പൂക്കൾ പനിനീർ പൂക്കൾ... നൊമ്പരമായി ആശ ടീച്ചറുടെ പാട്ട്

മലപ്പുറം: "പൂക്കൾ പനിനീർ പൂക്കൾ... നീയും കാണുന്നുണ്ടോ..." വിനോദസഞ്ചാരം ദുരന്തത്തിലേക്ക് വഴുതിവീഴുന്നതിന് തൊട്ടുമുമ്പ് ആശ ടീച്ചർ വാനിലിരുന്ന് പാടിയ പാട്ട് ഇന്ന് കേരളത്തിന്‍റെയാകെ നൊമ്പരമായി മാറിയിരിക്കുയാണ്. മലപ്പുറത്തെ പാങ്ങ് ഗ്രാമത്തിലെ ഒരു സ്കൂളിനെ അനാഥമാക്കി, നാടിനെ സങ്കടക്കടലിലാക്കി ഒമ്പതു പേരുടെ ജീവൻ നഷ്ടമായ തീരാനൊമ്പരത്തിന്‍റെ ഈണം. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അധ്യാപകരും ജീവനക്കാരും വാൽപ്പാറയുടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച് മടങ്ങുന്നതിനിടെയായിരുന്നു ആശ ടീച്ചറുടെ മനോഹര ഗാനം. യാത്രക്കിടെയുള്ള ഇത്തരത്തിലുള്ള ഫോട്ടോയും വീഡിയോയുമെല്ലാം സംഘം സഹപ്രവർത്തകർക്കും സുഹൃത്തുക്കൾക്കും അയച്ചുകൊടുത്തിരുന്നു.

വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ട്രാവലർ വാൻ താഴ്ചയിലേക്ക് മറിഞ്ഞ് പലതവണ മലക്കം മറിഞ്ഞ് 9-ാം വളവിലേക്കാണ് പതിച്ചത്. അധ്യാപകരും ജീവനക്കാരും പാചകതൊഴിലാളിയും അടങ്ങിയ ആ സംഘത്തിന്റെ ആഹ്ലാദം നിമിഷനേരം കൊണ്ട് ദുരന്തമായി. വാഹനം പൂർണ്ണമായും തകർന്നുപോയ ആ അപകടത്തിൽ എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.

പത്ത് അധ്യാപകരുണ്ടായിരുന്ന ആ വിദ്യാലയത്തിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രം. ആശ ടീച്ചറുടെ മകൻ പാങ്ങ് സ്കൂളിലെ ഒന്നാം ക്ലാസ്സിലാണ് പഠിക്കുന്നത്. സാധാരണയായി എല്ലാ യാത്രകളിലും മകൻ അജുവിനെ കൂടെക്കൂട്ടാറുള്ള ടീച്ചർ, ഈ യാത്രയിൽ മാത്രം അവനെകൂടെകൂട്ടിയിരുന്നില്ല. ദുരന്തത്തിൽ മരിച്ച ഒമ്പതു പേരുടെയും മൃതദേഹങ്ങൾ അമ്പലപ്പറമ്പ് സ്കൂളിലെ പൊതുദര്‍ശനത്തിന് ശേഷം വീടുകളിലേക്ക് കൊണ്ടുപോയി. വൈകാരിക രംഗങ്ങൾക്കാണ് പൊതുദർശന വേദി സാക്ഷിയായത്. ഒമ്പതുമണിയോടെയായിരുന്നു മൃതദേഹം പൊതു ദർശനത്തിനായി അമ്പലപ്പറമ്പ് ഹയര്‍സെക്കന്‍ഡറി സ്കൂൾ മുറ്റത്തേക്ക് എത്തിയത്.

മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ഗവണ്മെന്‍റ് എൽ.പി സ്‌കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘം സഞ്ചരിച്ച വാൻ ഇന്നലെ വൈകിട്ട് 5.20 ന് ആണ് വാൽപാറ ചുരം റോഡിൽ 300 അടി താഴ്ചയിലേക്ക് മറിഞ്ഞത്. പൊള്ളാച്ചിയിൽനിന്ന് 30 കിലോമീറ്റർഅകലെയാണ് അപകടമുണ്ടായ സ്ഥലം. ഏഴു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേരാണ് അപകടത്തിൽ മരിച്ചത്.

മലപ്പുറം പുലാമന്തോൾ സ്വദേശിയും പാങ്ങ് ജിഎൽപി സ്കൂളിലെ പ്രധാന അധ്യാപികയുമായ അജിത(54), പാങ്ങ് സ്വദേശികളായ അധ്യാപികമാരായ റംല(52), സുഹറ(43), ആശ(41), അധ്യാപകനായ മജീദ്(43), മജീദിന്റെ ഭാര്യ റുഖിയ(39), സ്കൂളിലെ ബസ് ഡ്രൈവർ നൗഷാദ് (39), സ്കൂളിലെ പാചകത്തൊഴിലാളി സാജിത(45) എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അപകടത്തിൽ മരിച്ച അധ്യാപിക സുഹറയുടെ മകൻ ഹിഷാം (12) പൊള്ളാച്ചി ആശുപത്രിയിൽ എത്തിയ ശേഷം മരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.