തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ വോട്ട് വിഹിതത്തിൽ റെക്കോർഡ് നേട്ടവുമായി മുസ്‍ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. അതേസമയം, വിജയിച്ച എം.എൽ.എമാരിൽ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതം രേഖപ്പെടുത്തിയത് കഴക്കൂട്ടത്തുനിന്ന് വിജയിച്ച എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരനാണ്.
മലപ്പുറം മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ പി.കെ. കുഞ്ഞാലിക്കുട്ടി 68 ശതമാനം വോട്ട് വിഹിതം സ്വന്തമാക്കിയാണ് ഉജ്ജ്വല വിജയം നേടിയത്. 85,327 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷമാണ് അദ്ദേഹം നേടിയത്. എതിർ സ്ഥാനാർഥിയായ എൻ.സി.പിയിലെ (ശരദ് പവാർ വിഭാഗം) കെ.ടി. മുജീബ് റഹ്മാന് 46,305 വോട്ടുകൾ മാത്രമാണ് നേടാനായത്.
കഴക്കൂട്ടം മണ്ഡലത്തിൽ ത്രികോണ മത്സരത്തിനൊടുവിൽ വിജയിച്ച വി. മുരളീധരനാണ് നിയമസഭയിലെ ഏറ്റവും കുറഞ്ഞ വോട്ട് വിഹിതമുള്ള എം.എൽ.എ. 36 ശതമാനം വോട്ട് വിഹിതം മാത്രമാണ് അദ്ദേഹം നേടിയത്. ആകെ 46,564 വോട്ടുകൾ നേടിയ മുരളീധരന്റെ ഭൂരിപക്ഷം 428 വോട്ടുകൾ മാത്രമാണ്. രണ്ടാം സ്ഥാനത്തെത്തിയ സി.പി.എമ്മിലെ കടകംപള്ളി സുരേന്ദ്രൻ 46,132 വോട്ടുകൾ നേടി ശക്തമായ പോരാട്ടം കാഴ്ചവെച്ചു.
അതേസമയം, ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത് മണലൂരിലെ എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. സി. രവീന്ദ്രനാഥാണ്. വെറും 126 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. 38 ശതമാനം വോട്ട് വിഹിതമാണ് അദ്ദേഹത്തിന് കിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.