മലക്കപ്പാറയിൽ വ്യൂ പോയന്റിൽ നിന്ന് വീണ സഞ്ചാരിയെ സാഹസികമായി രക്ഷപ്പെടുത്തി

മലക്ക​പ്പാറ: കേരള-തമിഴ്നാട് അതിർത്തിയിലെ വിനോദസഞ്ചാര കേന്ദ്രമായ മലക്കപ്പാറയിൽ അപകടത്തിൽപെട്ട സഞ്ചാരിക്ക് അദ്ഭുത രക്ഷപ്പെടൽ. തോട്ടാപുര വ്യൂ പോയന്റിൽ നിന്ന് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീണായിരുന്നു അപകടം. മലക്കപ്പാറ പൊലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും ടൂറിസ്റ്റ് ബസ് ഡ്രൈവറുടെയും സാഹസികമായ ഇടപെടലാണ് വിനോദസഞ്ചാരിക്ക് തുണയായത്.

തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിലെ പെരുവള്ളൂർ ദേശം കാരമക്കൽ വീട്ടിൽ അർജുനാണ് (55), വ്യൂ പോയന്റിൽ കാഴ്ചകൾ കാണുന്നതിനിടെ അബദ്ധത്തിൽ കാൽ വഴുതി കൊക്കയിലേക്ക് വീണത്. ബുധനാഴ്ച ഉച്ചക്കാണ് 12.30-ഓടെയാണ് സംഭവം.

അഗാധമായ ഗർത്തത്തിലേക്ക് വീണ അർജുന്റെ നിലവിളി കേട്ടതോടെ സമീപത്തുണ്ടായിരുന്നവർ പൊലീസിലും വനംവകുപ്പിനെയും വിവരം അറിയിക്കുകയായിരുന്നു. ഉടൻ മലക്കപ്പാറ സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ജയ്‌സൺ, സിവിൽ പൊലീസ് ഓഫിസർമാരായ സുശാന്ത്, പ്രവീൺ, മലക്കപ്പാറ ഫോറസ്റ്റ് സ്റ്റേഷനിലെ വാച്ചർ ഗിരീഷ് എന്നിവർ സ്ഥലത്തെത്തി.

വഴുവഴുപ്പുള്ളതും അപകടകരവുമായ പാറക്കെട്ടുകൾ നിറഞ്ഞ പ്രദേശത്തുകൂടി താഴേക്ക് ഇറങ്ങുക എന്നത് ഏറെ ശ്രമകരമായിരുന്നു. ഈ സമയം, സ്ഥലത്തുണ്ടായിരുന്ന ടൂറിസ്റ്റ് ബസ് ഡ്രൈവർ അനുരാജും രക്ഷാപ്രവർത്തനത്തിൽ മുന്നിൽ നിന്നു. പൊലീസിനും വനംവകുപ്പ് ജീവനക്കാർക്കും ഒപ്പം അനുരാജും കൊക്കയിലേക്ക് ഇറങ്ങി.

യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളും ഇല്ലാതെ തന്നെ അതിസാഹസികമായി ഇവർ താഴ്ചയിലേക്ക് ഇറങ്ങിച്ചെന്നപ്പോൾ ശരീരം മുഴുവൻ പരിക്കേറ്റ നിലയിലാണ് അർജുനെ കണ്ടെത്തിയത്. വലിയ പ്രതിസന്ധികൾക്കിടയിലും ഏറെ ശ്രമകരമായി വടം ഉപയോഗിച്ച് അർജുനെ സുരക്ഷിതമായി ഇവർ മുകളിലേക്ക് എത്തിച്ചു. മണിക്കൂറുകൾ നീണ്ട ദുഷ്കരമായ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് വിനോദസഞ്ചാരിയെ രക്ഷപ്പെടുത്തിയത്.

തുടർന്ന് അടിയന്തര ശുശ്രൂഷകൾ നൽകിയ ശേഷം അർജുനെ വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി.

Tags:    
News Summary - Tourist Rescued from 30-Foot Deep Gorge in Malakkappara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.