കേന്ദ്രമന്ത്രി വി. മുരളീധരനെ ട്രോളി ടി.ജി. മോഹൻദാസ്; ജാതിവാൽ ഇല്ലാത്തതാണ് അസൂയക്ക് കാരണമെന്ന് ബി.ജെ.പി ഭാരവാഹികൾ

കായംകുളം: മുതിർന്ന ബി.ജെ.പി നേതാവും കേന്ദ്ര സഹമന്ത്രിയുമായ വി. മുരളീധരനെ ട്രോളിയ സംഘ്പരിവാർ സൈദ്ദാന്തികൻ ടി.ജി. മോഹൻദാസിന്‍റെ നടപടി സൈബർ ഇടത്തിൽ ചുടേറിയ ചർച്ചയാകുന്നു. ഇതിലൂടെ ബി.ജെ.പിക്കുള്ളിലെ രൂക്ഷമായ വിഭാഗീയതയും മറനീക്കുകയാണ്. പ്രധാനമന്ത്രി രാജ്യസഭയിൽ എത്തുമ്പോൾ കാമറയിൽ വരത്തക്കവണ്ണം മുരളീധരൻ ഇടംപിടിക്കുമെന്നാണ് ടി.ജി. മോഹൻദാസ് കുറിച്ചത്.

ഇതിനെതിരെ മുരളീധര അനുയായികളായ സംസ്ഥാന സെക്രട്ടറിയും ദക്ഷിണ മേഖല സെക്രട്ടറിയും കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്. വാലുള്ള നേതാവല്ലാത്തതാണ് അദ്ദേഹത്തോടുള്ള എതിർപ്പിന് കാരണമെന്നാണ് ഇവരുടെ അഭിപ്രായം. 200-ാം പേർ പങ്കുവെച്ച പോസ്റ്റിൽ ആയിരത്തോളം പേരാണ് അഭിപ്രായങ്ങൾ എഴുതിയത്. അയ്യായിരത്തോളം പേർ ലൈക്കും ചെയ്തിട്ടുണ്ട്. നൂറുകണക്കിന് കമൻറുകളിലൂടെ ബി.ജെ.പിക്കുള്ളിൽ നടക്കുന്ന തർക്കങ്ങളും ജാതിയ വേർതിരിവുകളുമാണ് മറനീക്കുന്നതെന്നതാണ് ശ്രദ്ധേയം.

'പ്രധാനമന്ത്രി രാജ്യസഭയിൽ പ്രസംഗിക്കാൻ വരുമ്പോഴൊക്കെ നമ്മുടെ വി. മുരളീധരൻ യാദൃച്ഛികമെന്നവണ്ണം പുറകിൽ, സൈഡിലായി വീഡിയോയിൽ വരത്തക്കവിധം ഇരിക്കും. കാമറ ഏതാങ്കിളിൽ വെച്ചാലും മുരളി അതിൽ വരും. കൊള്ളാം! നല്ല സാമർഥ്യം. പക്ഷേ ഇത്തരം പെരുമാറ്റം ആരും മനസിലാക്കുന്നില്ല എന്ന് കരുതരുത് കേട്ടോ' എന്നായിരുന്നു ടി.ജി. മോഹൻദാസ് കുറിച്ചത്. തീരേ തരം താഴരുതെ.. മോഹൻ ദാസ് ജി, ഇത്തരം പോസ്റ്റുകൾ താങ്കളുടെ വില കുറക്കുന്നു, കഷ്ടം എന്നായിരുന്നു സംസ്ഥാന സെക്രട്ടറി കരമന ജയന്‍റെ പ്രതികരണം.


മുരളീധരൻ സംസ്ഥാന പ്രസിഡന്‍റായിരുന്ന കാലയളവിൽ ബൂത്ത്തലം മുതൽ അദ്ദേഹം നടത്തിയ പ്രവർത്തനങ്ങളാണ് കേരളത്തിൽ ബി.ജെ.പിക്കുണ്ടായ മുന്നേറ്റത്തിന് കാരണം. കേന്ദ്ര മന്ത്രിയായി പ്രവർത്തിക്കുമ്പോഴും സാധാരണ പ്രവർത്തകരുടെ ഭവനങ്ങൾ സന്ദർശിക്കുകയും അവർക്ക് കരുതലായി നിൽക്കുന്ന ഒരു നാഥനായിട്ടാണ് പ്രവർത്തിക്കുന്നത്. ജനങ്ങളോടൊപ്പം പ്രവർത്തിക്കുന്നതിലെ അസൂയിലാണ് ചില ടി.ജിമാർ പോസ്റ്റുകൾ ഇട്ട് അദ്ദേഹത്തെ തരം താഴ്ത്താൻ ശ്രമിക്കുന്നതെന്നും ജയൻ കുറിക്കുന്നു.

ബി.ജെ.പിക്ക് നേരെയുണ്ടായ വോട്ടുകച്ചവടം എന്ന പേരുദോഷം മാറിയത് മുരളീധരൻ പാർട്ടിയെ നയിച്ച കാലത്താണെന്ന് ദക്ഷിണ മേഖല സെക്രട്ടറി ബി. കൃഷ്ണകുമാറും കുറിച്ചു. എന്നാൽ അദ്ദേഹം വാലുള്ള പ്രസിഡന്‍റ് അല്ലായിരുന്നു. ഇതാണ് ചിലർക്ക് ദഹിക്കാൻ പ്രയാസം. മുരളീധരൻ ഓട് പൊളിച്ച് വന്നതല്ലെന്നും എം.പിയും മന്ത്രിയും ആയത് മുതലുള്ള ചൊറിച്ചിലാണ് പലരും പ്രകടിപ്പിക്കുന്നത്. യേട്ടൻ ഫാൻസ് എന്ന നിലയിൽ തങ്ങളെ ആക്ഷേപിക്കാൻ ആരും വരേണ്ടതില്ലെന്നും കൃഷ്ണകുമാർ എഴുതുന്നു. അങ്ങനെ വന്നാൽ രണ്ട് 'ഉണ്ടംപൊരിയാണ്' എന്ന പരിഹാസവുമുണ്ട്.

അതേസമയം, മോഹൻദാസിനെ അനുകൂലിച്ചും നിരവധി പേരാണ് രംഗത്തുള്ളത്. 'താങ്കൾ മുരളീധരനെ ശരിക്കും മനസിലാക്കിയല്ലോ, കേരളത്തിൽ ബി.ജെ.പി വളരാതിരിക്കാനുള്ള പ്രധാന കാരണക്കാരനും ഗ്രൂപ്പിസത്തിന്‍റെയും അധികാരത്തിന്‍റെയും പിന്നാലെ പോകുന്നയാൾ, ബി.ജെ.പിയെ കെ.ജെ.പിയാക്കിയ ആൾ തുടങ്ങിയ തരത്തിലാണ് സംഘ്പരിവാറുകാരിൽ നിന്നുതന്നെയുള്ള പ്രതികരണം.

അതേസമയം, പാർലമെൻററി കാര്യമന്ത്രി എന്ന നിലയിൽ നിശ്ചയിക്കപ്പെട്ട സ്ഥലത്താണ് അദ്ദേഹം ഇരിക്കുന്നതെന്നും അതിൽ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന തരത്തിലുള്ള പ്രതിരോധവുമായി മുരളീധര പക്ഷവും സജീവമാണ്. മറ്റുള്ളവർക്ക് ചെളി വാരിയെറിയാൻ സ്വന്തം മണ്ണ് തന്നെ കൊടുക്കണം. സ്വയം ബുദ്ധിജീവി എന്നൊരു തൂവൽ തലയിൽ കയറ്റരുതെന്ന തരത്തിലുള്ള വിമർശനവും ഉയരുന്നുണ്ട്.

Tags:    
News Summary - Union Minister V. Muraleedharan by trolley TG. Mohandas

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.