കൊച്ചി: ഭൂട്ടാൻ വഴി ഇന്ത്യയിലേക്ക് ആഡംബര കാറുകൾ നിയമവിരുദ്ധമായി കടത്തിയെന്ന കേസിൽ നടൻ ദുൽഖർ സൽമാനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യംചെയ്തു. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് ഓഫിസിൽ നടന്ന ചോദ്യംചെയ്യൽ ഏഴ് മണിക്കൂറിലേറെ നീണ്ടുനിന്നു.
ഭൂട്ടാൻ അതിർത്തി വഴി വിദേശനിർമ്മിത ആഡംബര വാഹനങ്ങൾ ഇന്ത്യയിലേക്ക് അനധികൃതമായി എത്തിക്കുന്ന സംഘത്തെ കുടുക്കാൻ കസ്റ്റംസ് ആവിഷ്കരിച്ച ‘ഓപ്പറേഷൻ നുംഖോർ’ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് നടപടി.
ഭൂട്ടാനിൽനിന്നു കാറുകൾ കേരളത്തിലേക്ക് എത്തിക്കുന്നതിലൂടെ വൻതോതിൽ നികുതിവെട്ടിപ്പ് നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് അന്വേഷണം കർശനമാക്കിയത്. ഇത്തരത്തിൽ വാഹനങ്ങൾ സ്വന്തമാക്കിയവരിൽ ദുൽഖർ സൽമാനും ഉൾപ്പെട്ടിട്ടുണ്ടെന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥരുള്ളത്. പിടിച്ചെടുത്ത വാഹനങ്ങളുടെ രേഖകൾ, ഇവ എങ്ങനെ ഭൂട്ടാനിൽനിന്ന് കേരളത്തിലെത്തി, ഇതിനുപിന്നിൽ പ്രവർത്തിച്ച ഇടനിലക്കാർ ആരൊക്കെ തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താനാണ് കസ്റ്റംസ് നീക്കം.
നടൻ ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ നേരത്തേ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ദുൽഖർ നായകനായി അഭിനയിച്ച ‘ലക്കി ഭാസ്കർ’ എന്ന തെലുങ്ക് ചിത്രത്തിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാറും ഇതിൽ ഉൾപ്പെടുന്നു. ലാൻഡ് റോവർ ഡിഫൻഡർ, ടൊയോട്ട ലാൻഡ് ക്രൂസർ തുടങ്ങിയ വാഹനങ്ങളും ഇക്കൂട്ടത്തിൽ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ഭൂട്ടാനിൽനിന്ന് നികുതിവെട്ടിച്ച് ഇന്ത്യയിലെത്തിക്കുന്ന ആഡംബര കാറുകൾ, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തശേഷം കേരളത്തിലേക്ക് കൊണ്ടുവന്ന് ഉയർന്ന വിലയ്ക്ക് വിൽക്കുന്നുവെന്നായിരുന്നു കസ്റ്റംസിന്റെ കണ്ടെത്തൽ. ഈ ആരോപണങ്ങളെത്തുടർന്നാണ് നടപടികൾ സ്വീകരിച്ചത്.
എന്നാൽ, നിയമപരമായ രേഖകളോടെയാണ് താൻ ഈ വാഹനങ്ങൾ വാങ്ങിയതെന്ന് വ്യക്തമാക്കിയ ദുൽഖർ സൽമാൻ ഇതിനെതിരെ കോടതിയെ സമീപിച്ചു. വാദങ്ങൾ പരിഗണിച്ച കോടതി, ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തിൽ പിടിച്ചെടുത്ത കാറുകൾ നടന് വിട്ടുനൽകാൻ ഉത്തരവിട്ടു. അതേസമയം, കർശനമായ വ്യവസ്ഥകളും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്. മുൻകൂർ അനുമതിയില്ലാതെ ഈ വാഹനങ്ങൾ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും, അന്വേഷണ സംഘം ആവശ്യപ്പെടുന്ന മുറയ്ക്ക് വാഹനങ്ങൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.