മലപ്പുറം: വിനോദ സഞ്ചാരത്തിനിടെ വാൽപ്പാറ ദുരന്തത്തിൽ ജീവനറ്റ പ്രിയപ്പെട്ട അധ്യാപകർക്കും സഹപ്രവർത്തകർക്കും കണ്ണീരിൽകുതിർന്ന യാത്രാമൊഴി. തങ്ങളുടെ നാടിന് അറിവിൻ വെളിച്ചമേകിയ സ്കൂളിന്‍റെ എല്ലാമെല്ലാമായ അധ്യാപകർക്കും സഹപ്രവർത്തകർക്കും വിദ്യാർഥികളും സഹപ്രവർത്തകരും നാട്ടുകാരും അന്തിമോചരമർപ്പിക്കുന്ന വൈകാരിക രംഗങ്ങളായിരുന്നു അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് കണ്ടത്. കണ്ണീരും വിലാപവും മൈതാനത്ത് നിറഞ്ഞുനിന്നു.
കനത്ത ചൂടിനെ വക വെക്കാതെ ആയിരങ്ങളാണ് തങ്ങളുടെ പ്രിയപ്പെട്ടവരുടെ അന്ത്യയാത്രയിൽ അനുഗമിക്കാനെത്തിയത്. മരിച്ച ഒമ്പതു പേരിൽ എട്ട് പേരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചു. സംസ്കാര ചടങ്ങുകൾ ഉച്ചയോടെ വിവിധയിടങ്ങളിൽ പൂർത്തിയായി. മൂന്നു പള്ളികളിലായാണ് ഏഴു പേർക്ക് അന്ത്യ വിശ്രമം ഒരുക്കിയത്. അധ്യാപകൻ മജീദ്, ഭാര്യ റുഖിയ എന്നിവരുടെ ഖബറടക്കം പാങ്ങ് മാട്ടാത്ത് ജുമാമസ്ജിദിലും അധ്യാപകരായ റംല, ഷക്കീല എന്നിവരുടെയും പാചക തൊഴിലാളി സാജിതയുടെയും ഖബരടക്കം പാങ്ങ് വലിയ ജുമാഅത്ത് പള്ളിയിലും അധ്യാപിക സുഹറയുടെയും മകൻ ഹിഷാമിന്‍റെയും ഖബറടക്കം ഈസ്റ്റ് പാങ്ങ് ജുമാമസ്ജിദിലും നടന്നു. കൊളത്തൂർ തറവാട്ട് വീട്ടിലായിരുന്നു അധ്യാപിക ആശയുടെ സംസ്കാരം. പ്രധാധ്യാപിക അജിതയുടെ സംസ്കാരം ഷൊർണുർ ശാന്തിതീരത്താണ് നടക്കും. മലപ്പുറം പാങ്ങ് ഗവ. ഹയർസെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന പൊതു ദർശനത്തിൽ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്കു കാണാനായി ആയിരങ്ങൾ ഒഴുകിയെത്തി.
പോസ്റ്റുമോർട്ടം കഴിഞ്ഞ് മൃതദേഹങ്ങളുമായി ആംബുലൻസുകൾ പുറപ്പെട്ടതായി പൊള്ളാച്ചിയിൽ നിന്ന് വിവരം കിട്ടിയപ്പോൾ മുതൽ തന്നെ പ്രിയപ്പെട്ടവരെ ഏറ്റുവാങ്ങാനായി നാട് തയ്യാറെടുപ്പ് തുടങ്ങിയിരുന്നു. തങ്ങളുടെ പ്രിയ അധ്യാപകർക്ക് യാത്രാമൊഴിനൽകാൻ യൂണിഫോമിലായിരുന്നു പാങ്ങ് എൽ.പി സ്കൂളിലെ കൊച്ചു കുട്ടികൾ എത്തിയത്. ദുരന്തത്തിന്‍റെ ആഴം മനസ്സില്ലാക്കാൻ കഴിയാത്ത കുട്ടികളുടെ മുഖം നാട്ടുകാരുടെ സങ്കടം ഇരട്ടിപ്പിച്ചു.
ഒന്‍പതു മണിയോടെ ദുരന്തത്തിൽ മരിച്ച ഒൻപത് പേരുടെയും ഭൗതിക ശരീരങ്ങളും വഹിച്ചുള്ള തമിഴ്നാട് ഹെൽത്ത് സർവീസിന്‍റെ ആംബുലൻസുകൾ സ്കൂളിന്റെ പടികടന്നു. അന്തിമോപചാരമർപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, പാണക്കാട് സാദിഖലി തങ്ങൾ, പി,കെ കുഞ്ഞാലിക്കുട്ടി, മഞ്ഞളാംകുഴി അലി എം.എൽ.എ ഉൾപ്പെടെ നിരവധി പ്രമുഖരും പന്തലിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.