തിരുവനന്തപുരം: മികച്ച എഡിറ്റോറിയലിനുള്ള വി. കരുണാകരൻ നമ്പ്യാർ അവാർഡ് മാധ്യമം ജോയിന്‍റ് എഡിറ്റർ പി.ഐ. നൗഷാദിന്. 2024 ജൂൺ 21ന് മാധ്യമം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച 'കോളനി പടിക്കു പുറത്ത്, സവർണബോധമോ?' എന്ന എഡിറ്റോറിയലിനാണ് പുരസ്കാരം.
ഡോ. സെബാസ്റ്റ്യൻ പോൾ, എസ്.ഡി പ്രിൻസ്, ഡോ. നീതു സോന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. 25000 രൂപയും പ്രശസ്തി പത്രവും ശില്‍പവും ആണ് പുരസ്‌കാരം. പുരസ്കാരം ആഗസ്റ്റിൽ നടക്കുന്ന മാധ്യമ കോൺക്ലേവിൽ സമ്മാനിക്കുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.
സംസ്ഥാനത്ത് ആദിവാസി, പട്ടികജാതി-വർഗ വിഭാഗങ്ങളുടെ താമസകേന്ദ്രങ്ങളെ കോളനി, ഊര്, സങ്കേതം എന്നിങ്ങനെ വിളിക്കുന്നത് അവസാനിപ്പിക്കാനും പകരം നഗർ, ഉന്നതി, പ്രകൃതി തുടങ്ങിയതോ പ്രാദേശികമായി അനുയോജ്യമെന്ന് കരുതുന്നതോ ആയ പേരുകൾ നൽകാനുമാവശ്യപ്പെടുന്ന ഉത്തരവിന്‍റെ പശ്ചാത്തലത്തിലായിരുന്നു മുഖപ്രസംഗം.
‘ഗൾഫ് മാധ്യമം’ റെസിഡൻറ് എഡിറ്റർ, മാധ്യമം എക്സിക്യൂട്ടിവ് എഡിറ്റർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന പി.ഐ. നൗഷാദ് തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശിയാണ്. ഇബ്രാഹിംകുട്ടി-മൈമൂന ദമ്പതികളുടെ മകനാണ്. ഭാര്യ: സമീഹ (അധ്യാപിക, എം.ഐ.ടി യു.പിസ്കൂൾ പി.വെമ്പല്ലൂർ). മക്കൾ: ഇറാദ തബസ്സും, അയ്യാശ് അബ്ദുല്ല.
കേരള മീഡിയ അക്കാദമിയുടെ മറ്റു മാധ്യമ അവാര്‍ഡുകളും പ്രഖ്യാപിച്ചു. മികച്ച ഹ്യൂമൻ ഇന്‍റസ്റ്റ് സ്റ്റോറിക്കുള്ള എൻ.എൻ. സത്യവ്രതൻ അവാർഡ് ജനയുഗം ഇടുക്കി ജില്ല ലേഖകൻ ആർ. സാംബനാണ്. 'കരികൾക്ക് കലികാലം' എന്ന പരമ്പരയാണ് അവാർഡിന് അർഹനാക്കിയത്. എം.പി അച്ചുതൻ, ശ്രീകുമാർ മുഖത്തല , ആർ. പാർവ്വതി ദേവി എന്നിവരായിരുന്നു വിധി നിർണയ സമിതിയംഗങ്ങൾ. മികച്ച അന്വേഷണാത്മക റിപ്പോർട്ടിനുള്ള ചൊവ്വര പരമേശ്വരൻ അവാർഡ് മാതൃഭൂമി പത്രാധിപ സമിതിയംഗം നീനു മോഹന്.
'കുല മിറങ്ങുന്ന ആദിവാസി വധു' എന്ന പരമ്പരയാണ് നീനുവിനെ അവാർഡിനർഹയാക്കിയത്. കെ.വി. സുധാകരൻ, കെ.ജി. ജ്യോതിർഘോഷ്, ഡോ.എ. ജി. ഒലീന എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മികച്ച പ്രാദേശിക പത്രപ്രവര്‍ത്തനത്തിനുള്ള ഡോ. മൂര്‍ക്കന്നൂര്‍ നാരായണന്‍ അവാര്‍ഡ് മലയാള മനോരമ ദിനപ്പത്രത്തിലെ പൊന്നാനി ലേഖകന്‍ ജീബീഷ് വൈലിപ്പാട്ട്' അര്‍ഹനായി.
'അരിച്ചെടുത്ത് ദുരിത ജീവിതം' എന്ന പരമ്പരയാണ് അവാര്‍ഡിനര്‍ഹനാക്കിയത്. വിധു വിൻസന്‍റ്, പി.വി. മുരുകന്‍, വി.എം. അഹമ്മദ് എന്നിവരായിരുന്നു ജൂറിയംഗങ്ങള്‍. വയനാട് ചുരല്‍ മല ഉരുള്‍പൊട്ടലില്‍ ഒറ്റപ്പെട്ട് അഭയം തേടിയ കുടുംബത്തിലെ കൈക്കുഞ്ഞിനെ സൈന്യം രക്ഷപ്പെടുത്തുന്ന ദുരന്തമുഖത്തു നിന്നുള്ള ചിത്രം പകര്‍ത്തിയ മലയാള മനോരമയിലെ ജിതിന്‍ ജോയല്‍ ഹാരിമിനാണ് കേരള മീഡിയ അക്കാദമി ഫോട്ടോഗ്രഫി അവാര്‍ഡ്. പ്രമുഖ ചലച്ചിത്രകാരന്‍ ടി.കെ. രാജീവ് കുമാര്‍, ബി. ജയചന്ദ്രന്‍, യു.എസ്. രാഖി എന്നിവരായിരുന്നു ജൂറിയംഗങ്ങൾ.
ദൃശ്യ മാധ്യമ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് മാത്യഭൂമി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ ബിജു പങ്കജിന്. മലയാളി വനംവകുപ്പ് ഉദ്യോഗസ്ഥന്റെ കടല്‍പ്പശു സംരംക്ഷണത്തെക്കുറിച്ചുള്ള ഡോക്യൂമെന്ററിയാണ് ഇദ്ദേഹത്തെ അവാർഡിന് അർഹനാക്കിയത്.
മാതൃഭൂമി ന്യൂസിലെ ആർ.കെ. സൗമ്യ സ്പെഷൽ ജൂറി പുരസ്കാരം നേടി. പാര്‍ശ്വവത്കൃതമായ ഗ്രാമീണ ജനതക്ക് നിഷേധിക്കപ്പെട്ട അടിസ്ഥാനസൗകര്യങ്ങള്‍ നല്‍കുന്നതിന് പകരം സാരി നല്‍കി പ്രീണിപ്പിക്കാന്‍ ശ്രമിച്ച നടപടിക്കെതിരെ പ്രതിഷേധിച്ച ഒരു വനിതയെ ഫീച്ചര്‍ ചെയ്യുന്ന മഹാരാഷ്ട്ര തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ന്യൂസ് സ്റ്റോറിയാണ് അവാർഡിന് അർഹയാക്കിയത്. മുൻ ഡി.ജി.പി എ. ഹേമചന്ദ്രന്‍, ബൈജു ചന്ദ്രന്‍, ഡോ. മീന ടി. പിള്ള എന്നിവരായിരുന്നു ജൂറി അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.