വാളയാറിലെ കുഞ്ഞുങ്ങൾക്ക് നീതി ലഭിക്കാൻ ഇനിയും സാധ്യതയില്ലെന്ന് മുൻ പബ്ലിക് പ്രോസിക്യൂട്ടർ

പാലക്കാട്: വാളയാർ പീഡനക്കേസിൽ കുഞ്ഞുങ്ങള്‍ക്ക് ഇനിയും നീതി കിട്ടാന്‍ സാധ്യത ഇല്ലെന്നാണ് താൻ കരുതുന്നതെന്ന് മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജലജ മാധവന്‍. പുനരന്വേഷണമാണ് ആവശ്യപ്പെട്ടതെന്നും പുനർവിചാരണക്ക് മാത്രമാണ് കോടതി ഉത്തരവിട്ടതെന്നും അവർ ചൂണ്ടിക്കാട്ടി.

വാളയാർ കേസിന്‍റെ സമയത്ത് മൂന്ന് മാസം ജലജ മാധവൻ ആയിരുന്നു പബ്ലിക് പ്രോസിക്യൂട്ടർ. ഇവരെ പിന്നീട് സ്ഥാനത്ത് നിന്ന് മാറ്റുകയായിരുന്നു. കേസിൽ വീഴ്ച വരുത്തിയതിന് മുഖ്യമന്ത്രി പ്രോസിക്യൂട്ടർമാരെ കുറ്റപ്പെടുത്തുകയാണെന്ന് ജലജ മാധവൻ നേരത്തെ ആരോപിച്ചിരുന്നു.

വാളയാറിൽ ഒമ്പതും 13ഉം വയസുള്ള സഹോദരിമാരെ ദുരൂഹസാഹചര്യത്തിൽ മരിച്ച കേസിൽ പ്രതികളെ വെറുതെവിട്ട പോക്സോ കോടതി വിധി ഇന്ന് ഹൈകോടതി റദ്ദാക്കിയിരുന്നു. പുനർവിചാരണ നടത്താനും പ്രതികളെ 20ന് കോടതിയിൽ ഹാജരാക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.

കേസിൽ പുനരന്വേഷണം വേണമെങ്കിൽ പ്രോസിക്യൂഷന് വിചാരണകോടതിയെ സമീപിക്കാമെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു.

അന്വേഷണത്തിലും വിചാരണയിലും വീഴ്ചയുണ്ടായതായി സർക്കാർ തന്നെ സമ്മതിച്ച കേസാണിത്. സർക്കാറിന്‍റെയും പെൺകുട്ടികളുടെ രക്ഷിതാക്കളുടെയും അപ്പീൽ പരിഗണിച്ചാണ് വിചാരണകോടതി വിധി ഹൈകോടതി റദ്ദാക്കിയത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.