കൊച്ചി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യ നിർണയ ഫലം വൈകിയതിനാൽ ഉയർന്ന മാർക്ക് കീം പോർട്ടലിൽ അപ്ലോഡ് ചെയ്യാനാകാതെ പോയ രണ്ട് വിദ്യാർഥികളുടെ പുതിയ മാർക്ക് ചേർത്ത് കീം റാങ്ക് പട്ടിക പുതുക്കാൻ ഹൈകോടതി നിർദേശം. പി. ശ്രീഹരി, മെൽവിൻ എൽദോ ബൈജു എന്നീ വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ഇരുവരുടേയും പുനർനിർണയിച്ച മാർക്ക് ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ പ്രവേശന പരീക്ഷ കമീഷണർക്ക് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ഇടക്കാല ഉത്തരവിലൂടെ നിർദേശം നൽകിയത്. പുതിയ റാങ്കിന്റെ അടിസ്ഥാനത്തിലാണ് ഇവർക്ക് പ്രവേശനം നൽകേണ്ടതെന്നും കോടതി നിർദേശിച്ചു.
സി.ബി.എസ്.ഇ പ്രാഥമിക മൂല്യനിർണയത്തിൽ വ്യാപക പിഴവുണ്ടായതിനെ തുടർന്ന് പുനർമൂല്യനിർണയത്തിന് നൽകുകയും ശ്രീഹരിക്ക് എട്ടും മെൽവിന് ഒമ്പതും മാർക്ക് അധികമായി ലഭിക്കുകയും ചെയ്തതായി ഹരജിയിൽ പറയുന്നു. പുനർമൂല്യ നിർണയ ഫലം വന്ന ശേഷം അതിലെ മാർക്ക് കൂടി ഉൾപ്പെടുത്താനായി കീം ഫലപ്രഖ്യാപനം 27നാണ് നടത്തിയത്. 21 മുതൽ പുനർമൂല്യ നിർണയ ഫലം പ്രസിദ്ധീകരിച്ചു തുടങ്ങിയതിനാൽ കീം പോർട്ടലിൽ മാർക്ക് ചേർക്കാൻ 23 വരെയാണ് അവസരം നൽകിയിരുന്നത്. എന്നാൽ, ഇതിന് ശേഷമാണ് ഇരുവരുടേയും മാർക്ക് പ്രസിദ്ധീകരിച്ചത്. 13 ശതമാനം പേരുടെ ഫലവും വൈകിയാണ് വന്നത്. അതിനാൽ, പോർട്ടലിൽ കൂടിയ മാർക്ക് ചേർക്കാനായില്ലെന്ന് കാട്ടിയാണ് കോടതിയെ സമീപിച്ചത്. സാധാരണ ഇത്തരം സാഹചര്യങ്ങളിൽ പ്രവേശന പട്ടിക പ്രസിദ്ധീകരിച്ച് നടപടികൾ ആരംഭിച്ചിരിക്കെ റാങ്ക് പട്ടികയിൽ ഉപ്പെട്ടവരുടെ സ്ഥാനത്തെ ബാധിക്കുമെന്നതടക്കം കാര്യങ്ങളാൽ ഇടപെടാൻ പരിമിതിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വർഷം സി.ബി.എസ്.ഇ മൂല്യനിർണയത്തിൽ സാങ്കേതിക പിഴവുകളും ഫലം വൈകലുമുണ്ടായ സാഹചര്യം വിലയിരുത്തിയാണ് ഇരുവർക്കും അനുകൂല നിലപാട് എടുക്കുന്നതെന്ന് കോടതി പറഞ്ഞു.
ഹരജിക്കാർക്ക് പുതുക്കിയ മാർക്ക് അപ്ലോഡ് ചെയ്യാൻ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് 12 വരെ കീം പോർട്ടൽ തുറന്ന് നൽകാൻ കോടതി നിർദേശിച്ചു. ഇവർക്ക് മാത്രമാണ് ഇതിന് അവസരമുള്ളത്. ഹരജി 14ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.