തിരുവനന്തപുരം: സി.പി.എമ്മിന്‍റെ സൈബർ സേനയിൽനിന്ന് പിന്മാറിയിട്ടില്ലെന്ന് ഇ.എസ്. സുഭാഷ്. ‘‘ഞാൻ എവിടെയും പോയിട്ടില്ല. സി.പി.എമ്മിന്‍റെ സോഷ്യൽ മീഡിയ ടീമിൽ നിന്നും ഞാൻ ഒഴിവായതായി ചില മാധ്യമങ്ങളിൽ വന്ന വാർത്ത വാസ്തവ വിരുദ്ധമാണ്. ദേശാഭിമാനിയിൽ ഉണ്ടായിരുന്നപ്പോഴും വിരമിച്ച ശേഷവും സോഷ്യൽ മീഡിയ ടീമുമായി സഹകരിക്കാറുണ്ട്. വിരമിച്ച ശേഷം കൂടുതലായി ഇടപെടുന്നുണ്ട്. അത് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ഇനിയും തുടരും’’ -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളിൽ ഇടതുതരംഗം സൃഷ്ടിക്കാനുള്ള ഒരുക്കത്തിനിടെയാണ് സി.പി.എമ്മിന്‍റെ സൈബർ സേനയുടെ നേതൃനിരയിൽ ചേരിപ്പോരെന്ന വാർത്തകൾ പുറത്തുവരുന്നത്. റിപ്പോർട്ടർ ചാനലിലെ മാധ്യമപ്രവർത്തനം അവസാനിപ്പിച്ച് പാർട്ടിയിലെത്തി സൈബർ സേനയുടെ നേതൃപദവി ഏറ്റെടുത്ത എം.വി. നികേഷ് കുമാറിന്‍റെ ഏകപക്ഷീയ നിലപാടിൽ എതിർസ്വരമുയർത്തി സംഘത്തിലെ മൂന്നുപേർ പദവികളൊഴിഞ്ഞതായാണ് വിവരം. ദേശാഭിമാനി മുൻ ന്യൂസ് എഡിറ്റർമാരായിരുന്ന കെ.വി. സുധാകരൻ, കെ.എം. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവരാണ് കളംവിട്ടത്.
യു.ഡി.എഫ് ഭരണകാലത്തെ ഇരുണ്ടകാലമെന്ന് വിശേഷിപ്പിച്ച് അക്കാലത്തെ മന്ത്രിമാരടക്കം നടത്തിയ അഴിമതിക്കഥകൾ വിശദീകരിക്കുന്ന ‘ഇരുണ്ടകാലം ഡോട്ട് കോം’ വെബ്സൈറ്റ് സി.പി.എം സൈബർ സേന കഴിഞ്ഞദിവസം ഒരുക്കുകയും ഇത് വലിയ ചർച്ചയാവുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അണിയറക്കാരുടെ അഭിപ്രായ ഭിന്നതയും ചേരിപ്പോരും പുറത്തുവന്നത്. കണ്ണൂർ കേന്ദ്രീകരിച്ച് പാർട്ടിയിൽ പ്രവർത്തിച്ച നികേഷ് കുമാറിനെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് സൈബർ സേനയുടെ തലപ്പത്തെത്തിച്ച് എ.കെ.ജി സെന്‍ററിൽ നിയോഗിച്ചത്.
കണ്ണൂരിലെ നിയമസഭ സീറ്റ് ലക്ഷ്യമിട്ട് നികേഷ് കുമാർ അണിയറയിൽ കരുക്കൾ നീക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സൈബർ സേനയിലുള്ള മുതിർന്നവർ അതൃപ്തിയും അഭിപ്രായ ഭിന്നതയും ഉയർത്തി വിട്ടുനിൽക്കുന്നത്. സമൂഹമാധ്യങ്ങളിലെ സി.പി.എമ്മിന്‍റെ ഇടപെടലുകൾ കാര്യക്ഷമമാകാത്തതിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾക്കും മുഖ്യമന്ത്രി അടക്കമുള്ളവർക്കും നേരത്തേ അതൃപ്തിയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്കും മുന്നണിക്കും കനത്ത തിരിച്ചടിയുണ്ടായതോടെ ഇക്കാര്യം നേതൃനിരയിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.