വാൽപ്പാറ: മരണം മണക്കുന്ന ഹെയർപിൻ വളവുകൾ; എട്ട് വർഷത്തിനിടെ പൊലിഞ്ഞത് ഇരുപതിലധികം ജീവനുകൾ

അതിരപ്പിള്ളി: വാൽപ്പാറയുടെ വിനോദസഞ്ചാരത്തിന് എക്കാലത്തും സാഹസികമായ സൗന്ദര്യമുണ്ട്. എന്നാൽ, ഒരു നിമിഷത്തെ അശ്രദ്ധ മതി മരണത്തിലേക്ക് കാൽ തെറ്റി വീഴാൻ. പശ്ചിമഘട്ടത്തിൽ 3,500 അടി ഉയരത്തിലാണ് വാൽപ്പാറ നഗരം. നൂറ്റാണ്ടുകൾക്ക് മുമ്പ് ബ്രിട്ടീഷുകാരാണ് പ്രകൃതിസുന്ദരമായ മലനിരകളിൽ തേയില കൃഷി ആരംഭിച്ചത്. പതുക്കെ അത് തിരക്കേറിയ വിനോദസഞ്ചാര മേഖലയായി മാറുകയായിരുന്നു. ഇവിടുത്തെ മുഖ്യ ആകർഷണം വാൽപ്പാറയിൽ നിന്ന് ആളിയാറിെൻറ മടിത്തട്ടിലേക്ക് ചെങ്കുത്തായി ഇറങ്ങിവരുന്ന 40 ഹെയർ പിൻവളവുകളുള്ള റോഡാണ്.

സുരക്ഷിതത്വത്തിനായി സംരക്ഷണ ഭിത്തി കെട്ടി ഓരോ വളവിനും നമ്പർ രേഖപ്പെടുത്തി വഴിയിൽ ഉടനീളം ബോർഡുകൾ സ്ഥാപിക്കുകയും അപകട മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്. എന്നാൽ, കയറിയിറങ്ങുന്നതിനിടെ വാഹനത്തിന്റെ ബ്രേക്ക് കാര്യക്ഷമമല്ലെങ്കിൽ വൻ ദുരന്തത്തിലേക്ക് വഴിതുറക്കും. ഇവിടെ വാഹനങ്ങൾ നിയന്ത്രണം തെറ്റി താഴോട്ട് പതിക്കാറുണ്ട്. മറ്റൊരു അപകടമേഖല ആഴമേറിയ തടാകങ്ങളും അടിയൊഴുക്കേറിയ തോടുകളുമാണ്. ഇവയിൽ ഇറങ്ങിയവർ പലപ്പോഴും അപകടത്തിൽപെട്ടിട്ടുണ്ട്. ആനമല കടുവ സങ്കേതത്തിെൻറ ഭാഗമായ ഘോരവനാന്തരത്തിൽ കടുവകൾ, കാട്ടാനകൾ, കരടികൾ തുടങ്ങിയവ ജീവന് ഭീഷണിയാണ്. ഇവിടുത്തെ തോട്ടം തൊഴിലാളികളും ആദിവാസികളും വന്യമൃഗങ്ങളുടെ ഭീഷണിയിലാണ്. അടുത്തിടെയാണ് ഇവിടെ വിദേശസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്നത്.

കഴിഞ്ഞ എട്ട് വർഷത്തിനിടെ 20ലധികം പേരാണ് ഇവിടെ വാഹനാപകടങ്ങളിൽ പെട്ട് മരിച്ചിട്ടുള്ളത്. 40ലധികം ഹെയർ പിൻ വളവുകളുള്ള വാൾപ്പാറ മലയോര പാതയിലൂടെ സഞ്ചരിക്കു മ്പോൾ ജാഗ്രത പുലർത്തമെന്ന നിർദേശം നൽകാറുണ്ടെങ്കിലും അപകടങ്ങൾക്ക് കുറവുണ്ടായിട്ടില്ല. അപകടമൊഴിവാക്കാൻ വാഹനങ്ങൾ ശ്രദ്ധാപൂർവം ഓടിക്കണമെന്ന് പൊലീസ് നിരന്തരം ഉണർത്തുന്നതായി അധികൃതർ പറഞ്ഞു.

ദുരന്തങ്ങൾക്ക് വഴിമാറി തമിഴ്പാതകൾ

തിരുവനന്തപുരം: വിനോദ യാത്രകൾക്കും തീർഥാടനങ്ങൾക്കുമായി പ്രതിദിനം ആയിരങ്ങളാണ് അതിർത്തി കടക്കുന്നതെങ്കിലും അപകടം പതിയിരിക്കുന്ന തമിഴ്പാതകൾ അപ്രതീക്ഷിത ദുരന്തങ്ങൾക്ക് വഴിമാറുന്നത് തുടർക്കഥ. തമിഴ്‌നാട്ടിലെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ, പ്രത്യേകിച്ച് പശ്ചിമഘട്ട മലനിരകളിലൂടെയുള്ള ചുരം പാതകൾ, ഹെയർപിൻ വളവുകൾ, കുത്തനെയുള്ള പാതകൾ, ഡ്രൈവർമാരുടെ പരിചയക്കുറവ് തുടങ്ങി നിരവധി കാരണങ്ങൾ ഇതിന് പിന്നിലുണ്ട്.

കേരളത്തിൽനിന്ന് തമിഴ്‌നാട്ടിലെ പ്രശസ്ത തീർഥാടന കേന്ദ്രങ്ങളായ പളനി, വേളാങ്കണ്ണി, നാഗൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന സംഘങ്ങൾ തമിഴ്‌നാട്ടിലെ റോഡുകളിൽ അപകടത്തിൽ പെടുന്ന നിരവധി സംഭവങ്ങൾ സമീപകാലത്തുണ്ടായി. ഇതിൽ ഏറ്റവും ദാരുണമായത് 2018 മേയ് ഒമ്പതിന് പളനിക്ക് സമീപം കോട്ടയം ജില്ലയിലെ മുണ്ടക്കയത്തിനടുത്തുള്ള കോരുത്തോട് സ്വദേശികളായ ഏഴുപേർ മരിച്ചതാണ്.

പുലർച്ചെയുണ്ടായ അപകടത്തിൽ ഇവർ സഞ്ചരിച്ച മിനിവാൻ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തേനി മേഖലയിൽ സമാനമായ നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2016 ജൂലൈ 25ന് ഇടുക്കി കട്ടപ്പനയിൽനിന്ന് വേളാങ്കണ്ണിയിലേക്ക് തീർഥാടനത്തിന് പോയ സംഘത്തിന്റെ വാൻ സർക്കാർ ബസുമായി കൂട്ടിയിടിച്ച് ആറുപേരാണ് മരിച്ചത്. തേനി ജില്ലയിലെ ദേവദാനപ്പട്ടിക്ക് സമീപം പുലർച്ചെയായിരുന്നു ഈ സംഭവം.

2024 ഡിസംബർ 28ന് തേനി-പെരിയകുളം പാതയിൽ കോട്ടയം കുറവിലങ്ങാട് സ്വദേശികൾ സഞ്ചരിച്ച വാൻ ടൂറിസ്റ്റ് വാനുമായി കൂട്ടിയിടിച്ച് മൂന്നുപേരുടെ ജീവനാണ് റോഡിൽ പൊലിഞ്ഞത്. കാർ പൂർണമായും തകരുകയും വാനിലുണ്ടായിരുന്ന 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2020 ഫെബ്രുവരി 20ന് തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ അവിനാശിയിലുണ്ടായ ബസ് അപകടം സമീപകാലത്തെ ഏറ്റവും കറുത്ത അധ്യായമാണ്. ഇതിൽ വില്ലനായത് എതിരെ വന്ന വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്. ബംഗളൂരുവിൽനിന്ന് കൊച്ചിയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി വോൾവോ ബസും ടൈലുകൾ കയറ്റിവന്ന കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് 19 പേരാണ് മരിച്ചത്. ലോറി നിയന്ത്രണംവിട്ട് ഡിവൈഡറും കടന്നാണ് ബസിലേക്ക് ഇടിച്ചുകയറിയത്. നിരവധി പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ബംഗളൂരുവിൽ ജോലി ചെയ്യുന്ന വിദ്യാർഥികൾ ഉൾപ്പെട്ട സംഘമാണ് ഈ അപകടത്തിൽ ഇരകളായത്.

ഊട്ടിയിലേതുപോലുള്ള കുത്തനെയുള്ള പാതകളിൽ തുടർച്ചയായി ബ്രേക്ക് ഉപയോഗിക്കുന്നത് ബ്രേക്ക് സിസ്റ്റം ചൂടാകാനും അത് പ്രവർത്തനരഹിതമാകാനും തുടർന്ന് നിയന്ത്രണം നഷ്ടപ്പെകാനും കാരണമാകുന്നു.

പരിചയമില്ലാത്ത ഡ്രൈവർമാർ താഴ്ന്ന ഗിയറിൽ വാഹനം ഇറക്കുന്നതിന് പകരം ബ്രേക്കിനെ മാത്രം ആശ്രയിക്കുന്നത് ഇത്തരം അപകടങ്ങൾക്ക് വഴിവെക്കുന്നുവെന്ന് പഠനങ്ങളിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിൽ നിന്നുള്ള സംഘങ്ങൾ ദീർഘദൂര യാത്രകളിൽ ആവശ്യമായ വിശ്രമമില്ലാതെ വാഹനം ഓടിക്കുന്നതും അപകടസാധ്യത സൃഷ്ടിച്ചിട്ടുണ്ട്.

Tags:    
News Summary - Valparai: More than twenty lives lost in eight years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.