തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി പുനഃസംഘടിപ്പിച്ചതായി ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. കെ.എസ്.ആർ.ടി.സിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിന്‍റെ ഭാഗമായി വിദഗ്ധരെ മാത്രം ഉൾപ്പെടുത്തി ഡയറക്ടർ ബോർഡ് പുനഃസംഘടിപ്പിക്കാനുള്ള ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിർദേശം മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.
കെ.എസ്.ആർ.ടി.സിയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനെക്കുറിച്ച് പഠിച്ച പ്രൊഫ. സുശീൽ ഖന്ന റിപ്പോർട്ടിൽ, മേഖലയിൽ വൈദഗ്ധ്യമുള്ളവരെ മാത്രം ഡയറക്ടർ ബോർഡിൽ നിയമിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഏഴ് ഔദ്യോഗിക അംഗങ്ങളും എട്ട് അനൗദ്യോഗിക അംഗങ്ങളും ഉൾപ്പെടെ 15 പേരുള്ള ബോർഡാണ് നിലവിലുണ്ടായിരുന്നത്. ഡയറക്ടർ ബോർഡ് രുപീകരണം സംബന്ധിച്ച് നിലവിലുള്ള കെ.എസ്.ആർ.ടി.സി നിയമാവലി പ്രകാരം ഏഴ് ഔദ്യോഗിക അംഗങ്ങളെയും രണ്ട് അനൗദ്യോഗിക അംഗങ്ങളെയും മാത്രം ഉൾപ്പെടുത്താൻ വ്യവസ്ഥയുള്ളപ്പോഴാണ് എട്ട് അനൗദ്യോഗിക അംഗങ്ങളെ ഉൾപ്പെടുത്തിയിരുന്നത്.
ഇതാണ് ഏഴ് വിദഗ്ധ അംഗങ്ങൾ മാത്രമുള്ള ഡയറക്ടർ ബോർഡായി പുനഃസംഘടിപ്പിച്ചത്. രണ്ട് അനൗദ്യോഗിക അംഗങ്ങൾ ഉൾപ്പെടുത്തുന്നതു സംബന്ധിച്ച് സർക്കാർ പിന്നീട് തീരുമാനിക്കും.
സംസ്ഥാന സർക്കാറിൽനിന്ന് കെ.എസ്.ആർ.ടി.സി എം.ഡി, ധനകാര്യ വകുപ്പ് സെക്രട്ടറി, ഗതാഗത വകുപ്പ് സെക്രട്ടറി, ഗതാഗത കമീഷണർ, നാറ്റ്പാക് ഡയറക്ടർ എന്നിവരും കേന്ദ്ര സർക്കാറിൽനിന്ന് ഗതാഗത ഹൈവേ മന്ത്രാലയം, റെയിൽവേ ബോർഡ് എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നതാണ് പുതിയ ഡയറക്ടർ ബോർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.