തിരുവനന്തപുരം: വി.ആർ. അനൂപിന് പരോക്ഷ വിമർശനവുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ. ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകുന്ന പരിഗണനയെങ്കിലും കെ.എസ്.യുവിന് നൽകാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറാകണമെന്ന അഡ്വ. വി.ആർ. അനൂപിന് മറുപടിയുമായി കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.ആർ.എം ഷഫീർ. പേരെടുത്തു പറയാതെ ഫേസ്ബുക്ക് വഴിയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.
'പാർട്ടിയുടെ ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന മീഡിയ പാനലിസ്റ്റിലെ ഒരു അംഗം സർക്കാറിനെതിരെ പ്രതികരിച്ചതിന് ശേഷം പാർട്ടിയെ ന്യായീകരിക്കാൻ വേണ്ടി ചാനലിൽ പോയി ഇരുന്നാൽ എന്തെങ്കിലും വിശ്വാസ്യത ഉണ്ടോ? ഇയാൾ എന്ത് സംഘടന പ്രവർത്തനമാണ് ഉള്ളതെന്നും ബി.ആർ.എം ഷഫീർ ചോദിച്ചു. എന്തോ ആക്റ്റിവിസം ഉണ്ടായിരുന്നു എന്നൊക്കെ കേൾക്കുന്നുണ്ട്. ചർച്ചകളിൽ പങ്കെടുക്കുന്നവരെ ഏകോപിപ്പിക്കാൻ പാർട്ടി ഒരു സംവിധാനം ഉണ്ടാക്കിയപ്പോൾ നേരത്തെ പല ചർച്ചകളിലും കോൺഗ്രസ് അനുഭാവി എന്ന നിലയിൽ പ്രത്യക്ഷപ്പെട്ടിരുന്ന ഇയാളെ പാനലിൽ ഉൾപ്പെടുത്തി എന്ന് മാത്രമേ ഉള്ളൂ. കോൺഗ്രസ് പാർട്ടി കേരളത്തിൽ ഔദ്യോഗിക വക്താക്കളെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയെ സംഘി ആക്കാൻ നടക്കുന്ന സി.പി.എമ്മിന്റെ വാദം ഉന്നയിക്കുന്നവൻ എങ്ങനെ കോൺഗ്രസ് പ്രതിനിധി ആവും. നാളെ സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങൾക്ക് ഇയാളുടെ തന്നെ വാക്കുകൾ ആവില്ലേ ആധികാരികത. അത് കൊണ്ട് രണ്ടും കൂടി വേണ്ട. ഒന്നുകിൽ വിമർശിച്ച് സ്വന്തം രാഷ്ട്രീയം കൊണ്ട് പോവുക, അല്ലെങ്കിൽ വിയോജിപ്പുകൾ പാർട്ടിയിൽ പറഞ്ഞ് സർക്കാരിന് കവചം തീർക്കുകയെന്നും ബി.ആർ.എം ഷഫീർ പറഞ്ഞു.
അതേസമയം, ഹിന്ദു ഐക്യവേദി നേതാക്കൾക്ക് നൽകുന്ന പരിഗണനയെങ്കിലും കെ.എസ്.യുവിന് കൊടുക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ തയാറാകണമെന്ന് അഡ്വ. വി.ആർ. അനൂപ് പറഞ്ഞിരുന്നു. പല്ലി വാലുമുറിക്കുന്നത് പോലെ ഭൂതകാലം ഉപേക്ഷിക്കാൻ മുഖ്യമന്ത്രിക്കും തങ്ങൾക്കും കഴിയില്ല. ഹിന്ദു ഐക്യവേദിയോട് പ്രത്യയശാസ്ത്രപരമായി കോൺഗ്രസുകാരന് ഒരിക്കലും യോജിക്കാൻ കഴിയില്ല. ആശയപരമായി അങ്ങേയറ്റം വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ആ സംഘടനയുടെ പ്രതിനിധി മുഖ്യമന്ത്രിയെ കാണുകയും അവർക്ക് അനുഭാവപൂർണമായ പ്രതികരണം ഉണ്ടാവുകയും ചെയ്തതായി അവർ പറയുന്നു. അത് ജനാധിപത്യത്തിന്റെ കോണിലൂടെ കാണാം. പക്ഷേ, ഈ സർക്കാറിനെ നിർമിച്ച കെ.എസ്.യുവിന്റെ സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനും കെ.പി.സി.സി ജന. സെക്രട്ടറി പി.എം. നിയാസിനും അവരുടെ ബോധ്യങ്ങൾ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കണമെന്നത് ഏറ്റവും മിനിമമായ അഭ്യർഥനയാണ്. അത് മുഖ്യമന്ത്രിക്കെതിരായ വിമർശനമേയല്ലെന്നും അദ്ദേഹം വിമർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.