എ.ഐ കാമറ
തിരുവനന്തപുരം: ബില്ലടക്കാത്തതിനാൽ ഇന്റര്‍നെറ്റ് സേവനം കമ്പനി വിച്ഛേദിച്ചതിനെ തുടര്‍ന്ന് മോട്ടോർ വാഹന വകുപ്പിന്റെ എ.ഐ കാമറകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു. രണ്ടുദിവസം മുമ്പാണ് സ്വകാര്യ ഇന്റര്‍നെറ്റ് കമ്പനി കണക്ഷൻ വിഛേദിച്ചത്.
ഇതോടെ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട്രോള് റൂമുകളിലേക്ക് എത്താതായി. കാമറകളിലെ പുതിയ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്താന്‍ പറ്റാത്ത അവസ്ഥയാണ്. കൺട്രോൾ റൂമുകളുടെയടക്കം പ്രവർത്തനവും അവതാളത്തിലായി.
എ.ഐ കാമറകളുടെ മേൽനോട്ടവും നടത്തിപ്പും കെൽട്രോണാണ് നിർവഹിക്കുന്നത്. കരാർ പ്രകാരം റോഡ് സുരക്ഷ അതോറിറ്റി കെൽട്രോണിന് നിശ്ചിത ഗഡുകളായി പണം അനുവദിക്കും. ഇത്തരത്തിൽ റോഡ് സുരക്ഷാ അതോറിറ്റിയില്‍ നിന്ന് 52 കോടി രൂപ കെൽട്രോണിന് കിട്ടാനുണ്ട്. ഇതുമൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ കെല്‍ട്രോണിന് ഇന്റര്‍നെറ്റ് ബിൽ അടക്കാനാകാത്തതാണ് എ.ഐ കാമറകളുടെ പ്രവർത്തനം നിലക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
തുക ആവശ്യപ്പെട്ട് പലതവണ കെല്‍ട്രോണ്‍ റോഡ് സുരക്ഷ അതോറിറ്റിക്ക് കത്ത് നല്‍കിയിരുന്നു. കെല്‍ട്രോണിന് പ്രതിഫലം നല്‍കാമെന്ന് ഗതാഗത കമീഷണര്‍ ശിപാര്‍ശയും ചെയ്തു. എന്നാല്‍ കരാര്‍ നടത്തിപ്പില്‍ വിശദീകരണം ആവശ്യപ്പെട്ട് റോഡ് സുരക്ഷ കമീഷണര്‍ തുക കൈമാറുന്നത് തടഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പദ്ധതി നടത്തിപ്പിന് കെല്‍ട്രോണ്‍ ഉപകരാര്‍ നല്കിയ കമ്പനിയും തുക ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ്.
2023 ഏപ്രിലിലാണ് ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് സംസ്ഥാനത്ത് 625 എ.ഐ കാമറകള്‍ സ്ഥാപിച്ചത്. കെൽട്രോണിന് നൽകേണ്ട പണത്തിന്റെ കാര്യത്തിൽ തുടക്കം മുതൽ അലംഭാവമായിരുന്നു. കോടതി ഇടപെടലിനെ തുടര്‍ന്നാണ് കെല്‍ട്രോണിന് ആദ്യഗഡു കിട്ടിയത്. പിന്നാലെ മറ്റു തവണകള്‍ കുടിശ്ശികയായി. 232 കോടി രൂപ ചെലവിട്ട പദ്ധതിയില്‍ ഇതുവരെ പിഴ ഇനത്തില്‍ 325 കോടി രൂപ സര്‍ക്കാര്‍ ഖജനാവില്‍ കിട്ടിയിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് 14 ജില്ലകളിലും കണ്ട്രോള് റൂം സ്ഥാപിച്ച് കെല്‍ട്രോണ്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. ഇവരുടെ ശമ്പളവും ഓഫിസ് ചെലവും കെല്‍ട്രോണാണ് വഹിക്കേണ്ടത്. പിഴ ചുമത്തിയത് സംബന്ധിച്ച വാഹന ഉടമകള്‍ക്ക് നോട്ടീസ് അയക്കേണ്ട ചുമതലയും കെല്‍ട്രോണിനാണ്. പ്രതിവര്‍ഷം 25 ലക്ഷം നോട്ടീസ് അയക്കാനാണ് കരാര്‍. എന്നാല്‍ 40 ലക്ഷത്തിന് മുകളിൽ നോട്ടീസ് അയക്കേണ്ട സ്ഥിതിയാണ്. ഇതിന് സര്‍ക്കാര്‍ അധിക തുക നല്കാത്തതിനാല് നിലവില്‍ എസ്.എം.എസ് മാത്രമാണ് അയക്കുന്നത്. ഇത് വാഹന ഉടമ അറിയാത്തതും പിഴ കുടിശ്ശിക ഇരട്ടിയാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.