വി.ശിവൻകുട്ടി

പി.എം ശ്രീ ഒപ്പിട്ടതുകൊണ്ട് കേന്ദ്ര സിലബസ് പഠിപ്പിക്കുമെന്ന് കരുതേണ്ട, കേരളം പഠിപ്പിക്കുന്നത് ഗാന്ധി ഘാതകൻ ഗോഡ്സെ എന്ന് തന്നെ -വി. ശിവൻകുട്ടി

തിരുവനന്തപുരം: കേരളത്തിലെ പാഠ്യപദ്ധതിയിൽ ആർ.എസ്.എസ് സ്ഥാപകൻ ഹെഡ്ഗേവറെയും സവർക്കറെയും ഉൾപ്പെടുത്തുമെന്ന ബി.ജെ.പി മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ പ്രസ്താവനക്കെതിരെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. രാഷ്ട്രീയ ലക്ഷ്യംവെച്ചുള്ള വ്യാജപ്രചാരണം മാത്രമാണിതെന്ന് അദ്ദേഹം പറഞ്ഞു.

കേരളത്തിന്റെ വിദ്യാഭ്യാസ നയത്തെക്കുറിച്ച് ബി.ജെ.പി നേതാവിന് ധാരണയില്ലാത്തതുകൊണ്ടാണ് ഇത്തരം അസംബന്ധ പ്രസ്താവനകൾ നടത്തുന്നത്. കേന്ദ്ര സർക്കാറിന്റെ പി.എം. ശ്രീ പദ്ധതിയിൽ കേരളം ഒപ്പുവെച്ചത് സംസ്ഥാനത്തെ സ്കൂളുകളുടെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും അക്കാദമിക് നിലവാരം ഉയർത്തുന്നതിനുമുള്ള ഫണ്ട് വിനിയോഗിക്കാൻ വേണ്ടിയാണ്. അല്ലാതെ കേരളത്തിന്റെ സിലബസ് കേന്ദ്ര സർക്കാരിന് അടിയറ വെക്കാനല്ല. പി.എം ശ്രീ ധാരണാപത്രത്തിൽ ഒപ്പിട്ടതുകൊണ്ട് മാത്രം കേന്ദ്ര സിലബസ് കേരളത്തിൽ പഠിപ്പിക്കുമെന്ന് കരുതേണ്ട. കേരളത്തിന് സ്വന്തവും ശക്തവുമായ ഒരു പാഠ്യപദ്ധതിയും വിദ്യാഭ്യാസ കാഴ്ചപ്പാടുമുണ്ട് -മന്ത്രി പറഞ്ഞു.

ചരിത്രത്തെ വളച്ചൊടിക്കാനും വിദ്യാഭ്യാസത്തെ വർഗീയവൽക്കരിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കങ്ങൾ കേരളത്തിൽ വിലപ്പോവില്ല. രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ വധിച്ചത് നാഥുറാം വിനായക് ഗോഡ്സെ ആണെന്ന ചരിത്ര സത്യം കേരളത്തിലെ പാഠപുസ്തകങ്ങളിൽനിന്ന് ആർക്കും മായ്ക്കാൻ കഴിയില്ല. കേരള സിലബസിന്റെ അടിസ്ഥാനത്തിൽ, ഭരണഘടനാ മൂല്യങ്ങളും മതേതരത്വവും ഉയർത്തിപ്പിടിച്ചുള്ള വിദ്യാഭ്യാസം തന്നെയാകും കേരളത്തിലെ പൊതുവിദ്യാലയങ്ങൾ തുടർന്നും നൽകുക.

സുരേന്ദ്രൻ ആഗ്രഹിക്കുന്നതുപോലെ ഹെഡ്ഗേവറെയും സവർക്കറെയും കേരളത്തിലെ കുട്ടികളെ പഠിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നില്ല. ഇത്തരം പ്രസ്താവനകളിലൂടെ കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്ത് ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം വിലപ്പോവില്ലെന്നും മന്ത്രി വ്യക്തമാക്കി.

പി.എം ശ്രീയിലെ വിയോജിപ്പ്; സർക്കാർ പരിപാടിയില്‍ വിട്ടുനിന്ന് മന്ത്രി ജി.ആര്‍. അനില്‍

കണ്ണൂര്‍: പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചതില്‍ പ്രതിഷേധിച്ച് സർക്കാർ പരിപാടിയില്‍ വിട്ടുനിന്ന് സി.പി.ഐ. ശനിയാഴ്ച കണ്ണൂരില്‍ നടന്ന രണ്ട് പരിപാടികളിലും മന്ത്രി ജി.ആര്‍. അനില്‍ പ​ങ്കെടുത്തില്ല. നവീകരിച്ച പയ്യാവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും വളക്കൈ സൂപ്പര്‍ മാര്‍ക്കറ്റിന്റെയും ഉദ്ഘാടകനായി മന്ത്രിയെ ആയിരുന്നു നിശ്ചയിച്ചത്. ഇതിന്റെ പോസ്റ്ററുകളും തയാറാക്കിയിരുന്നു.

മന്ത്രി പ​ങ്കെടുക്കുമെന്നാണ് രാവിലെ വരെ സംഘാടകർക്ക് ലഭിച്ച വിവരം. എന്നാല്‍, 10ഓടെ മന്ത്രി പങ്കെടുക്കുന്നില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം, തിരുവനന്തപുരം എം.എൻ സ്മാരകത്തിൽ മന്ത്രി വി. ശിവൻകുട്ടിയും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ മന്ത്രി അനിലും പ​ങ്കെടുത്തു. മൂവരും ഒന്നിച്ചുനിൽക്കുന്ന ചിത്രം ശിവൻകുട്ടി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു.

മന്ത്രി അനിൽ വരാത്തതിനാൽ പയ്യാവൂരിലെ സൂപ്പര്‍ മാര്‍ക്കറ്റ് പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യറും വളക്കൈയിലേത് ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് മോഹനനുമാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. സര്‍ക്കാര്‍ പരിപാടികളില്‍നിന്ന് സി.പി.ഐ മന്ത്രിമാര്‍ വിട്ടുനില്‍ക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി പിന്മാറിയതെന്നാണ് വിവരം.

Tags:    
News Summary - V Sivankutty reply to K Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.