കൊച്ചി: പവർകട്ടിനെ തുടർന്ന് ഓക്സിജൻ മുടങ്ങി രോഗി ശ്വാസം കിട്ടാതെ മരിച്ചതായി പരാതി. ചിത്ര അഭയ് എന്ന ആരോഗ്യ പ്രവർത്തക ഫേസ്ബുക്കിലൂടെയാണ് ആരോപണവുമായി രംഗത്തെത്തിയത്. അർധ രാത്രിയോടെ ഉണ്ടായ പവർകട്ടിനെ തുടർന്ന് ഓക്സിജൻ കോൺസെൻട്രേറ്ററിന്റെ പ്രവർത്തനം നിലക്കുകയും ശ്വാസം കിട്ടാതെ ഗുരുതരാവസ്ഥയിലായ വയോധികൻ മരിച്ചെന്നുമാണ് പരാതി.
കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയ വയോധികന് ഓക്സിജൻ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു. എന്നാൽ, രാത്രിയിലുണ്ടായ പവർകട്ട് കാരണം ഓക്സിജന്‍റെ വിതരണം മുടങ്ങി. വീട്ടുകാർ ഉടൻ തന്നെ കെ.എസ്.ഇ.ബി ഓഫിസിലേക്ക് വിളിച്ചെങ്കിലും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും മോശം പ്രതികരണമാണ് ലഭിച്ചത്. എന്തുകൊണ്ട് വീട്ടിൽ ഇൻവെർട്ടർ വാങ്ങി വെച്ചില്ല എന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം.
വൈദ്യുതി വന്നപ്പോൾ ഓക്സിജൻ കോൺസെൻട്രേറ്റർ വീണ്ടും പ്രവർത്തിപ്പിച്ചെങ്കിലും രോഗിയുടെ നില ഗുരുതരമാവുകയായിരുന്നു. രാവിലെ ആറുമണിയോടെ വയോധികൻ മരിച്ചതായും ചിത്ര അഭയ് പറയുന്നു. എല്ലാവർക്കും ഒരുപേലെ ഇൻവെർട്ടർ വാങ്ങാനുള്ള സാമ്പത്തിക സാഹചര്യം ഉണ്ടാവില്ലെന്നും ചിത്ര അഭയ് തന്‍റെ പോസ്റ്റിൽ പറയുന്നു.
എന്നാൽ മരിച്ച രോഗിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും പോസ്റ്റിൽ പറയുന്നില്ല. ഏത് കെ.എസ്.ഇ.ബി ഓഫിസിലേക്കാണ് വിളിച്ചതെന്നും പോസ്റ്റിൽ ഇല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.