'വാരിയംകുന്നൻ ബ്രിട്ടീഷ് പട്ടാളത്തോട് യുദ്ധം ചെയ്​ത വീരൻ, മാപ്പെഴുതിയവർക്ക്​ ഭയമുണ്ടാകും' -കേന്ദ്രസർക്കാറിനെതിരെ വി.ഡി സതീശൻ

തിരുവനന്തപുരം: മലബാറിൽ ബ്രിട്ടീഷുകാർക്കെതിരായ പോരാട്ടത്തിന്​ നേതൃത്വം നൽകിയ ആലി മുസ്​ലിയാരെയും വാരിയൻകുന്നത്ത്​ കുഞ്ഞഹമ്മദ്​ ഹാജിയെയും അടക്കം 387 പേരെ സ്വാ​തന്ത്ര്യസമര രക്​തസാക്ഷികളുടെ നിഘണ്ടുവിൽ നിന്ന്​ നീക്കം ചെയ്​ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധവുമായി പ്രതിപക്ഷ നേതാവ്​ വി.ഡി സതീശൻ. സംഘപരിവാറിന്റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണെന്നും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണെന്നും വി.ഡി സതീശൻ പറഞ്ഞു. ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‍ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.

വി.ഡി സതീശൻ പങ്കുവെച്ച ഫേസ്​ബുക്​ പോസ്റ്റ്​:

1921 ലെ മലബാറിലെ മാപ്പിള കലാപത്തിൽ പങ്കെടുത്ത 387 രക്തസാക്ഷികളുടെ പേരുകൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്യുന്നത്​ ചരിത്രത്തോട് ചെയ്യുന്ന അനീതിയാണ്. സംഘപരിവാറിന്‍റെ ഏറ്റവും വലിയ ശത്രു ഈ രാജ്യത്തിന്റെ ചരിത്രം തന്നെയാണ്. ഏതൊരു ഏകാധിപതിയും ചെയ്യുന്ന പോലെ നരേന്ദ്ര മോദിയുടെ ശ്രമവും ചരിത്രത്തെ വക്രീകരിച്ചു തങ്ങളുടേതാക്കി മാറ്റുക എന്നതാണ്.

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷ് പട്ടാളത്തോട് സന്ധിയില്ലാത്ത യുദ്ധം ചെയ്ത ഒരു ധീര സ്വാതന്ത്ര്യ സമരസേനാനിയാണ്. ബ്രിട്ടീഷ് സർക്കാർ കൊല്ലാൻ വിധിച്ചപ്പോൾ, മരണസമയത്ത് തന്റെ കണ്ണുകൾ കെട്ടരുത് എന്ന് ആവശ്യപ്പെട്ട നിർഭയനായ പോരാളി എന്നാണ് ചരിത്രം അദ്ദേഹത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. ജയിലിൽ നിന്ന് മോചിതനാവാൻ ആറ് മാപ്പപേക്ഷ നൽകിയവരുടെ പിന്മുറക്കാർക്ക് ഇന്ന് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും ആലി മുസ്‍ലിയാരുടെയും ഓർമ്മകൾ പോലും ഭയമാണ് ഉണ്ടാക്കുന്നത്.

വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയുടേത് പോലെ ആയിരക്കണക്കിന് ചെറുത്തുനിൽപ്പുകളും, ശ്രീ നാരായണ ഗുരുവും, മഹാത്മാ അയ്യങ്കാളിയും തുടങ്ങിയ ഒട്ടേറെ സാമൂഹിക പരിഷ്കർത്താക്കൾ മുന്നോട്ടു വച്ച സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം ചെറു അരുവികൾ പോലെ ഒഴുകിയെത്തിയാണ് ദേശീയ പ്രസ്ഥാനം രൂപം കൊണ്ടത്. അന്ന് ബ്രിട്ടീഷിന്റെ കൂടെ നിന്ന് ദേശീയ പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവർ ഇന്ന് അതിന്റെ പ്രൗഢമായ ചരിത്രത്തെ ഇല്ലാതെയാക്കാൻ ശ്രമിക്കുകയാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കൊലപ്പെടുത്തിയതിനു ശേഷം ഖിലാഫത് സർക്കാരിന്റെ രേഖകൾ മുഴുവൻ ബ്രിട്ടീഷ് സർക്കാർ തീയിട്ടു നശിപ്പിച്ചു എന്നാണ് ചരിത്രകാരനായ ഹുസൈൻ രണ്ടത്താണി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് നരേന്ദ്ര മോദി സർക്കാർ ബ്രിട്ടീഷ് സർക്കാർ ചെയ്ത ജോലി ഏറ്റെടുത്തിരിക്കുന്നത് അപമാനകരമാണ്.

Tags:    
News Summary - V D Satheesan about variyan kunnan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.