തിരുവനന്തപുരം: കുംഭമേളയിൽ ശ്രദ്ധേയയായ വൈറൽ പെൺകുട്ടി മൊണാലിസയുടെ വിവാഹത്തിൽ പങ്കെടുത്തത് കൗതുകം കൊണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. അതിന്റെ പേരിൽ കേസെടുക്കുന്നുണ്ടെങ്കിൽ എടുക്കട്ടെയെന്നും അതിൽ പ്രശ്നമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രായപൂർത്തിയാകാതെ വിവാഹം ചെയ്തു നൽകിയെന്നാരോപിച്ച് മധ്യപ്രദേശിൽ കേസ് നടക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
‘ഞാൻ മിക്കവാറും ഒരു ദിവസം 10-15 വിവാഹത്തിനൊക്കെ പോകാറുണ്ട്. ആ വിവാഹത്തിനൊക്കെ എല്ലാവരോടും സർട്ടിഫിക്കറ്റ് വാങ്ങിച്ചുകൊണ്ടൊന്നുമല്ല പോകുന്നത്. ഇങ്ങനെ ഒരു വിവാഹം നടന്നപ്പോൾ കുറച്ചുകൂടെ കൗതുകം ഉണ്ടായി. അതുവഴി നെയ്യാറ്റിൻകരയിലേക്ക് പോകുകയായിരുന്നു. അപ്പോൾ ഓടിച്ചെന്ന് അവിടെ ജസ്റ്റ് ഒന്ന് നോക്കിയിട്ട് അങ്ങ് പോയി. അതിന്റെ പേരിൽ കേസ് എടുക്കുകയാണെങ്കിൽ എടുത്തോട്ടെ, കുഴപ്പമില്ല. അതിലൊരു കാര്യവുമില്ല.
ഏത് റിപ്പോർട്ടിൽ എന്ത് പറഞ്ഞാലും ശരി. അവർ കല്യാണം കഴിച്ചതിന് നമ്മൾ കിടന്ന് ഉൽകണ്ഠപ്പെടേണ്ടേ കാര്യമില്ല. അവർ എന്തോ വേണേലും ആയിക്കോട്ടെ. ഞാൻ അവിടെ പോയി എന്നുള്ള കാര്യം ശരി തന്നെയാണ്. ദിവസം എത്രയോ കല്യാണത്തിന് നമ്മൾ പോകുന്നുണ്ട്? ഇന്ന് 10 കല്യാണത്തിന് ക്ഷണം വന്നാൽ, എല്ലായിടത്തും ചെന്ന് തെളിവുകൾ വാങ്ങികൊണ്ട് വരാൻ പറയാൻ പറ്റില്ല. എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പിശക് ഉണ്ടായതായി തെളിഞ്ഞാൽ ഏത് കമ്മീഷന് വേണമെങ്കിലും നടപടി സ്വീകരിച്ചോട്ടെ.
സംഘപരിവാറാണ് വിവാദമാക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല. മാധ്യമ പ്രവർത്തകർ അത്ര ഉൽക്കണ്ഠപ്പെടേണ്ട കാര്യമില്ല. അവർക്ക് പൊലീസിന്റെ സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കാം, ഐഡി കാർഡുകൾ ഉണ്ടായിരിക്കാം. ഇതെല്ലാം അമ്പലത്തിൽ കൊണ്ടുപോയി കാണിച്ചിട്ടല്ലേ അവർ അനുവാദം കൊടുക്കാറുള്ളൂ. അതൊക്കെ വ്യാജം ആണെങ്കിൽ പൊലീസ് അന്വേഷിക്കട്ടെ. അല്ലാതെ ഏതെങ്കിലും ഒരു മാധ്യമം അത് ഫേക്ക് ആണെന്ന് പറഞ്ഞാൽ നമുക്ക് ഫേക്ക് ആണെന്ന് പറയാൻ പറ്റുമോ?’ -മന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.