ആറ്റുകാലമ്മക്ക് എന്തിനാണ് ഫ്ലക്സ് ബോർഡുകൾ, അമ്മ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോ..? സ്പോൺസർമാരെ പരിഹസിച്ച് ഹൈകോടതി

കൊച്ചി: ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ളക്‌സ് ബോർഡുകള്‍ സ്ഥാപിക്കുന്നതെന്ന് കേരള ഹൈക്കോടതി. ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് കൊണ്ടാണോ ദേവിയുടെ പേരിൽ ഫ്ലക്സ് ബോർഡ് വെച്ചിരിക്കുന്നതെന്നും  ഹൈകോടതി വിമർശനം  ഉന്നയിച്ചു. കോടതി വിലക്കിയിട്ടും തിരുവനന്തപുരം നഗരത്തിൽ ആറ്റുകാൽ ദേവിയുടെ പേരിലടക്കം ബോർഡുകൾ വെച്ചിട്ടുണ്ടെന്ന് അമിക്കസ് ക്യൂറി അറിയിച്ചപ്പോഴായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഈ പ്രതികരണം.

രാഷ്ട്രീയക്കാരും സിനിമക്കാരുമൊക്കെ ബോർഡ് വെക്കുന്നത് മനസിലാകും. എന്നാൽ, ആറ്റുകാൽ ഭഗവതിയുടെ പേരിൽ എന്തിനാണ് ബോർഡ് വെക്കുന്നത്. ആറ്റുകാൽ ദേവിയെ ആർക്കാണ് അറിയാത്തത്. ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയുടെ സ്പോൺസർമാരുടെ ഫോട്ടോ വരാനാണ് ദേവിയുടെ പേരിൽ ബോർഡ് വെക്കുന്നത്. അവരാണല്ലോ ചെറിയ പ്രതിഷ്ഠകളെന്നും കോടതി വാക്കാൽ പറഞ്ഞു.

സ്‌പോണ്‍സർമാരുടെ മുഖം ഫ്‌ളക്‌സ് ബോർഡുകളില്‍ വരാനാണ് ഇവ സ്ഥാപിക്കുന്നതെന്ന് വിമർശിച്ച ഹൈക്കോടതി, അനധികൃതമായി സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ എത്രയുംവേഗം നീക്കം ചെയ്യാനും നിർദേശം നല്‍കി.  പൊതുസ്ഥലങ്ങളിൽ ഇത്തരം ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി നേരത്തെ തന്നെ തടഞ്ഞിട്ടുള്ളതാണ്. എന്നാൽ ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം നഗരത്തിൽ വ്യാപകമായി ഫ്‌ളക്‌സ് ബോർഡുകൾ സ്ഥാപിച്ചത് അമിക്കസ് ക്യുറി വഴി കോടതിയുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തിരുവനന്തപുരം നഗരത്തിലെ എല്ലാ അനധികൃത ബോർഡുകളും ഉടൻ നീക്കം ചെയ്യണമെന്ന് കോടതി അധികൃതർക്ക് കർശന നിർദേശം നൽകി.




Tags:    
News Summary - Why does Attukalamma have flex boards? Is she contesting elections? High Court mocks sponsors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.