ആലപ്പുഴ: മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വിജിലൻസ് സംഘം ചോദ്യം ചെയ്തു. ക്രൈംബ്രാഞ്ച് കൊച്ചി യൂനിറ്റ് എസ്.പി എസ്. ശശിധരന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം ബുധനാഴ്ച കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് വെള്ളാപ്പള്ളിയെ ചോദ്യം ചെയ്തത്.
2016ൽ മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാന്ദൻ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ നൽകിയ പരാതിയിലാണ് വെള്ളാപ്പള്ളി നടശേനെയടക്കം പ്രതിചേർത്ത് കേസെടുത്തത്. മൈക്രോ ഫിനാൻസുമായി ബന്ധപ്പെട്ട് 15 കോടിയിലധികം തട്ടിപ്പ് നടത്തിയെന്നായിരുന്നു വി.എസിന്‍റെ പരാതി. 2003-2015 കാലയളവിൽ സ്വാശ്രയ സംഘങ്ങൾക്ക് കൊടുക്കാൻ പിന്നാക്ക വികസന കോർപറേഷനിൽനിന്ന് കോടിക്കണക്കിന് രൂപ വായ്പയെടുത്ത് അഴിമതി നടത്തി. കുറഞ്ഞ പലിശക്ക് പണംവാങ്ങി ഉയർന്ന പലിശ ഈടാക്കി വിതരണം നടത്തിയും ഇല്ലാത്ത ആളുകളുടെ പേരിൽ വായ്പ അനുവദിച്ചുവെന്നായിരുന്നു പരാതി.
വിവിധ എസ്.എൻ.ഡി.പി ശാഖകൾ വഴി വിതരണം ചെയ്ത ഈ പണം ഗുണഭോക്താക്കളിൽ എത്തിയില്ലെന്നും പണം തിരിച്ചടച്ചില്ലെന്നുമാണ് കേസ്. അന്ന് കേസ് അന്വേഷിച്ച വിജിലൻസ് എസ്.പിയായിരുന്ന എസ്. ശശിധരൻ ക്രൈംബ്രാഞ്ചിലേക്ക് മാറിയെങ്കിലും അദ്ദേഹം തന്നെ അന്വേഷിക്കണമെന്ന് ഹൈകോടതി നിർദേശിക്കുകയായിരുന്നു.
എന്നാൽ, വെള്ളാപ്പള്ളിക്ക് തട്ടിപ്പിൽ പങ്കുള്ളതായി ഇതുവരെ തെളിവുകൾ ലഭിച്ചിട്ടില്ലെന്നാണ് വിവരം. വെള്ളാപ്പള്ളിയടക്കം അഞ്ചു പ്രതികളെ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തത്. പിന്നാക്ക വികസന കോർപറേഷൻ മുൻ എം.ഡി. നജീബ്, നിലവിലെ എം.ഡി. ദിലീപ്കുമാർ, മൈക്രോ ഫിനാൻസ് ചീഫ് കോഓഡിനേറ്റർ കെ.കെ. മഹേശൻ, എസ്.എൻ.ഡി.പി യൂനിയൻ നേതാവ് ഡോ. എം.എൻ. സോമൻ എന്നിവരെ ഉൾപ്പെടുത്തിയാണ് എഫ്.ഐ.ആർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.