തിരുവനന്തപുരം: ഈ അക്കാദമിക വർഷം പൊതുവിദ്യാലയങ്ങളിലെ 500 പ്രീ-സ്‌കൂളുകളെ കൂടി മാതൃക പ്രീ-പ്രൈമറികളാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി. സംസ്ഥാനത്തെ എല്ലാ പ്രീ- പ്രൈമറികളിലും സംഘടിപ്പിക്കുന്ന കഥോത്സവം 2023 പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
മാതൃഭാഷയിലധിഷ്ഠിതമായ ശാസ്ത്രീയവും മികവുറ്റതുമായ പ്രീ-സ്കൂൾ വിദ്യാഭ്യാസമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നത്. വൈവിധ്യമാർന്ന സാധ്യതകൾ സൃഷ്ടിച്ചുകൊണ്ടാണ് കഥോത്സവം പൂർത്തിയാക്കുക. കഥ പറച്ചിൽ, കഥ വായന , കഥാവതരണം എന്നിവയുടെ വ്യത്യസ്ത സംസ്കാരം വീട്ടിലും പ്രീ- സ്കൂളിലും സൃഷ്ടിക്കുക എന്നത് കഥോത്സവത്തിന്റെ പ്രധാന ലക്ഷ്യമാണന്ന് മന്ത്രി സൂചിപ്പിച്ചു.
കുട്ടികളിൽ മികച്ച ഭാഷാ വികാസം ഉറപ്പിച്ച് മറ്റ് വികാസ മേഖലയിലെ ശേഷികൾ വർദ്ധിപ്പിക്കുന്നതിനും കഥോത്സവം സഹായകരമാവും. പ്രീ-പ്രൈമറി കാലഘട്ടത്തിൽ കുട്ടികൾ ആർജിക്കുന്ന ശാരീരിക മാനസിക ശേഷികളുടെ വികാസമാണ് തുടർന്നങ്ങോട്ടുള്ള പഠനത്തെ ബലപ്പെടുത്തുന്നത്. കേരളത്തിലെ പ്രീ-പ്രൈമറി മേഖലയിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ രാജ്യത്തിന് മാതൃകയാകുകയാണ്. ഇതിനകം തന്നെ സംസ്ഥാനത്തെ 650 പ്രീ -പ്രൈമറി സ്‌കൂളുകളെ മാതൃകാ പ്രീ -പ്രൈമറി സ്‌കൂളുകളാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ട്.
ഈ അക്കാദമിക വർഷാവസാനത്തോടെ വർണക്കൂടാരം പദ്ധതിയിൽ ഉൾപ്പെടുത്തി 500 പ്രീ -പ്രൈമറി സ്‌കൂളുകളെക്കൂടി മാതൃകാ പ്രീ-സ്‌കൂളുകളാക്കി മാറ്റാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പട്ടം ,ഗവ.ജി.എച്ച്.എസ്.എസ് ൽ നടന്ന ചടങ്ങിൽ വി.കെ പ്രശാന്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.