തേഞ്ഞിപ്പലം: പ്രോജക്ട് പരീക്ഷയിൽ തോറ്റ കെ.എസ്.യു നേതാവിനെ വൈസ് ചാൻസലറുടെ അനുമതിയോടെ വിജയിപ്പിച്ചെന്ന ഇടത് അംഗങ്ങളുടെ ആരോപണത്തെ തുടർന്ന് കാലിക്കറ്റ് സർവകലാശാല സെനറ്റിൽ ബഹളം. പാലക്കാട് ഗവ. വിക്ടോറിയ കോളജ് വിദ്യാർഥിനിയും കെ.എസ്.യു യൂനിറ്റ് പ്രസിഡന്റുമായ ജംഷിയ ഷെറിനെ വി.സിയുടെ ഓഫിസ് ഇടപെട്ട് ചട്ടവിരുദ്ധമായ നടപടികളിലൂടെ വിജയിപ്പിച്ചെന്നും ഇത് അധികാര ദുർവിനിയോഗമാണെന്നും ചൂണ്ടിക്കാട്ടി എംപ്ലോയിസ് യൂനിയൻ നേതാവായ സെനറ്റംഗം വി.എസ്. നിഖിലാണ് സെനറ്റിൽ രംഗത്തുവന്നത്.
ബി.എസ്.സി സൈക്കോളജി ആറാം സെമസ്റ്ററിന്റെ പ്രോജക്ട് പേപ്പറിലാണ് ജംഷിയ പരാജയപ്പെട്ടതെന്നും സർവകലാശാല നിയമമനുസരിച്ച് പ്രോജക്ട് പേപ്പറിന് പുനർമൂല്യ നിർണയമില്ലെന്നിരിക്കെ പരീക്ഷഭവനെ മറികടന്ന് പ്രോജക്ട് വി.സിയുടെ ഓഫിസിൽ എത്തിച്ചെന്നും പുനർമൂല്യ നിർണയത്തിനായി രണ്ട് അധ്യാപകരെ കണ്ടെത്തിയെന്നും ജൂൺ 18നകം പുനർമൂല്യനിർണയം നടത്തി വിജയിപ്പിച്ചെന്നുമാണ് ആരോപണം.
വിഷയത്തിൽ വി.എസ്. നിഖിൽ അടിയന്തര പ്രമേയാനുമതി തേടിയെങ്കിലും വി.സി അനുമതി നൽകിയില്ല. ഇതോടെ ഇടത് സിൻഡിക്കേറ്റംഗങ്ങൾ ഉൾപ്പെടെയുള്ളവർ വിസിക്കെതിരെ ശക്തമായ പ്രതിഷേധമുയർത്തി. അതേസമയം വി.സിക്ക് പ്രതിരോധവുമായി യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നു. ഇതോടെ സഭ ബഹളത്തിൽ മുങ്ങി.
പ്രചാരണം വാസ്തവ വിരുദ്ധം -വി.സി
തേഞ്ഞിപ്പലം: പാലക്കാട് വിക്ടോറിയ കോളജിലെ ബി.എസ്.സി സൈക്കോളജിയിലെ ജംഷിയ ഷെറിൻ എന്ന വിദ്യാർഥിനിയുടെ അവസാന വർഷ പ്രോജക്ടുമായി ബന്ധപ്പെട്ട ആരോപണം വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണ ഉണ്ടാക്കുന്നതുമാണെന്ന് കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. പി. രവീന്ദ്രൻ. എല്ലാ പേപ്പറിലും ജയിച്ച ജംഷിയ പ്രോജക്ടിൽ തന്നെ പ്രത്യേക ലക്ഷ്യം വെച്ച് തോൽപിച്ചെന്നും വിഷയം അന്വേഷിച്ച് നീതിപൂർവമായ നടപടി വേണമെന്നും കാണിച്ച് പരാതി നൽകിയിരുന്നു. ആ പരാതി പരീക്ഷ കൺട്രോളർക്ക് കൈമാറുകയും പരീക്ഷ ബോർഡ് ചെയർമാനോട് റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു.
സാധാരണ നിലക്ക് പ്രോജക്ടിൽ കുട്ടികൾ തോൽക്കുന്നത് വിരളമായതിനാലും പരാതിക്കാരി എല്ലാ തിയറി പേപ്പറുകളിലും ഭേദപ്പെട്ട മാർക്കോടുകൂടി ജയിച്ചതിനാലും പ്രോജക്ട് മൂല്യനിർണയത്തിൽ അപാകത ബോധ്യപ്പെട്ടതിനാലും കോളജിൽനിന്ന് പ്രോജക്ട് റിപ്പോർട്ട് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് പ്രോജക്ട് റിപ്പോർട്ട് പരീക്ഷ കൺട്രോളർ വഴി മുതിർന്ന രണ്ട് അധ്യാപകരെക്കൊണ്ട് പരിശോധിപ്പിച്ചു. രണ്ടുപേരും നൽകിയ മാർക്ക് ആദ്യ അധ്യാപിക നൽകിയ മാർക്കിനേക്കാളും വളരെ കൂടുതൽ ആയിരുന്നു. പരീക്ഷ ബോർഡ് ചെയർമാൻ പ്രോജക്ട് പുനഃപരിശോധിച്ചപ്പോഴും ഉയർന്ന മാർക്ക് തന്നെയാണ് വിദ്യാർഥിനിക്ക് ലഭിച്ചത്. പരീക്ഷ ബോർഡ് ചെയർമാൻ നൽകിയ മാർക്കനുസരിച്ച് ജംഷിയ ഷെറിൻ വിജയിച്ചു. അന്യായമായ രീതിയിൽ ഒരു വിദ്യാർഥിനി തോൽപിക്കപ്പെട്ടു എന്നറിഞ്ഞപ്പോൾ വൈസ് ചാൻസലർ എന്നനിലയിൽ ഇടപെടുക മാത്രമാണ് ചെയ്തതെന്ന് വൈസ് ചാൻസലറുടെ ഓഫിസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.