ വന്ദേ ഭാരത് ട്രെയിനിന്റെ പകുതി സീറ്റുകളേ ആലപ്പുഴ വഴി ഓടുന്നതിലുള്ളൂ. കോട്ടയം വഴിയുള്ളതിൽ 16 കോച്ചുണ്ട്. ആലപ്പുഴ വഴിയുള്ളതിന് എട്ട് കോച്ച് മാത്രം. ഇതിൽ ഒരെണ്ണം എക്സിക്യൂട്ടിവ്. ശേഷിക്കുന്നവ ചെയർ കാർ. ആകെ 540 സീറ്റുകളാണുള്ളത്. കാസർകോട്-തിരുവനന്തപുരം യാത്രക്ക് ചെയർ കാറിൽ 1555 രൂപയും എക്‌സിക്യുട്ടീവിന് 2835 രൂപയുമാണ്. എന്നാൽ തിരുവനന്തപുരം-കാസർകോട് യാത്രക്ക് ഇത് 1515 രൂപ, 2800 രൂപ വീതമാണ്.

Tags:    
News Summary - Vande Bharat everywhere in the country; Prime Minister flagged off nine trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.