മലപ്പുറം: വളാഞ്ചേരി സ്വദേശിനിക്ക് നിപ്പ സ്ഥിരീകരിച്ച സംഭവത്തിൽ ആറ് പേർ കൂടി ‘ഹൈ റിസ്കി’ൽ. 49 പേരുടെ സമ്പർക്കപ്പട്ടിക ഇതിനകം തയാറാക്കി. ഇതിൽ ആറ് പേർ രോഗിയുമായി അടുത്തിടപഴകിയവരാണ്. അഞ്ച് പേർ മഞ്ചേരി മെഡി. കോളജിലും ഒരു നഴ്സ് എറണാകുളത്തെ ആശുപത്രിയിലുമാണ് ഐസൊലേഷനിലുള്ളത്. എറണാകുളത്തെ ആൾ സ്റ്റാഫ് നഴ്സാണ്. ചെറിയ ലക്ഷണങ്ങൾ ഉള്ളവരാണ് ആറ് പേർ എന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.
ഇവരുടെ സ്രവം പരിശോധനക്ക് അയക്കുന്നുണ്ട്. പെരിന്തൽ മണ്ണ സ്വകാര്യ ആശുപത്രി വെന്റിലേറ്ററിൽ കഴിയുന്ന നിപ്പ സ്ഥിരീകരിച്ച രോഗിയുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. പെരിന്തൽ മണ്ണ ആശുപത്രിയിലെ 25 പേർ നിരീക്ഷണത്തിലാണ്. വളാഞ്ചേരിയിൽ രോഗിയുടെ വീടിനയൽപക്കത്തെ പൂച്ച ചത്ത സംഭവം ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്. പൂച്ചയിൽ നിന്ന് വൈറസ്ബാധയുണ്ടാകാനുള്ള സാധ്യത ഏറെയാണെന്ന വിദഗ്ധാഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണിത്. പൂച്ചയുടെ ജഡം പോസ്റ്റ് മോർട്ടം നടത്തി സാമ്പിൾ ഭോപ്പാലിലേക്ക് പരിശോധനക്കയക്കുന്നുണ്ട്.
അതിനിടെ രോഗിയുടെ റൂട്ട് മാപ്പ് തയാറാക്കി. ഇത് പ്രകാരം 25 നാണ് വളാഞ്ചേരിയിലെ സ്ത്രീക്ക് പനി തുടങ്ങിയത്. ഏപ്രിൽ 26ന് വീട്ടിൽ നിന്ന് ഭർത്താവിന്റെ കൂടെ വളാഞ്ചേരി ബി.കെ. മെഡിക്കൽ സ്റ്റോറിനോട് ചേർന്നുള്ള ഡോ. വിനീത ക്ലിനിക്കിൽ ഭർത്താവിനൊപ്പം പോയി. രാവിലെ 7.30 മുതൽ 8.30 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്ന് കാറിൽ വീട്ടിലേക്ക് പോയി. ഏപ്രിൽ 27 ന് വീട്ടിൽ തന്നെ ചെലവഴിച്ചു. 28ന് ബൈക്കിൽ ഭർത്താവിനൊപ്പം വളാഞ്ചേരി ബ്ലോക് കുടുംബാരോഗ്യകേന്ദ്രത്തിൽ പോയി. അവിടെ 10.30 മുതൽ 3.30 വരെ ഒ.പി വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിഞ്ഞു.
പിന്നീട് ബൈക്കിൽ വീട്ടിലേക്ക് പോയി. 29 ന് വീട്ടിൽ നിന്ന് ബൈക്കിൽ 8.25ന് സുധർമ ലാബിൽ പോയി. 7.25ന് വളാഞ്ചേരി ബി.കെ.മെഡിക്കൽസിനോട് ചേർന്നുള്ള ഡോ. വിനീത ക്ലിനിക്കിൽ പോയി. അവിടെ 7.30 മുതൽ 8.30 വരെ ചെലവഴിച്ചു. പിന്നീട് ബൈക്കിൽ വീട്ടിലേക്ക് പോയി. 30ാം തിയതി വീട്ടിൽ നിന്ന് ബ്രദേഴ്സ് ലാബിൽ പോയി. 8.മുതൽ 8.30 വരെ അവിടെ ചെലവഴിച്ചു. മെയ് ഒന്നിന് വീട്ടിൽ നിന്ന് ബൈക്കിൽ ബ്രദേഴ്സ് ലാബിൽ പോയി (രാവിലെ 7.50) അവിടെ നിന്ന് വീട്ടിലേക്ക്. രാത്രി വളാഞ്ചേരി ബി.കെ. മഡിക്കൽസിനോട് ചേർന്നുള്ള ഡോ. വിനീത ക്ലിനിക്കിൽ പോയി. രാത്രി 7.30 മുതൽ 8.30 വരെ അവിടെ ചെലവഴിച്ചു. അവിടെ നിന്ന് പെരിന്തൽമണ്ണ ഇ.എം.എസ് ഹോസ്പിറ്റലിൽ പോയി. രാത്രി 10 മണിമുതൽ 11 വരെ അത്യാഹിത വിഭാഗത്തിൽ ആയിരുന്നു. 11 മണിക്ക് റൂമിലേക്ക് മാറ്റി. മെയ് രണ്ടിനാണ് ഐ.സിയുവിലേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.